5 March 2026, Thursday

Related news

March 5, 2026
February 5, 2026
January 23, 2026
December 19, 2025
December 14, 2025
November 10, 2025
November 9, 2025
November 5, 2025
October 28, 2025
October 12, 2025

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യൻ തൊഴിലാളികളുടെ ജീവിതവും വരുമാനവും ആശങ്കയിൽ

Janayugom Webdesk
ന്യൂഡൽഹി
March 5, 2026 10:13 pm

ഇസ്രയേലും അമേരിക്കയും ഇറാനുനേരെ നടത്തിയ ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ യുദ്ധസാഹചര്യം ശക്തമാകുന്നത് ഇന്ത്യയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും അവർ നാട്ടിലേക്കയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നിലനില്പും ഇപ്പോൾ വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഗൾഫ് മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണങ്ങൾ ഉണ്ടായതോടെ മേഖലയിലെ വിമാനത്താവളങ്ങളും ഓഹരി വിപണികളും ഭാഗികമായി നിശ്ചലമായി. 

യുഎഇയിൽ മാത്രം ഏകദേശം 44 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇതിൽ പകുതിയോളം മലയാളികളാണ്. യുദ്ധം നീണ്ടുപോയാൽ നിർമ്മാണം, ടൂറിസം, വിനോദം എന്നീ മേഖലകൾ തകരാൻ സാധ്യതയുള്ളതിനാൽ ആയിരക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 1970കളിലെ എണ്ണക്കമ്പനി വളർച്ചയ്ക്ക് ശേഷം ഗൾഫ് മേഖല ദക്ഷിണേഷ്യയുടെ വികാസത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഗൾഫിൽ നിന്ന് വർഷം തോറും ഇന്ത്യയിലേക്ക് എത്തുന്ന 135 ബില്യൺ ഡോളറിൽ (ഏകദേശം 11 ലക്ഷം കോടി രൂപ) വലിയൊരു ഭാഗം ഗൾഫ് മേഖലയിൽ നിന്നാണ്. ഈ വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.

ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 1.5 കോടി ഇന്ത്യക്കാർ വിദേശത്ത് ജോലി ചെയ്യുന്നു. ഇതിൽ പകുതിയിലധികം പേരും ഗൾഫ് രാജ്യങ്ങളിലാണ്. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ഇന്ത്യക്കാർ ഈ മേഖലയിലുണ്ട്. പെട്ടെന്നൊരു മടങ്ങിപ്പോക്ക് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും, സംഘർഷം നീണ്ടുനിന്നാൽ അത് ഗൾഫ് സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യക്കാരുടെ തൊഴിലിനെയും മോശമായി ബാധിക്കും. നാട്ടിലേക്ക് പണമയക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വർഷം തോറും ഏകദേശം 125 ബില്യൺ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്. ഇത് ഇന്ത്യൻ രൂപയുടെ മൂല്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഗൾഫിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് ഇടിഞ്ഞു. നിലവിൽ ഒരു യുഎസ് ഡോളറിന് 92.30 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ഒമാനിലും മറ്റും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർ പോലും തങ്ങളുടെ വരുമാനത്തിന്റെ പകുതിയിലധികം നാട്ടിലേക്ക് അയക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ പല ചെറുകിട നഗരങ്ങളുടെയും വികസനം ഈ പ്രവാസി പണത്തെ ആശ്രയിച്ചാണ്. എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ അയക്കുന്ന ഡോളര്‍ ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. പശ്ചിമേഷ്യന്‍ സാഹചര്യം മോശമായാൽ അത് ഇന്ത്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ഒരുപോലെ തളർത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.