
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങൾക്കും മെട്രോ സ്റ്റേഷനുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ 28കാരനായ പശ്ചിമ ബംഗാൾ സ്വദേശിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ന്യൂ ബാരക്പൂർ സ്വദേശിയായ സൗരവ് ബിശ്വാസ് ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അമ്പതിലധികം ഭീഷണി സന്ദേശങ്ങൾ അയച്ച് പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ഇയാൾ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈയ്ക്ക് പുറമെ ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇമെയിലുകൾ അയച്ചിരുന്നത്. ഫെബ്രുവരി 27ന് രാവിലെ മുംബൈയിലെ സ്കൂളുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും ലഭിച്ച സന്ദേശത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് മുംബൈ ദിൻഡോഷി പൊലീസ് നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇമെയിലിന്റെ ഉറവിടം ബംഗാളാണെന്ന് കണ്ടെത്തിയത്.
നേരത്തെ ഫെബ്രുവരി 16ന് അഹമ്മദാബാദിലെ അധികൃതർക്കും ഇയാൾ സമാനമായ സന്ദേശം അയച്ചിരുന്നു. ഈ കേസിൽ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് മാർച്ച് ഒന്നിന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് മുംബൈ പൊലീസിന് കൈമാറുകയും ചെയ്തു. വെറുമൊരു വ്യാജ ഭീഷണി മുഴക്കുകയായിരുന്നോ അതോ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൃത്യമായ ഉദ്ദേശം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.