6 March 2026, Friday

പശ്ചിമേഷ്യന്‍ യുദ്ധം: മരുന്ന് കയറ്റുമതി പ്രതിസന്ധിയിൽ; 5,000 കോടിയുടെ നഷ്ടം

Janayugom Webdesk
ന്യൂഡൽഹി
March 6, 2026 10:09 pm

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നത് ഇന്ത്യയുടെ ഔഷധ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ദുബായ് വഴിയുള്ള ചരക്ക് നീക്കം നിലച്ചതും കാരണം മാർച്ച് മാസത്തിൽ മാത്രം ഏകദേശം 5,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ലോകത്തിന്റെ മരുന്നു ഫാക്ടറി എന്നറിയപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം ഇതോടെ പൂർണ്ണമായും അവതാളത്തിലായി. കടൽ മാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് വൻതോതിൽ ചെലവ് വര്‍ധിച്ചതാണ് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നത്. കപ്പൽ കൂലി ഇരട്ടിയായപ്പോൾ, വിമാന മാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് 400 % വരെയാണ് നിരക്ക് വര്‍ധിച്ചത്. ഇതിനുപുറമെ ഓരോ കണ്ടെയ്നറിനും 3,500 ഡോളർ മുതൽ 8,000 ഡോളർ വരെ യുദ്ധകാല സർചാർജ് ആയി കമ്പനികൾ നൽകേണ്ടി വരുന്നു. ഗൾഫ് രാജ്യങ്ങളുമായി നേരത്തെ കരാറിലേർപ്പെട്ട കമ്പനികൾക്ക് ഈ അധിക ബാധ്യത താങ്ങാനാകാത്ത സ്ഥിതിയാണ്.

മരുന്നുകളുടെ വിതരണം മാത്രമല്ല, അവയുടെ നിർമ്മാണവും പ്രതിസന്ധി നേരിടുന്നുണ്ട്. മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വരവ് വൈകുന്നത് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചു. ക്രൂഡ് ഓയിൽ വില വര്‍ധിച്ചതോടെ മരുന്നുകളുടെ പാക്കേജിംഗ് ചെലവും വൈദ്യുതി നിരക്കും കുതിച്ചുയർന്നു. ഉല്പാദനച്ചെലവും ചരക്ക് കൂലിയും ഒരേപോലെ വര്‍ധിക്കുന്നത് ചെറുകിട മരുന്ന് കമ്പനികളെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
ആഫ്രിക്കൻ തീരം വഴി കപ്പലുകൾ തിരിച്ചുവിടുന്നത് യാത്രാസമയം 15 ദിവസം വരെ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് കോൾഡ് ചെയിൻ സംവിധാനം ആവശ്യമുള്ള ഇൻസുലിൻ, വാക്സിനുകൾ എന്നിവയുടെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. 

സൺ ഫാർമ, ഡോ. റെഡ്ഡീസ് തുടങ്ങിയ വൻകിട കമ്പനികൾ നിലവിൽ സ്റ്റോക്കുള്ള മരുന്നുകൾ ഉപയോഗിച്ച് വിതരണം തുടരുന്നുണ്ടെങ്കിലും വരും ആഴ്ചകളിൽ മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയവും ഫാർമക്സിലും ചേർന്ന് പ്രത്യേക വാർ റൂമുകൾ തുറന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ പകുതിയോളം ജനറിക് മരുന്നുകളും ഇന്ത്യയിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ ഈ പ്രതിസന്ധി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ആരോഗ്യ മേഖലയെയും സാരമായി ബാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.