7 March 2026, Saturday

Related news

March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026

ബാബറി മസ്ജീദ് കോണ്‍ഗ്രസ് പുനര്‍ നിര്‍മ്മിക്കാതിരുന്നത് വോട്ട് ബാങ്ക് ഭയന്നെന്ന് മുന്‍ അറ്റണി ജനറല്‍ കെ കെ വേണുഗോപാല്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2026 11:58 am

സംഘ്പരിവാര്‍ തകര്‍ത്ത ബാബറി മസ്ജീദ് കോണ്‍ഗ്രസ് പുനര്‍ നിര്‍മ്മിക്കാതിരുന്നത് വോട്ട് ബാങ്ക് ഭയന്നാണെന്ന് മുന്‍ ഭരണഘടനാ വിദഗ്ധനും മുന്‍ അറ്റോണി ജനറലുമായ കെ കെ വേണുഗോപാല്‍.തന്റെ ആത്മകഥയായ ‘ആന്‍ ആക്സിഡന്റല്‍ ലോയര്‍: മൈ അഡ്വവന്‍ഞ്ചേഴ്സ് ഇന്‍ ലോ ആന്‍ഡ് ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ബാബറി മസ്ജീദ് കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്ല്യാണ്‍ സിങ്ങിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് കെ കെ വേണുഗോപാലായിരുന്നു.ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കേന്ദ്ര സര്‍ക്കാരിന് അത് പുനര്‍നിര്‍മിക്കാമായിരുന്നു.അന്ന് തന്നെ അത് ചെയ്തിരുന്നെങ്കില്‍ പിന്നീട് ആര്‍ക്കും തൊടാനാകാത്ത ഒന്നായി അത് നിലനില്‍ക്കുമായിരുന്നു.പക്ഷേ കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണ് അവര്‍ക്ക്, വേണുഗോപാല്‍ വെളിപ്പെടുത്തി.

ബാബറി മസ്ജീദിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയായ കല്ല്യാണ്‍ സിങ് അഭിഭാഷകനായ തന്നെയും കോടതിയേയും വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഒരു കാരണവശാലും മസ്ജിദ് പൊളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കോടതിയില്‍ കല്യാണ്‍ സിങ്ങിന്റെ വാദം.കര്‍സേവകരെ പാലത്തിന് സമീപത്ത് വെച്ച് തടയുമെന്നും ഉറപ്പ് നല്‍കുകയും ഇത് സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.കര്‍സേവകര്‍ ദീര്‍ഘ പരിശീലനം നേടിയവരാണെന്നും മസ്ജിദ് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോടതി കല്യാണ്‍സിങ്ങിന്റെ വാദം മുഖവിലയ്ക്കെടുത്തു.പക്ഷേ സംഭവ ദിവസം കര്‍സേവകരെ തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. അവര്‍ ഇരച്ചുകയറി മസ്ജിദ് തകര്‍ത്തു.പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ നാണക്കേട് കൊണ്ട് തന്റെ തല കുനിഞ്ഞു പോയെന്നും എത്രയും വേഗം മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.