
പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. പരസ്യമായി തന്നെ സ്ഥാനാര്‍ത്ഥി മോഹികള്‍ രംഗത്തു എത്തിയിരിക്കുകയാണ്. കനഗോലുവിന്റെ പ്രതിനിധി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി കൂടിയായ അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് താലപര്യം. എന്നാല്‍ പത്തനംതിട്ട ജില്ലയിലെയും, ആറന്മുള മണ്ഡലത്തിലേയും പ്രവര്‍ത്തകരും സ്ഥാന മോഹികളായ നേതാക്കളും പരസ്യമായും, ചില മുതിര്‍ന്ന നേതാക്കള്‍ രഹസ്യമായും പ്രതിഷേധമായി എത്തിയിരിക്കുന്നു. നേതാക്കളുടെ പിന്തുണയോടെ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.‘അബിൻ വർക്കിയെ പത്തനംതിട്ടയിൽ വേണ്ട’ എന്ന വാചകങ്ങളുമായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ വിവിധ സ്ഥലങ്ങളിലും പത്തനംതിട്ട ഡിസിസി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
അബിന്‍ വര്‍ക്കിക്കെതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായിട്ടാണ് നേതാക്കള്‍ രംഗത്തുള്ളത്. ഐ വിഭാഗത്തില്‍ രമേശ് ചെന്നിത്തലയുടെ അടുത്ത ആളുകൂടിയാണ് അബിന്‍ വര്‍ക്കി. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അബിന്‍ വര്‍ക്കിയെ വെട്ടിയാണ് മറ്റൊരാളെ കൊണ്ടുവന്നത്. കെ സിയുടെ മറ്റൊരു അനുയായിയായ ബിനു ചുള്ളിയിലിനെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വര്‍ക്കിംങ്ങ് പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ച് നിയമിക്കുകയും ചെയ്തു. അവിടെയും അബിയെ കെ സി ഒതുക്കുകയായിരുന്നു. ആറന്മുള സീറ്റില്‍ പത്തനംതിട്ട ജില്ലയിലെ കെസി ഗ്രൂപ്പിലെ പ്രധാനിയായ കെപിസിസി ഭാരവാഹി പഴകുളം മധു നോട്ടമിട്ടിരുന്നു. എ ഗ്രൂപ്പില്‍ നിന്ന് നിരിവധി പേരാണ് ആറന്മുള സീറ്റില്‍ കണ്ണും നട്ടിിരിക്കുന്നത്.
രണ്ടു പ്രാവശ്യം വീണാ ജോര്‍ജ്ജിനോട് പരാജയപ്പെട്ട ശിവദാസന്‍നായരും കിട്ടിയാല്‍ മത്സരിക്കാന്‍ താല്പര്യംഉണ്ട്. പാര്‍ട്ടി സമ്മതിച്ചാല്‍ മുന്‍ രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാനായിരുന്ന മുതിര്‍ന്ന നേതാവ് പി ജെ കുര്യനും താല്പര്യമുണ്ട്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന് കോന്നിയില്ലെങ്കില് ആറന്മുള നോട്ടമുണ്ട്. യൂത്ത് കോണ്‍ഗ്രസിലെ പലര്‍ക്കം ഈ സീറ്റ് ആഗ്രഹിക്കുന്നുണ്ട്. പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കാൻ അനുവദിക്കില്ലെന്ന നലിപാടിലാണ് ഇവിടുത്തെ പ്രവര്‍ത്തകര്‍.ഇതിനിടയിലാണ് അബിൻ വർക്കി മണ്ഡലത്തിൽ സജീവമാകാൻ ശ്രമിച്ചത്. ഇത് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ കോൺഗ്രസിനുള്ളിലെ തർക്കം പരസ്യമായത് പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. ഗ്രൂപ്പ് വൈരാഗ്യവും ‘കെട്ടിയിറക്കൽ’ വിവാദവും ആറന്മുളയിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.