4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
February 28, 2026
February 22, 2026
February 21, 2026
February 21, 2026
February 13, 2026
February 11, 2026
January 27, 2026

നേപ്പാളിൽ നാളെ പൊതുതെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ ലക്ഷങ്ങൾ സ്വദേശത്തേക്ക്

Janayugom Webdesk
കാഠ്മണ്ഡു
March 4, 2026 8:31 pm

അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പിന്നാലെ നേപ്പാൾ നാളെ പോളിംഗ് ബൂത്തിലേക്ക്. വോട്ട് രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ടുലക്ഷത്തോളം പേരാണ് തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. നേപ്പാളിലെ നിയമപ്രകാരം വോട്ടർമാർ തങ്ങൾ രജിസ്റ്റർ ചെയ്ത മണ്ഡലത്തിൽ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ. വിദേശത്തുള്ള നേപ്പാൾ സ്വദേശികൾക്ക് വോട്ടവകാശമില്ല.

2025 സെപ്റ്റംബറിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ അഴിമതിവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ പുറത്തായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 275 അംഗ പാർലമെന്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ പത്തുലക്ഷത്തോളം കന്നിവോട്ടർമാരുണ്ട്. സ്ഥാനാർത്ഥികളിൽ മൂന്നിലൊന്ന് ഭാഗവും 40 വയസ്സിൽ താഴെയുള്ളവരാണെന്നത് ശ്രദ്ധേയമാണ്. മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും മുൻ റാപ്പർ ബാലേന്ദ്ര ഷായും തമ്മിൽ ഝാപ്പ‑5 മണ്ഡലത്തിൽ നടക്കുന്ന പോരാട്ടമാണ് രാജ്യം ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ അവശ്യ സർവീസുകൾ ഒഴികെയുള്ള പൊതു-സ്വകാര്യ ഗതാഗതത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പും ഹോളി ആഘോഷവും പ്രമാണിച്ച് വെള്ളി വരെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഭരണഘടനയെ സംരക്ഷിക്കാനാണ് തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് യുവാക്കൾ പറയുമ്പോൾ, പരിചയസമ്പന്നരായ നേതാക്കൾ തന്നെ വരണമെന്നാണ് ഒരു വിഭാഗം മുതിർന്ന വോട്ടർമാരുടെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.