
2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു ദിവസ സന്ദര്‍ശനത്തിനായി പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് 33 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനും അനുബന്ധ പരിപാടികള്‍ക്കുമായാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകനായ മഞ്ജുനാഥ് ഹിരേചൗട്ടിക്ക് ലഭിച്ച മറുപടിയിയില്‍ വ്യക്തമാക്കുന്നു.
ശിവമോഗയിലെ വിമാനത്താവള ഉദ്ഘാടന ചടങ്ങുകള്‍ക്കായി മാത്രം 18.81 കോടി ചെലവാക്കി. പരിപാടിക്കായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കുന്നതിന് 1,800 ബസുകളാണ് വാടകയ്ക്കെടുത്തത്. ഇതിനായി 4.11 കോടി ചെലവഴിച്ചു. പ്രധാന വേദിയിലെ വാട്ടര്‍പ്രൂഫ് പന്തല്‍, ഗ്രീന്‍ റൂം, പുഷ്പാലങ്കാരങ്ങള്‍ എന്നിവയ്ക്കായി 1.8 കോടിയാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയത്. ബെലഗാവിയില്‍ നടത്തിയ റോഡ് ഷോയ്ക്കും മറ്റ് പരിപാടികള്‍ക്കുമായി 14.35 കോടി അധികമായി ചെലവിട്ടു. ഇതില്‍ ആളുകളെ എത്തിക്കാന്‍ 2.5 കോടിയുടെ ബസ് വാടക ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വേദി ഒരുക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ നടപടികള്‍ പാലിച്ചില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വികസന പദ്ധതികളുടെ ഉദ്ഘാടനം രാഷ്ട്രീയ പ്രചാരണ വേദികളാക്കി മാറ്റുകയാണെന്ന് മഞ്ജുനാഥ് ആരോപിച്ചു. 2023 മാര്‍ച്ചില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഈ വര്‍ഷം ജനുവരിയിലാണ് മറുപടി ലഭിച്ചത്. നേരത്തെ മോഡിയുടെ മൈസൂരു സന്ദര്‍ശനത്തിനായി 56 കോടി രൂപ ചെലവാക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.