
ഉന്നതവും നിർമ്മാണ വൈഭവവുമാകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആനക്കാംപൊയിൽ — മേപ്പാടി തുരങ്കപാത നിർമ്മാണത്തിന്റെ പാറ തുരയ്ക്കലിനുള്ള ആദ്യ വിസ്ഫോടനം ഇന്നലെ നടക്കുകയുണ്ടായി. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. നാലുവർഷം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാനത്തിന് ബഹുവിധ സൗകര്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിനാണ് തുടക്കമായത്.
8.75 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം പൂർത്തിയാകുന്നതോടെ മേപ്പാടിയിലേക്കുള്ള ദൂരം 22 കിലോമീറ്ററായി കുറയും. മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. വയനാട് യാത്രയിലെ പ്രധാന കടമ്പയായ താമരശേരി ചുരത്തിലെ ഗതാഗത തടസമുൾപ്പെടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും കർണാടകയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനും സുഗമ ഗതാഗതം സാധ്യമാക്കുന്നതിനും അവസരമൊരുങ്ങുകയും ചെയ്യും.
വികസന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനായി കേരളം അവതരിപ്പിച്ച കിഫ്ബിയിലൂടെ പണം കണ്ടെത്തി നടപ്പിലാക്കുന്ന വൻകിട പദ്ധതികളിൽ ഒന്നെന്ന പ്രത്യേകതയും ആനക്കാംപൊയിൽ — മേപ്പാടി തുരങ്കപാതയെ വേറിട്ടതാക്കുന്നു.
2134.5 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. ഖനന പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ സജ്ജീകരണങ്ങൾ ഇതിനകംതന്നെ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി 150 കോടിയോളം രൂപ വിനിയോഗിച്ചതായാണ് സംസ്ഥാന നിയമസഭയിൽ ചോദ്യത്തിനുള്ള ഉത്തരമായി അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 250 മെട്രിക് ടൺ നിർമ്മാണ ശേഷിയുള്ള ക്രഷർ പ്ലാന്റ് ജനുവരി 16ന് കമ്മിഷൻ ചെയ്തു. മണിക്കൂറിൽ 90 ക്യൂബിക് മീറ്റർ ശേഷിയുള്ള ബാച്ചിങ് പ്ലാന്റ്, ഗുണനിലവാര നിയന്ത്രണ ലബോറട്ടറി, ഓഫിസ് എന്നിവയുടെ നിർമ്മാണം പൂർത്തീകരണത്തിലെത്തി. 350 തൊഴിലാളികൾക്കായുള്ള ലേബർ ക്യാമ്പ്, രണ്ട് ടാം റോക്ക് ഡബിൾ ബൂം എന്നിവ കൂടാതെ ഡമ്പറുകൾ, എസ്കവേറ്ററുകൾ, റോക്ക് ബ്രാക്കറ്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചു.
ഇവയെല്ലാം ചേർന്നുള്ള നിർമ്മാണോദ്ഘാടനം 2025 ഓഗസ്റ്റ് 31നാണ് നടന്നത്. കൃത്യം എട്ടുമാസങ്ങൾ പിന്നിടുമ്പോൾ തുരങ്ക നിർമ്മാണത്തിന്റെ സുപ്രധാന ഘട്ടമായ മലതുരക്കൽ ജോലിയും ആരംഭിച്ചിരിക്കുന്നു. കൃത്യമായ ആളവിലും ആഴത്തിലും പാറ തുരയ്ക്കുന്നതിന് റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചുള്ള ഓസ്ട്രേലിയൻ സാങ്കേതികവിദ്യയായ കട്ട് ആന്റ് കവർ രീതിയാണ് അവലംബിക്കുന്നത്. എല്ലാ മുൻകൂർ സജ്ജീകരണങ്ങളും ദ്രുതഗതിയിൽ പൂർത്തീകരിക്കാനായെങ്കിലും കേന്ദ്ര വനം — പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് രണ്ടാംഘട്ട ക്ലിയറൻസ് അടുത്തിടെയാണ് ലഭിച്ചത് എന്നതിനാലാണ് തുരങ്ക നിർമ്മാണം ഇതുവരെ ആരംഭിക്കാൻ സാധിക്കാതെ പോയത്.
പുരോഗതിയുടെയും വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ചരിത്ര യാത്രയിൽ വിസ്മയങ്ങൾ തീർത്ത നാടാണ് കേരളം. അസാധ്യമെന്ന് കരുതിയിരുന്ന നിർമ്മാണങ്ങളും നിയമങ്ങളും ഇച്ഛാശക്തിയിലൂടെയും ഭരണപാടവംകൊണ്ടും യാഥാർത്ഥ്യമാക്കിയതിന്റെ അടയാളങ്ങൾ നിരവധി കേരളത്തിന്റേത് മാത്രമായുണ്ട്. അത്തരം നിരവധി സ്ഥാപനങ്ങളും സംരംഭങ്ങളും നിയമനിർമ്മാണങ്ങളുമുണ്ടായത് സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെ കാലത്തായിരുന്നു. മനുഷ്യസാധ്യമല്ലെന്ന് കരുതിയിരുന്ന ഇടുക്കി ജലവൈദ്യുതി പദ്ധതി അതിലൊന്നാണ്. കേരളത്തിന്റെ വികസന കുതിപ്പിനെ ഉത്തേജിപ്പിക്കുകയും കാർഷിക വിപ്ലവത്തിന് മണ്ണൊരുക്കുകയും ചെയ്ത സമഗ്ര ഭൂപരിഷ്കരണ നിയമം, വ്യവസായ വിപ്ലവം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നതാണ് ആ പട്ടിക. അവയെല്ലാം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക വെല്ലുവിളികളെ മനസിലാക്കിയുള്ളവയായിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമുള്‍പ്പെടെ അതിന്റെ ഫലമായിട്ടായിരുന്നു നടപ്പിലാക്കിയത്.
എന്നാല്‍ ഇതുപോലൊരു വന്‍ പദ്ധതി നടപ്പിലാക്കപ്പെടുമ്പോള്‍ തുരങ്കത്തിന്റെ നിര്‍മ്മാണം ഉയര്‍ത്തിയേക്കാവുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടിട്ടില്ല. ഒട്ടനവധി പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന മേഖലയാണ് വയനാടും അതിനോട് ചേര്‍ന്നുകിടക്കുന്ന മലനിരകളും. ചൂരല്‍മല ദുരന്തത്തിന്റെ ഉള്‍പ്പെടെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന നിര്‍മ്മാണങ്ങള്‍ അതിലൊരു ഘടകം തന്നെയാണ്. എങ്കിലും മേഖലയിലെ യാത്രാപ്രശ്ന പരിഹാരത്തിനും അതുവഴി കാർഷിക മേഖല, വിനോദസഞ്ചാര രംഗം എന്നിവയ്ക്ക് ഗുണകരമാകുന്നതും സാമ്പത്തിക വളർച്ചയ്ക്ക് സഹായകരവുമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതിദിനം 14,000 മുതൽ 20,000 വരെ വാഹനങ്ങൾ കടന്നുപോകുന്ന താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടെ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ കർണാടക പോലുള്ള അയൽസംസ്ഥാനങ്ങളിലേക്കും തിരിച്ച് കേരളത്തിലേക്കും കുറഞ്ഞ ചരക്ക് കൂലിയിൽ സാധനങ്ങളെത്തിക്കുന്നതിന് സാധിക്കുന്നതിലൂടെ സർക്കാരിനും സംരംഭകർക്കും സാമ്പത്തിക ലാഭത്തിനും വഴിയൊരുങ്ങും. ഇത് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രേരണയാകുമെന്നതിൽ സംശയമില്ല. വയനാട്ടിലേക്ക് ചുരം വഴിയുള്ള പാത, ഗതാഗത തടസം മൂലം അടിയന്തരചികിത്സ കിട്ടാതെ മരിച്ചുപോയ നിരവധി പേരുടെ ഓർമ്മകള്‍ പേറുന്നുണ്ട്. ദുഃഖകരമായ അത്തരം സാഹചര്യങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും തുരങ്കപാത വഴിയൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.