4 March 2026, Wednesday

പശ്ചിമേഷ്യൻ സംഘർഷം: സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമ്പോൾ

ജയ്സണ്‍ ജോസഫ്
March 5, 2026 5:00 am

പ്രതീക്ഷിച്ചതുപോലെ തന്നെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണികളിൽ നേരിട്ടുള്ള ഇടിവിന് കാരണമായി. യുദ്ധവാർത്തകളും അതിന്റെ വ്യാപനവും പുറത്തുവന്നതോടെ ക്രൂഡ് ഓയിൽ വില പത്തു ശതമാനത്തോളം കുതിച്ചുയർന്നു. പക്ഷെ, എണ്ണവിലയും അതുമൂലമുണ്ടാകുന്ന പണപ്പെരുപ്പവും മാത്രമല്ല ഇന്ത്യയെ വേട്ടയാടുന്നത്.
ഗ്രോത്ത്ഇൻവെസ്റ്റിങ്. ഇൻ സ്ഥാപകനും സ്മോൾകെയ്സ് മാനേജറുമായ നരേന്ദർ സിങ്ങിനെ കേൾക്കാം. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് “ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അതിജീവന പരീക്ഷണങ്ങളുടെ കാലമാണ്. ഊർജ സുരക്ഷ, രൂപയുടെ സ്ഥിരത, കമ്പനികളുടെ ലാഭക്ഷമത എന്നിവ വെല്ലുവിളി നേരിടുന്നു. വിപണി ഇപ്പോൾ എണ്ണവിലയോടാണ് പ്രതികരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കമ്പനികളുടെ പണമൊഴുക്കിനെ (Cash flows) കുറിച്ചാണ് ഗൗരവമായി ആശങ്കപ്പെടേണ്ടത്. ”
ഇന്ത്യയെ സംബന്ധിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവെങ്കിലും എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് സാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. വ്യാപാരം, വ്യോമയാനം, ഇൻഷുറൻസ്, കൃഷി, കൂടാതെ ഇന്ത്യൻ കോർപറേറ്റുകളുടെ ആഗോള സ്വപ്നങ്ങൾ എന്നിവയെയും ഇത്തരം പ്രതിസന്ധികൾ ബാധിക്കുന്നു.
ഇന്ത്യയുടെ മനുഷ്യവിഭവശേഷിയുടെ പ്രധാന കേന്ദ്രമാണ് ഗൾഫ് മേഖല. ഏഴ് ജിസിസി രാജ്യങ്ങളിൽ മാത്രമായി ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. സമീപകാലത്ത് ഇന്ത്യ ഈ രാജ്യങ്ങളുമായി തന്ത്രപരമായ ബന്ധങ്ങൾക്കപ്പുറം വ്യാപാരം, ബിസിനസ്, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. യു എ ഇ, ഒമാൻ എന്നിവയുമായി ഇതിനോടകം തന്നെ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ജി സി സി-യുമായി വലിയൊരു ഉടമ്പടിക്കായി ചർച്ചകൾ തുടരുകയും ചെയ്യുകയാണ്.
ഈ രാജ്യങ്ങളിലെ സമാധാനാന്തരീക്ഷം ഒറ്റരാത്രികൊണ്ട് തകർന്നുവെന്ന് മാത്രമല്ല, അവരുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ആഘാതം ഇന്ത്യയെയും അവരുമായുള്ള വിപുലമായ വ്യാപാരത്തെയും നേരിട്ട് ബാധിക്കും. യു എ ഇയെ പ്രത്യേകമായി എടുത്താൽ, കേരളത്തിൽ നിന്നുള്ള കുരുമുളകും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളും മുതൽ ഇന്ത്യൻ നിർമ്മിത ഇലക്ട്രോണിക് ഉല്പന്നങ്ങൾ വരെ അവിടെ എത്തുന്നുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ദശലക്ഷം ഡോളർ കടന്നിരുന്നു. ഇതിൽ ഭൂരിഭാഗവും പെട്രോളിയം ഇതര ഉല്പന്നങ്ങളുമായിരുന്നു.
യാത്രാ-വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിക്കും. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര നഗരമാണ് ദുബായ്. നിലവിലെ സാഹചര്യത്തിൽ ഇതിന് മാറ്റം വരും. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിൽ ഒന്നായ ഇന്ത്യ‑യു എ ഇ സെക്ടറിൽ മാസം 20 ലക്ഷത്തിലധികം യാത്രക്കാരാണുള്ളത്. ഗൾഫ് ആകാശപാതകൾ കഴിഞ്ഞ നാലു ദിവസങ്ങളായി അടഞ്ഞുകിടക്കുകാണ്. ഇരുവശങ്ങളിലുമുള്ള വിമാനത്താവളങ്ങളിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുകയുമാണ്.
വ്യോമയാന മേഖലയുടെ പുനർനിർണയമാണ് നിലവിലെ വലിയ ആശങ്ക. ‘ഓപ്പറേഷൻ സിന്ദൂർ’ മുതൽ പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കുന്നതിന് എയർ ഇന്ത്യയ്ക്ക് വിലക്കുണ്ട്. ഇപ്പോൾ ഇറാൻ, അറേബ്യൻ ഉപദ്വീപ് വ്യോമപാതകൾ കൂടി തടസ്സപ്പെടുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ആഗോള മോഹങ്ങളെയും പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെയും ബാധിക്കും. കൂടാതെ ഹോർമുസ് കടലിടുക്കിലെ ഉപരോധം ചരക്ക് ഇറക്കുമതി സാവധാനത്തിലാക്കുകയും ചെലവേറിയതാക്കുകയും ചെയ്യും. ഷിപ്പിങ് കമ്പനികൾക്ക് റൂട്ട് മാറ്റുന്നത് വഴി സമയനഷ്ടവും ഉയർന്ന ഇൻഷുറൻസ് തുകയും വഹിക്കേണ്ടി വരും.
ആദ്യത്തെ ആഘാതം ഉപഭോഗത്തിലല്ല, മറിച്ച് കോർപറേറ്റ് ലാഭത്തിലായിരിക്കും പ്രതിഫലിക്കുക. വിമാനക്കമ്പനികളുടെ ലാഭം ഉടൻ കുറയും. കെമിക്കൽ, പെയിന്റ് മേഖലകളിൽ ഉല്പാദനച്ചെലവ് കൂടും. എഫ്എംസിജി കമ്പനികൾ ഗതാഗത‑പാക്കിങ് ചെലവുകൾ വർദ്ധിക്കുന്നത് വഴി പ്രതിസന്ധിയിലാകും. വിപണി സൂചികകൾ തകരുന്നതിനേക്കാൾ വലിയ അപകടം കമ്പനികളുടെ ലാഭവിഹിതം കുറയുന്നതിലായിരിക്കും, ഓഹരി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന സാഹചര്യവും ഗൗരവമാണ്.
രൂപയുടെ മൂല്യത്തകർച്ചയാണ് മറ്റൊരു പേടിസ്വപ്നം. കഴിഞ്ഞ ആഴ്ചകളിൽ ചെറിയ വീണ്ടെടുപ്പിന് ശ്രമിച്ചെങ്കിലും രൂപ ഇപ്പോൾ വീണ്ടും താഴേയ്ക്കാണ്. ശക്തമായ ഡോളർ ഇന്ത്യക്ക് സമ്മാനിക്കുന്നത് കേവലം ചെലവ് വർധനവ് മാത്രമല്ല, വിദേശ നിക്ഷേപം കുറയ്ക്കുന്നതിനും കാരണമാകും. എണ്ണവിലയും ഡോളറും ഒരേസമയം ഉയരുന്നത് റിസർവ് ബാങ്കിന്റെ തീരുമാനങ്ങളെയും പ്രതിസന്ധിയിലാക്കും.
ഇന്ത്യയുടെ ഐടിമേഖലയ്ക്കും ഇത് ഇരട്ട പ്രഹരമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ വിപുലീകരണ പദ്ധതികളെയും ടെക് ചെലവുകളെയും മന്ദീഭവിപ്പിക്കും. ഇതിനുപുറമെ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഇന്ത്യയെ ഭയപ്പെടുത്തുന്നു. ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ബിസിനസ്-സാമൂഹിക ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ പ്രതിസന്ധി ഇന്ത്യയിൽ ഡൊമിനോ പ്രഭാവത്തിന് (ഒരു ചെറിയ സംഭവം തുടർച്ചയായി സമാനമായ പല സംഭവങ്ങളിലേക്ക് വഴിതുറക്കുന്ന അവസ്ഥ) കാരണമായേക്കാം. വിപണിയിലെ ഓഹരി വിലകൾ കുറയുന്നതിനേക്കാൾ വലിയ അപകടം കമ്പനികളുടെ പ്രവർത്തന ലാഭത്തെ (Oper­at­ing Prof­it) ബാധിക്കുന്നതാണ്. ഇതിനെ പ്രധാനമായും മൂന്ന് തരത്തിൽ തിരിക്കാം:
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം (Input Cost Volatil­i­ty) ഇന്ത്യൻ കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എണ്ണവില വർധനവാണ്. പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ 50 ശതമാനത്തോളം ക്രൂഡ് ഓയിൽ ഉല്പന്നങ്ങളാണ്. എണ്ണവില കൂടുമ്പോൾ ഇവരുടെ ലാഭം കുത്തനെ കുറയും. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനികൾക്ക് പാക്കിങ് (Plas­tic) ചെലവുകളും അസംസ്കൃത വസ്തുക്കളുടെ വിലയും വർധിക്കുന്നു. ഇത് പെട്ടെന്ന് ഉപഭോക്താക്കളിലേക്ക് കൈമാറാൻ (Price hike) അവർക്ക് കഴിയില്ല. അതിനാൽ ലാഭം ഇടിയും.
വിമാനക്കമ്പനികളുടെ ചെലവിൽ 40% വരെ വിമാന ഇന്ധനമാണ് (ATF). എണ്ണവില കൂടിയതോടെ ഇവരുടെ ലാഭം ഉടൻ കുറയും (Imme­di­ate mar­gin com­pres­sion). കൂടാതെ ഗൾഫ് വ്യോമപാത അടഞ്ഞതോടെ റൂട്ട് മാറ്റുന്നത് വഴി കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ടിവരും. ഷിപ്പിംഗ് റൂട്ടുകൾ മാറിയതോടെ ഇൻഷുറൻസ് തുകയും (War risk pre­mi­um) ചരക്ക് കൂലിയും വർധിച്ചു. ഇത് ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയുടെ ലാഭക്ഷമതയെ ബാധിക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കൂട്ടും. കമ്പനികൾ ഡോളറിൽ പണം നൽകേണ്ടി വരുമ്പോൾ അവരുടെ ബജറ്റിനെ അത് സാരമായി ബാധിക്കുന്നു. വിദേശ നിക്ഷേപകർ (FPI) പണം പിൻവലിക്കുന്നത് കമ്പനികൾക്ക് പുതിയ മൂലധനം കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു. പ്രതിസന്ധികൾ ഒന്നൊന്നായി കുമിഞ്ഞുതുടങ്ങുകയാണ്.
ഹോർമുസ് കടലിടുക്കിൽ കൂടിയുള്ള ചരക്കുനീക്കം തടസപ്പെടുന്നതും ഗൾഫിൽ ക്രൂഡ്ഓയിൽ ഉല്പാദനം കുറയുന്നതും എണ്ണ ലഭ്യതയെ ബാധിക്കും. ഇത് എണ്ണവില വർധിക്കുന്നതിലേക്ക് നയിക്കും. ഇന്ത്യയിൽ പെട്രോൾ, ഡീസൽവില ഉയരാൻ പ്രതിസന്ധി കാരണമാകും. ഇന്ധനവില വർധിച്ചാൽ ചരക്കുനീക്കം കൂടുതൽ ചെലവേറിയതാകും. ഇതുവഴി എല്ലാ അവശ്യസാധനങ്ങളുടെയും വില ഉയരും. കേരളത്തിലെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റിക്കാൻ ഗൾഫിലെ പ്രതിസന്ധി വഴിയൊരുക്കും.
ഇറാനിൽ നിന്ന് ഇന്ത്യ കൂടുതലായി വാങ്ങുന്നത് വി വിധതരം ഡ്രൈഫ്രൂട്ട്സു കളാണ്. ഈന്തപ്പഴം കൂടു തലായി ഇന്ത്യയിലേക്ക് വരുന്നത് ഇറാനിൽ നി ന്നാണ്. ഇസ്ലാം മതവി ശ്വസികൾ നോമ്പ് ആചരി ക്കുന്ന സമയമാണിത്. ഈ ന്തപ്പഴം അടക്കമുള്ളവ ഇ ന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ഈ കാലയളവിലാണ്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഇവയുടെ വരവ് പൂർണമായി തന്നെ നിലച്ചേക്കും. കേരള മാർക്കറ്റിൽ അടക്കം ഈ ന്തപ്പഴം, പിസ്ത, കിസ്മിസ്, ബദാം എന്നിവയുടെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും ഇടയാകും.
ഇറാനിലേക്ക് ഇന്ത്യ കൂടുതലായും കയറ്റുമതി ചെയ്യുന്നത് അരി ഉല്പന്നങ്ങളാണ്. ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന മാർക്കറ്റുകളിലൊന്നാണ് ബസുമതി അരി. ഇറാനിൽ അരക്ഷിതാവസ്ഥ ഉടലെടുത്തതോടെ ടൺ കണക്കിന് അരിയാണ് വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്. ഇന്ത്യൻ കാർഷികമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് സംഘർഷം വഴിയൊരുക്കും.
2025ൽ 1.2 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ഇറാനിലേക്ക് നടത്തിയത്. ഇതിൽ 747 മില്ല്യണ്‍ ഡോളറിന്റേത് കാർഷിക ഉല്പന്നങ്ങളായിരുന്നു. വിവിധയിനം പഴങ്ങൾ, ചായപ്പൊടി എന്നിവയും ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ടൺ കണക്കിന് ഉള്ളി കയറ്റുമതി നടത്തിയിരുന്നു. റംസാൻ കാലഘട്ടത്തിൽ കയറ്റുമതി അതിന്റെ ഉയർന്ന തലത്തിൽ നില്ക്കേണ്ടതായിരുന്നു. എന്നാൽ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രതിസന്ധി രൂപപ്പെട്ടതോടെ കയറ്റുമതി നിലച്ച മട്ടാണ്. വിവിധയിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ഉള്ളിയാണ് കെട്ടിക്കിടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.