2 March 2026, Monday

Related news

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

യുദ്ധം മുറുകി : ഇറാനിൽ 555 മരണം

 മൂന്നാംദിനവും ഇറാന്‍ മിസൈല്‍ വര്‍ഷം
 നെതന്യാഹുവിന്റെ ഓഫിസില്‍ മിസൈല്‍ പതിച്ചു 
Janayugom Webdesk
ടെഹ്‌റാൻ/ടെല്‍ അവീവ്:
March 2, 2026 10:55 pm

പശ്ചിമേഷ്യയെ പടക്കളമാക്കി ഇറാന്‍-യുഎസ് ഇസ്രയേല്‍ യുദ്ധം മുറുകി, ഇറാനില്‍‌ യുഎസ്-ഇസ്രയേല്‍‌ ആക്രമണം ശക്തമാക്കി. മരണസംഖ്യ 550 കടന്നു. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണവും ശക്തമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന വ്യോമാക്രമണങ്ങളിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രാജ്യത്തെ 131 നഗരങ്ങളിൽ ഇതിനോടകം ആക്രമണം നടന്നതായും റിപ്പോർട്ടില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യ മന്‍സൂറ ഇന്നലെ മരിച്ചു
‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് കനത്ത പ്രഹരമേല്പിച്ചു. സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറ ലക്ഷ്യമാക്കി ഡ്രോണാക്രമണമുണ്ടായി. വന്‍ തീപിടിത്തത്തിന്റെയും കനത്ത പുക ഉയരുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നു. 

ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് കുവൈറ്റിലെ അമേരിക്കൻ എംബസി കോമ്പൗണ്ടിനുള്ളിൽ തീപിടിത്തവും പുകയും ദൃശ്യമായി. കുവൈറ്റിലുള്ള അമേരിക്കൻ പൗരന്മാരോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിര്‍ദേശം നൽകി. ഇറാഖിലെ യുഎസിന്റെ എർബിൽ എയർബേസിന് മുകളിൽ വലിയ കറുത്ത പുകപടലങ്ങൾ ഉയരുന്നതായി ഉപഗ്രഹ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് വന്‍ തീപിടിത്തമുണ്ടായി. മേഖലയിലെ അമേരിക്കൻ നാവികവ്യൂഹത്തെ തങ്ങളുടെ ആന്റി-ഷിപ്പ് മിസൈലുകൾ നിരന്തരം പിന്തുടരുകയാണെന്ന് ഐആർജിസി അറിയിച്ചു.
ടെല്‍ അവീവ്, ടെഹ്റാന്‍ നഗരങ്ങളിലേക്ക് ഇന്നലെയും ഇറാന്‍ നിരവധി മിസൈലുകള്‍ തൊടുത്തു. പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചു. രാജ്യത്ത് ഇതുവരെ 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ ആറ് മരണങ്ങളുമുണ്ടായി.
ഇറാനില്‍ പല ഇടങ്ങളിലായി ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ടെഹ്റാനില്‍ ഇന്നലെയും വന്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐആർജിസി കമാന്‍ഡ് ആസ്ഥാനം തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഖരത്തില്‍ പകുതിയിലേറെ നശിപ്പിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ കെര്‍മാന്‍ഷായ്ക്ക് സമീപം വലിയ സ്ഫോടനമുണ്ടായി.

അതേസമയം ഇസ്രയേലിനെതിരായ സൈനിക നീക്കങ്ങളില്‍ ഹിസ്ബുള്ളയും പങ്കാളിയായി. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി നിരവധി റോക്കറ്റുകളും ഡ്രോണുകളും തൊടുത്തു. മറുപടിയായി ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖി ഷിയാ പോരാളികളായ സരായ ഔലിയ അൽ‑ഡാം അവകാശപ്പെട്ടു. സിറിയയിലെ ദമാസ്കസിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണ് നാലുപേർക്ക് പരിക്കേറ്റു. ജോർദാനിലെ തീരദേശ നഗരമായ അഖബയിൽ ഒരു അമേരിക്കൻ യുദ്ധവിമാനം തകർന്നതായി റിപ്പോർട്ടുകളുണ്ട്. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ലണ്ടൻ അനുമതി നൽകിയതിന് പിന്നാലെ, അവിടുത്തെ വ്യോമസേനാ താവളത്തിന് നേരെ ഇന്നലെയും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar