6 March 2026, Friday

വോട്ടർ പട്ടിക സുതാര്യമാക്കണം: സിപിഐ

Janayugom Webdesk
കൊച്ചി
March 6, 2026 11:08 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സിപിഐ നേതാക്കൾ തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കായി പ്രധാന നിർദേശങ്ങൾ മുന്നോട്ടുവച്ചു. വോട്ടർ പട്ടിക കുറ്റമറ്റതാക്കണമെന്നതും ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം പഴയ പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്നതുമായ നിര്‍ദേശങ്ങളാണ് അതിൽ പ്രധാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. എസ് എസ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചത്. വോട്ടർ സൗഹൃദമെന്ന നിലയിലും പേപ്പർ ബാലറ്റായിരിക്കും നല്ലതെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യകൾ പലതരത്തിലുള്ള ദുരുപയോഗത്തിനും വഴിവയ്ക്കുന്നുണ്ട്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്റ്റേറ്റ് ഫണ്ടിങ് നടപ്പിലാക്കണം. 

എല്ലാ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇത് സഹായകരമാവും. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസര്‍ ഫോം 6, ഫോം 7 മുതൽ 114 വരെയുള്ള ഉൾപ്പെടുത്തലും ഒഴിവാക്കലും കഴിഞ്ഞ് അംഗീകരിക്കാത്തതും തള്ളിക്കളഞ്ഞതുമായ പേര് വിവരമടങ്ങിയ പട്ടിക ബിഎല്‍ഒമാർക്ക് കൂടി നൽകണം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ചേർത്തതും, ഒഴിവാക്കപ്പെട്ടതുമായ പേരുകൾ അടങ്ങിയ ലിസ്റ്റ് ബിഎൽഎ മാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും നൽകണം. 

തൃശൂർപൂരം ഏപ്രിൽ 26ന് ആയതിനാൽ അതിന് മുമ്പായി പോളിങ് നടപടികൾ പൂർത്തിയാക്കണമെന്നും സിപിഐ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷ്റഫ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.