
ഇറാനുമേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനികാക്രമണങ്ങൾക്ക് യൂറോപ്യൻ യൂണിയന്(ഇയു) ഭരണകൂടങ്ങൾ നല്കുന്ന പിന്തുണയെ എതിര്‍ത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക ഇടപെടലുകൾ പശ്ചിമേഷ്യയിൽ ജനാധിപത്യമല്ല, മറിച്ച് വിനാശമാണ് വിതച്ചതെന്ന് ബെൽജിയത്തിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗം മാർക്ക് ബോട്ടെംഗ തുറന്നടിച്ചു. യുഎസ്-ഇസ്രയേൽ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സൈപ്രസിലെ രണ്ട് ബ്രിട്ടീഷ് വ്യോമസേനാ താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നിലപാടിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമായി. 2003‑ലെ ഇറാഖ് അധിനിവേശത്തിന് ടോണി ബ്ലെയർ നൽകിയ അന്ധമായ പിന്തുണയാണ് ഇപ്പോൾ സ്റ്റാർമർ ആവർത്തിക്കുന്നതെന്ന് മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വിമർശിച്ചു. ആണവായുധങ്ങൾ കൈവശമുള്ള അമേരിക്കയും ഇസ്രയേലും നടത്തുന്ന കടന്നുകയറ്റത്തെ അപലപിക്കാത്ത യൂറോപ്യൻ യൂണിയൻ നടപടി യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്ന് സ്പാനിഷ് പാർട്ടിയായ ‘പോഡെമോസ്’ കുറ്റപ്പെടുത്തി. യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലിയെനിന് പെഡമോസ് എംഇപിമാരായ ഐറിന് മൊന്റേറൊയും ഇസബെല്‍ സെറയും ചേര്‍ന്നെഴുതിയ കത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
രണ്ട് ആണവശക്തികളായ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണം യുഎൻ ചാർട്ടറിനും ഇറാന്റെ പരമാധികാരത്തിനും പ്രാദേശിക‑ആഗോള സമാധാനത്തിനും എതിരായ ഗുരുതരമായ കടന്നുകയറ്റവും കുറ്റകൃത്യവുമാണ്, ക്യൂബയ്ക്കെതിരായ ഉപരോധം തുടരുകയും ആളുകളെ പട്ടിണിക്കിടുകയും ഗാസയിൽ വംശഹത്യ തുടരുകയും ഗ്രീൻലാൻഡ് കൈയ്യടക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് അമേരിക്കയുടെ നീക്കങ്ങള്‍. യൂറോപ്യൻ യൂണിയൻ നാറ്റോയുടെ വെറും കളിപ്പാവയായി മാറിയെന്നും, ഗാസയിൽ വംശഹത്യ തുടരുന്ന അമേരിക്കയുടെ താത്പര്യങ്ങൾക്ക് വേണ്ടി യൂറോപ്പിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും ഇടതുപക്ഷ പ്രതിനിധികൾ കത്തിൽ ആവശ്യപ്പെട്ടു. അമേരിക്കൻ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും നാറ്റോയിൽ നിന്ന് പുറത്തുപോകണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്ന സമാധാനത്തിലൂന്നിയ ഒരു പ്രദേശം കെട്ടിപ്പടുക്കണമെന്നും ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രചരിപ്പിച്ച ആഹ്വാനങ്ങൾ കത്തിൽ മോണ്ടെറോയും സെറയും ആവർത്തിച്ചു. യൂറോപ്പിലെ ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ സംഘർഷങ്ങളിലേക്ക് നമ്മെ വലിച്ചിഴയ്ക്കുകയാണെന്നും അവർ കത്തില്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസും (കെകെഇ) ഓൾ-വർക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ടും (പിഎഎംഇ) ഇക്കാര്യം ആവർത്തിച്ചു. ഗ്രീസിലെ അമേരിക്കൻ താവളങ്ങൾ അടച്ചുപൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. താവളങ്ങളുടെ സാന്നിധ്യം തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കുന്നു.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണയ്ക്കാൻ താവളങ്ങൾ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചതിന് പിന്നാലെ സൈപ്രസിലെ രണ്ട് ബ്രിട്ടീഷ് വ്യോമസേനാ താവളങ്ങൾക്ക് ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചത് ഈ ആശങ്കകൾ ശരിയാണെന്ന് തെളിയിക്കുന്നതാണ്.
എല്ലാ നിയമവിരുദ്ധ യുദ്ധങ്ങൾക്കും എതിരാണ്. ഇറാനെതിരായ ആക്രമണം പ്രാദേശിക അസ്ഥിരത മുതൽ എണ്ണവില വർധന വരെ ആഗോളതലത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് എല്ലായിടത്തുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ബാധിക്കും. അമേരിക്ക അഫ്ഗാനിസ്ഥാനും ഇറാഖും ലിബിയയും ബോംബിട്ട് നശിപ്പിച്ചു, വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.