
മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ പവാർ കുടുംബത്തിലെ രണ്ട് തലമുറകൾ ഒരേസമയം പാർലമെന്റിലെത്തുന്നു. എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും(85) അദ്ദേഹത്തിന്റെ കൊച്ചുമകൻ പാർത്ഥ് പവാറും(35) മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇതോടെ പവാർ കുടുംബത്തിൽ നിന്ന് ശരദ് പവാർ, മകൾ സുപ്രിയ സുലെ, പാർത്ഥ് പവാർ എന്നിങ്ങനെ മൂന്ന് പേർ പാർലമെന്റിൽ അംഗങ്ങളാകും.
വിമാന അപകടത്തിൽ അന്തരിച്ച മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൂത്ത മകനാണ് പാർത്ഥ് പവാർ. അജിത് പവാറിന്റെ മരണത്തെത്തുടർന്ന് നിലവിൽ രാജ്യസഭാംഗമായ സുനേത്ര പവാർ ആ സ്ഥാനം രാജിവെച്ച് ബാരാമതിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ്. ഈ ഒഴിവിലേക്കാണ് പാർത്ഥ് പവാറിനെ അജിത് പവാർ വിഭാഗം എൻസിപി നാമനിർദ്ദേശം ചെയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് പാർത്ഥ് പവാർ പരാജയപ്പെട്ടിരുന്നു.
ഏഴ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനും ഒരു സീറ്റ് മഹാവികാസ് അഘാഡിക്കും (എംവിഎ) ലഭിക്കും. കോൺഗ്രസിന്റെയും ശിവസേനയുടെയും (യുബിടി) പിന്തുണയോടെയാണ് മുതിർന്ന നേതാവ് ശരദ് പവാർ മൂന്നാം തവണയും രാജ്യസഭയിലേക്ക് എത്തുന്നത്. മഹായുതി സഖ്യത്തിൽ നിന്ന് പാർത്ഥ് പവാറിന് പുറമെ, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, ഗോത്രവർഗ്ഗ നേതാവ് മായ ചിന്താമൻ ഇവ്നാതെ, ധൻഗർ വിഭാഗത്തിൽ നിന്നുള്ള രാംറാവു വാദ്കുട്ടെ എന്നിവർ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും. കൂടാതെ ആർപിഐ (എ) നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെയ്ക്ക് ബിജെപി വീണ്ടും അവസരം നൽകി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അംബേദ്കർ പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായ ഡോ. ജ്യോതി വാഘ്മെയെ സ്ഥാനാർത്ഥിയാക്കി എല്ലാവരെയും അമ്പരപ്പിച്ചു.
പൊതുരംഗത്ത് 60 വർഷം പൂർത്തിയാക്കിയ ശരദ് പവാർ, നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭ, നിയമനിർമ്മാണ കൗൺസിൽ, ലോക്സഭ, രാജ്യസഭ എന്നിങ്ങനെ ഇന്ത്യയിലെ നാല് നിയമനിർമ്മാണ സഭകളിലും അംഗമായ അപൂർവ്വം നേതാക്കളിൽ ഒരാളാണ് അദ്ദേഹം. പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണിയുടെ നിർണ്ണായക ശക്തിയായാണ് പവാർ വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.