7 March 2026, Saturday

‘സപ്തസഹോദരികള്‍’ ഒരു വടക്ക്കിഴക്കൻ യാത്ര

ചന്ദ്രൻ കണ്ണഞ്ചേരി
March 8, 2026 3:05 am

ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്തുള്ള സപ്തസഹോദരികളെ സന്ദർശിക്കുന്നതിനുളള പ്രവേശനകവാടത്തിൽ എത്തിയപ്പോൾ ശില്പഭംഗിയുള്ള ഒറ്റക്കൊമ്പൻ റിനോസർ സ്വാഗതം ചെയ്തു നിൽക്കുന്നു. ഭാഷയും വേഷവും ആഹാരവും ജീവിതഗന്ധവും വിഭിന്നമായ ഒരിടത്ത് എത്തിയതിന്റെ അമ്പരപ്പോടെ അസമിലെ ഗ്വാഹട്ടി വിമാനത്താവളത്തിൽ നിന്നും പുറത്ത് കടന്നു. വൈകിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തി. ഓട്ടോകൾ മുട്ടിമുട്ടി നിരയിട്ട് ട്രിപ്പിന് തിടുക്കപ്പെട്ട് കിടപ്പുണ്ട്. ടാക്സിക്കാർക്ക് എങ്ങും ഒരേ സ്വഭാവം! റിട്ടയറിങ് റൂം തിരക്കി നിരാശപ്പെട്ടു. രാത്രിയിൽ ന്യൂ ജെയ്പാൽഗുരിയിലേക്ക് തുടർ യാത്രയുളളതിനാൽ നീലാച്ചലിൽ മുറിയെടുത്തു. കുളിച്ച് യാത്രാക്ഷീണം കുറയ്ക്കാൻ ശ്രമിച്ചു.
ഹൗറയിൽ നിന്നും വന്നെത്തുന്ന ട്രെയിനിൽ ഡി2 വിലായിരുന്നു ബർത്ത്. ബോഗികളുടെ ക്രമീകരണം എഴുതിയിടുകയോ അനൗൺസ് ചെയ്യുകയോ ഉണ്ടായില്ല. എഞ്ചിന് തൊട്ട് പിന്നിൽ ഡി എന്ന് കണ്ടിടത്ത് ഓടിക്കിതച്ച് കയറി. അത് അംഗപരിമിതരുടേതായിരുന്നു. ഡി2 ഏറ്റവും പിറകിലാണെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. ഭാരിച്ച ലഗേജുകളുമായി ബോഗികൾക്കുള്ളിലൂടെ കടന്ന്, നടന്ന് സഹയാത്രികരായ നാണുക്കുട്ടൻ, സജീവ്, അനിൽ എന്നിവരോടൊപ്പം ഏറ്റവും പിറകിലെ നിശ്ചിത സീറ്റിൽ എത്തി. ഉറക്കത്തിന് കീഴടങ്ങാതെ യാത്ര.
സൂര്യൻ പൊങ്ങി വരുന്നേയുള്ളൂ. അന്നേരം ബാപ്പിലഹരിയുടെ നാട്ടിൽ എത്തി. എവിടേയും റിട്ടയറിങ് റൂം ലഭ്യമായില്ല. പ്രഭാതകൃത്യങ്ങൾക്കായി, വിലപേശി മുറിയെടുത്തു. ഇവിടുന്ന് വൃത്തിയുടെ വിപരീതം പഠിച്ചു. സഹിച്ചു. അതുമല്ല, കുളിക്കാൻ ഒരു ബക്കറ്റ് ചുടുവെളളത്തിന് മുപ്പത് രൂപ. സിലിഗുരിയിലെ സൂര്യോദയം കാഴ്ചയുടെ ഫ്രെയ്മിന് പുറത്ത് വർണനകളിൽ ഒതുക്കി. സിലിഗുരി വഴി ഡാർജിലിങ് യാത്രയ്ക്ക് പ്രാധാന്യം നൽകി. തന്തൂർ റൊട്ടിയും സബ്ജിയും കഴിച്ച് ടാക്സിക്കാരെ കാണാൻ പോയി. ഷെയർ ടാക്സിക്കാരോട് കണക്കിന് തർക്കിച്ച് റേറ്റ് ഉറപ്പിച്ചു.
ഊട്ടി യാത്രയ്ക്ക് സമാനമായ പച്ചപ്പും തേയിലത്തോട്ടവും തണുപ്പും. യാത്ര പുരോഗമിക്കെ മഞ്ഞിൻ തൊപ്പിയിട്ട മലകളായി വിദൂരക്കാഴ്ചകളെ ഹിമാലയം നിറയ്ക്കുന്നുണ്ട്. അടുക്കുകളുള്ള മലകളിൽ നിർമ്മാണങ്ങൾ മുളച്ച് വളർന്നിരിക്കുന്നു. മലഞ്ചരിവുകളെ ചുറ്റിയുള്ള റോഡുകൾ താണ്ടി വൈകുന്നേരം പശ്ചിമബംഗാളിലെ ഡാർജിലിങ് പൂകി. രാപ്പാർക്കാൻ ഇടം ഉറപ്പിച്ച് സമയം കളയാതെ ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്, റോക്ക് ഗാർഡൻ, റോപ് വേ, ജാപ്പനീസ് ടെംബിൾ, പീസ് പഗോഡ, ടീ ഗാർഡൻ, ടെൻസിങ് റോക്ക് എന്നിവിടങ്ങളിൽ രാത്രിയ്ക്ക് മുമ്പേ സന്ദർശിച്ചു. കിഴക്കൻ ഹിമാലയത്തിൽ കാണുന്ന വെളുത്ത മുഖവും കറുത്ത കാലുകളുമുള്ള സിക്കിമിന്റെ ദേശീയ മൃഗമായ റെഡ് പാണ്ഡ എന്ന കുള്ളൻ മൃഗത്തെ അതിന്റെ ആവാസവ്യവസ്ഥയിൽ കണ്ടത് അപൂർവത.
ഡാർജിലിങ് കുളിരിൽ ഉറങ്ങിയുണർന്ന് രാവിലെ സിക്കിമിലെ ഗാംങ്ടോക്കിലേക്ക്. കോൺവോയ് പോലെ ടാക്സി സർവീസ്. ഇവിടേയും ഷെയർ ടാക്സിയായി സുമോ സുലഭം. നാല് മണിക്കൂർ റോഡ് യാത്ര. വീതി കുറഞ്ഞതും കയറ്റവും വളവുകളും ഏറെയുള്ളതിനാൽ നീളം കൂടിയ വാഹനങ്ങൾ ഈ വഴിയില്ല. പുഴയുടെ ഓരം ചേർന്ന് വളഞ്ഞിറങ്ങുന്ന റോഡുകൾ തീരാക്കാഴ്ചയുടെ ദൃശ്യസൗന്ദര്യം. സിനിക്ക് ബ്യൂട്ടിയുളള പനോരമിക് ഫ്രെയിം മനസ് കുളിർക്കും ഹരിതക്കാഴ്ചകൾ. പടിഞ്ഞാറൻ വെയിൽ ചാഞ്ഞുതുടങ്ങിയ നേരം ഗാംങ്ടോക്കിൽ.
ഇവിടെ ചെറു ദൂരങ്ങളിലേക്ക് ട്രിപ്പ് വിളിക്കേണ്ട. ചെറു കാറുകൾ ഷെയർ ടാക്സിയായുണ്ട്. ഷോപ്പിങ് സോണായ മഹാത്മഗാന്ധി മാർഗിൽ അലസം നടന്നു. ബ്രോഷറുകൾ തേടി സിക്കിം ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസിൽ കയറി. അടുത്ത ദിവസത്തെ യാത്രയ്ക്ക് ആവശ്യമായ പ്രാഥമിക വിവരങ്ങൾ അന്വേഷിച്ചിറങ്ങി. അവർക്ക് നമ്മൾ കേരളീയരല്ല, സൗത്ത് ഇന്ത്യൻസ്. ദുർഘടമായ റോഡിലെ സഞ്ചാരത്തിന്റെ മടുപ്പ് നഗരപ്പൊലിമ മായ്ക്കും. ജിഎസി ഓഫീസിനടുത്തായി ഞങ്ങൾ താമസിക്കുന്ന ഡാനർ ഹോട്ടലിൽ നിന്നും രാത്രിയിൽ വീട്ടാഹാരമായി ഓർഗാനിക് മഷ്റൂം മെഴുക്ക് വരട്ടിയും പൊന്നിയരി ചോറും ആവശ്യത്തിന് കഴിച്ചു. വൃത്തിയ്ക്ക് പ്രധാന്യം നൽകുന്നതിനാൽ ഇവിടെ ഒരിടത്തും മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുന്നില്ല. ത്രാഷ് ബാഗുകൾ അവയെ സ്വീകരിക്കുന്നു. 

അതിരാവിലെ ഗാംങ്ടോക്കിലെ ടാക്സി സ്റ്റാൻഡിൽ ചെന്നു. അമ്പത്തിമൂന്ന് കിലോമീറ്റർ അകലെ മലമുകളിലുളള ഹർഭജൻ സിങ് മന്ദിറാണ് ലക്ഷ്യം. ഞങ്ങൾ മൂന്ന് പേർക്ക് വാടക പറഞ്ഞ് ഉറപ്പിച്ചു. ഫോട്ടോകളും ആധാർ പകർപ്പും കൊടുത്തു. അര മണിക്കൂറിനുള്ളിൽ ഫോട്ടോ പതിച്ച പെർമിറ്റ് തയ്യാറാക്കി ഡ്രൈവർ വന്നു. എന്‍എച്ച് 310ലൂടെ പോകുമ്പോൾ ഇന്ത്യയിൽ നിന്നുളള അഫ്ഗാനിസ്ഥാൻ — ചൈന റോഡ് ഇതാണെന്ന് ഡ്രൈവർ വിവരിച്ചു. ജവഹർലാൽ നെഹ്റു മാർഗിൽ നിന്നും നാഥുലയിലേക്ക് തിരിയുന്ന മാർഗം കണ്ടു. ഏറെ മുന്നോട്ടു ചെന്നപ്പോൾ നാഥുല അടച്ചു എന്ന ബോർഡ്. നാഥുലയിൽ വെച്ചാണ് ഇരുപത്താറുകാരനായ ബാബാ ഹർഭജൻ സിംഗ് എന്ന പട്ടാളക്കാരൻ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ ധീരസ്മരണയണ് ഇവിടെ പണിതിട്ടുളള മന്ദിർ. അൾട്ടിറ്റ്യൂഡ് സിക്ക്നസ് കുറയ്ക്കാൻ ഡയമോക്സ് ടാബ് തുണയായി. വഴിയരികിലെ പാറകൾക്കിടയിൽ നിറമുള്ള പേരറിയാത്ത ചെറുപൂക്കൾ ധാരാളം. ഇലയുടെ സമൃദ്ധിയില്ലാത്ത ചെടികളാണ് ഒക്കെയും. ചുറ്റും അതിവിദൂരമല്ലാതെ മലകൾ അതിരിട്ട് നിൽപ്പുണ്ട്. പാതയോരങ്ങളിൽ നീല, വെളള, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ധാരാളം ബുദ്ധിസ്റ്റ് പതാകകൾ കോർത്ത് കെട്ടിയും കമ്പിൽ ഉയർത്തി നാട്ടിയും കാണാം. ഭാഷ അപരിചിതമായതിനാൽ അവയിലെ എഴുത്തുകൾ വായിക്കാനായില്ല. താളാത്മകമായ നേപ്പാളി പാട്ടിന്റെ സാമ്പ്രദായിക സംഗീതം ആസ്വാദ്യകരമായി. കുഞ്ചിരോമത്തിൽ പൊതിഞ്ഞ വലിയ കൊമ്പുളള തടിയൻ യാക്കുകൾ സവാരി കാത്ത് റോഡരികിൽ അലസം മേയുന്നു. സാഹസികപ്രിയർ അവയുടെ പുറത്ത് കയറി ഫോട്ടോ എടുക്കാൻ തിടുക്കപ്പെടുന്നുണ്ട്.
കോടമഞ്ഞ് സ്ഥിരം കാഴ്ച. കാലാവസ്ഥ മുന്നറിയിപ്പില്ലാതെ മാറും. ചാറ്റൽമഴയത്ത് നിന്നാൽ തുരുതുരെ ദേഹത്ത് സൂചി കുത്തുന്നത് അനുഭവിക്കാം. മണ്ണില്ല, പകരം കരിമ്പാറ പൊടിഞ്ഞ പൂഴി മാത്രം. നാഥുല പാസിലെ മഞ്ചുലേക്ക് ഏറെ മൊഞ്ചുള്ളത്. ഈ വഴി നാലുചക്രവാഹനം ഓടിക്കുമ്പോൾ സ്റ്റിയറിങ്ങിന് വിശ്രമമില്ല. Fast dri­ve could be the last dri­ve എന്ന് എഴുതിവെച്ച മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോവില്ല. വഴിയോരത്തെ പൂക്കൾക്ക് അപാര നിറം. കരിങ്കല്ലുകൾക്കിടയിലെ മണൽമണ്ണിൽ കഷ്ടിച്ച് വേരോടി വളരുന്നവ. ഗാങ്ടോക്കിൽ നാഥുല എത്തുന്നതിന് ഇരുപത്തഞ്ച് കി.മി മുമ്പേയാണ് ചാങ്കുലേക്ക്. ഷെറാത്തങ്ങ് മാർക്കറ്റ് വഴി പോരുമ്പോൾ പൊള്ളുന്ന വെയിലും ഒപ്പം പെയ്യുന്ന മഴയും. അവ കാര്യമാക്കാതെ ദൂരം കുറുക്കുമ്പോൾ പേരറിയാത്ത ഒരിടത്ത് പട്ടാളക്കാരുടെ പരിശീലനവും ഒരു ക്യാമ്പും കാണാനായി.
പുകപിടിച്ച കണ്ണട പോലെ കാഴ്ചകൾ മഞ്ഞിനാൽ മങ്ങിയിരിക്കുന്നു. തട്ടുളള മരങ്ങൾ ആകാശത്തെ ഉന്നം വെച്ച് നിരനിരയായ് ഉയരെ വളർന്ന് നിൽക്കുന്നു. ഉച്ചഭക്ഷണം കഴിക്കാൻ റോഡരികിലെ, വാതിലിൽ തുണിയുടെ കർട്ടനിട്ട, ഒരു കടയോട് ചേർത്ത് കാർ നിർത്തി. ആവശ്യപ്പെടുന്ന ആഹാരം അപ്പോൾ ഉണ്ടാക്കി തന്നു. ഭക്ഷണം ഉണ്ടാക്കി വിൽക്കാനും അവർക്ക് താമസിക്കാനും ഒരേ ഇടം. ചീര,സബ്ജി, റൊട്ടി കൂടെ ഇച്ചിരി സവാള നുറുക്കും. ഒട്ടും സ്പൈസി അല്ല. മഞ്ഞൾ സാർവത്രികം. ചൂടോടെ ലഭിക്കുന്ന പലതരം മാമോസ് ഭേദപ്പെട്ട ഭക്ഷണമാണ്.
സിക്കിമിന്റെ ദേശീയ പക്ഷിയുടെ പെൺ ഇനം ‘രാധേ‘യെ ഡ്രൈവർ കാണിച്ചു തന്നു. ഇവയെ ഒറ്റപ്പെട്ട് അപൂർവമായേ പുറത്ത് കാണാറുള്ളൂ എന്ന് വിശേഷണം. താഴ്ന്ന് വന്ന മഞ്ഞിനാൽ പാറക്കെട്ടുകൾക്കിടയിൽ അവ പെട്ടെന്ന് അദൃശ്യമായി. വെയിൽ പാകിയ മലയിടുക്കുകളിൽ മഞ്ഞ് വേർതിരിക്കുമ്പോൾ ദൃശ്യസൗകുമാര്യം നിറയും. പല മലകൾ തമ്മിൽ ചേരുമ്പോൾ രൂപപ്പെടുന്ന ക്ലീവേജുകൾ അനിതരസുന്ദരം. പക്ഷേ, ഈ കാഴ്ചകൾ യാത്രയ്ക്കിടെ വേഗം വേഗം കണ്ട് മറയുന്നു. വളവുകൾ തിരിഞ്ഞ് നിവരുമ്പോൾ mar­ry safe­ty divorce speed എന്ന അപകട/സുരക്ഷാ സന്ദേശ ബോർഡുകളെ അവഗണിക്കാനാവില്ല. 

തിരിച്ച് ഗോഹട്ടിയിൽ എത്തി പാൻ ബസാറിൽ തങ്ങി. കാമാഖ്യ ക്ഷേത്രത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഏറെ ദൂരമില്ല എന്നതിനാൽ പെട്ടെന്ന് തീരുമാനം എടുത്തു. നീലാച്ചൽ മലയുടെ താഴ്‌വാരത്ത് നിന്നും ഓട്ടോയിൽ വളവുള്ള കയറ്റം താണ്ടി. മന്ത്രങ്ങളാൽ ധ്വനിസാന്ദ്രമായ നടവഴി. പാദരക്ഷകൾ പടിക്കൽ ഉപേക്ഷിച്ച് രണ്ട് പ്രതിഷ്ഠകളുളള ക്ഷേത്രത്തിലേക്ക് വരി നിന്നു. ഇരുണ്ട അടിത്തട്ടിലാണ് പ്രധാന വിഗ്രഹം. അത് സതീദേവിയുടെ യോനീഭാഗം വന്ന് പതിച്ച ഇടമാണെന്ന് സങ്കല്പം. കൽക്കത്തയിലെ കാളിഘട്ട് പോലെ തോന്നുമെങ്കിലും ഇവിടുത്തെ അന്തരീക്ഷം ഏറെക്കുറെ ശാന്തമാണ്. ദശമി ഗംഭീര ആഘോഷമാണെന്ന് പരിപാലകർ പറഞ്ഞു. മൂലസ്ഥാനത്തെ വെള്ളം കയ്യിൽ കോരിയാൽ ചുവപ്പാണെന്ന് ഗൈഡിന്റെ വാക്ചാതുര്യം. ആഷാഡത്തിലെ മാസമുറയ്ക്ക് ബ്രഹ്മപുത്ര ചുവപ്പാകും എന്നാണ് വിശ്വാസം.

ഗോഹട്ടിയിൽ നിന്നും രാത്രിവണ്ടിക്ക് അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ നഹർലഗൂണിലേയ്ക്ക് യാത്ര. പുലർച്ചെ നാലേമുക്കാലിന് വണ്ടി ഇറങ്ങി. യാത്രാലീഡർ നാണുക്കുട്ടന്റെ ബന്ധു സാജൻ അവിടെ കാത്ത് നിന്നു. ഞങ്ങൾക്ക് റെയിൽ സ്റ്റേഷനിൽ നിന്നും പുറത്തുപോകാൻ ആവശ്യമായ പെർമിറ്റ് അദ്ദേഹം ശരിപ്പെടുത്തിയിരുന്നു. അവിടെ ബിഎസ്എൻഎൽ ഓഫിസറാണ് ഇദ്ദേഹം. അട്ടപ്പാടിക്കാരനായ ഡ്രൈവർ വിജയൻ ഞങ്ങളെ സാജൻ താമസിക്കുന്ന ബിഎസ്എൻഎൽ കെട്ടിട സമുച്ചയത്തിലെ ബ്ലോക്ക് 2, D3Bയിൽ ഇറക്കി. സാജന്റെ കുടുംബം ഞങ്ങളെ സ്വീകരിച്ചു.
ആറ് മണിയോടെ വെയിൽ മൂത്തു. കുളിച്ചൊരുങ്ങി. അഞ്ച് ദിവസത്തിന് ശേഷം മലയാളം ചാനൽ വാർത്ത അവിടുന്ന് കണ്ടു. അതിഥികൾക്ക് ടീച്ചർ പ്രഭാതഭക്ഷണം ഒരുക്കി തന്നു. കുശലങ്ങൾ പറഞ്ഞിരുന്ന് നേരം പോയി. എല്ലാവരും ചേർന്ന് ഫോട്ടോയെടുത്തു. ഇനി അതിർത്തി കടന്ന് ആസാമിലെ തേജ്പൂർ വഴി തവാങ്. നഹർലഗൂണിൽ നിന്നും ഷെയർ ടാക്സിയിൽ അതിർത്തിയിലെത്തി. അവിടുന്ന് ആറ് മണിക്കൂർ ബസിൽ പോയി വൈകിട്ട് തേജ്പുരിലെത്തി.
കേരളത്തിലെ കെടിഡിസിക്ക് സമാനമായ അസം സർക്കാരിന്റെ എടിഡിസി പ്രശാന്തിയിൽ താമസം തരപ്പെട്ടു. അടുത്തുള്ള സ്റ്റാൻഡിൽ രാത്രിയോടെ ചുറ്റിക്കറങ്ങി. ഇവിടുന്ന് തവാങ്ങിലേക്കുളള യാത്രാസൗകര്യം അന്വേഷിച്ചു. ഷെയർ ടാക്സിക്ക് ഒരാൾക്ക് ആയിരത്തി അഞ്ഞൂറ് രൂപ പറഞ്ഞെങ്കിലും ആയിരം രൂപയ്ക്ക് ടിക്കറ്റ് മുൻകൂർ എടുത്തു. സമയം പാലിച്ച് പുലർച്ചെ 5.30ന് താമസസ്ഥലത്ത് വണ്ടി വന്നു. വാഹനങ്ങൾ പുറപ്പെടുന്ന സ്ഥലത്ത് ചെന്നപ്പോൾ ആകെ സീൻ. ആയിരത്തി അഞ്ഞൂറ് പറഞ്ഞവർ ഗുണ്ടായിസവുമായി ഞങ്ങളെ ഭീഷണിപ്പെടുത്തി. കയറ്റിയ ലഗേജ് തിരിച്ചിറക്കി മറ്റൊരു വണ്ടിയിൽ അടുക്കി. വണ്ടിക്കാർ തമ്മിൽ ഏറെ നേരത്തെ തർക്കത്തിന് ഒടുവിൽ 6.30ന് തവാങ്ങിലേക്ക് വണ്ടി വളയം പിടിച്ചു. ക്ഷീണം കാരണം ഏറെനേരവും കാഴ്ചകളെ മറന്ന് ഉറങ്ങി.
അങ്ങോട്ട് പോകുമ്പോൾ കാണുന്ന മലകളിൽ അരഞ്ഞാണം ചുറ്റിയ പോലുള്ള റോഡുകൾ തിരികെ വരുമ്പോൾ അതുപോലെ ഉണ്ടാവും എന്നതിന് ഒട്ടും ഉറപ്പില്ല. മലയിടിച്ചിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. റോഡിലേക്ക് അടർന്ന് വീണിട്ടുളള മലകളും മലവെള്ളപ്പാച്ചിലിൽ കടപുഴകിയ മരത്തിന്റെ വെട്ടിമാറ്റിയ ഭാഗങ്ങളും വലിയ പാറകളുടെ പിളർന്ന പാളികളും സൂചനകളായുണ്ട്. ചിത്രകാരന്മാരും ഛായാഗ്രാഹകരും വന്ന് കാണേണ്ട സ്ഥലം. എങ്ങോട്ട് തിരിഞ്ഞാലും ഫ്രെയ്മുകൾ ഉത്സവം ഒരുക്കുന്ന പ്രകൃതി. തവാങ്ങിലേക്ക് പ്രവേശിക്കുന്നിടത്തെ പോലീസ് പരിശോധനാകേന്ദ്രത്തിലും കണ്ടു മലയാളിയെ, ഒരു ചെങ്ങന്നൂർക്കാരൻ. ഇന്റർലൈൻ പെർമിറ്റ് ഇവിടേയും ചോദിച്ചു. ഡിറാങ്ങ് കടക്കാനുള്ള പെർമിറ്റാണ് ഞങ്ങളുടെ ഡ്രൈവർ കാണിച്ചത്. അൽപനേരം മാറ്റി നിർത്തി ഡ്രൈവറോട് മുഷിപ്പ് പ്രകടിപ്പിച്ച് കടത്തി വിട്ടു. പതിമൂന്ന് മണിക്കൂർ (349 കി.മി) യാത്രയ്ക്ക് ശേഷം രാത്രി എട്ട് മണിക്ക് തവാങ്ങിലെ പിഡബ്ലിയുഡി സർക്യൂട്ട് ഹൗസിൽ എത്തി. അവിടെ കായംകുളത്ത് കാരൻ വേണുവിന്റെ അതിഥികളായി ഞങ്ങൾ.
തവാങ്ങിൽ ഉദയം നേരത്തെയാണ്. പുലർച്ചെ 4.30ന് സൂര്യൻ വന്ന് ഉണർത്തി. ഏഷ്യയിലെ രണ്ടാമത്തെ വലിയ ബുദ്ധ മൊണാസ്ട്രിയിൽ പോയി. പാദരക്ഷകൾ പുറമെ അഴിച്ചു വെച്ച് പ്രവേശിക്കുമ്പോൾ അവർണനീയമായ തണുപ്പ് കാലിലൂടെ മനസിലും കടന്നു. നിശബ്ദത നിറഞ്ഞ പ്രശാന്ത സുന്ദരമായ പ്രാർത്ഥനാഹാൾ. ഡൽഹിയിലെ ലോട്ടസ് ടെമ്പിളിൽ ചെന്നത് ഓർമ വന്നു. വർണത്തുണികളിൽ കൈ വേലകൾ ചെയ്ത് ക്രമത്തിൽ തൂക്കിയിട്ടത് ഭംഗിയുള്ള അലങ്കാരങ്ങളാണ്. ബൈബിൾ പോലെ ഒരു ഗ്രന്ഥം ഇവർക്കില്ല. ഉദ്ബോധനങ്ങളാണ് ഇവരുടെ രീതി. മുഖ്യസന്യാസിയുമായി നാണുക്കുട്ടൻ ഏറെ സംസാരിച്ചു. വിവരിച്ചു തരുന്നതിൽ അവർ ഏറെ തൽപരരും. 

ഇനി മേഘങ്ങളുടെ നാട്ടിൽ പോവണം. ഷില്ലോങ്ങിലെ മലയാളി അസോസിയേഷൻ ഭാരവാഹി പ്രദീപ് പിള്ളയാണ് അഭയം. ഇവിടെ നിന്നും പതിനഞ്ച് മണിക്കൂർ റോഡ് യാത്രയുണ്ട് ഗോഹട്ടിയ്ക്ക്. അവിടെ ചെന്നിട്ട് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ഷില്ലോങ് എത്താം. ഗൊഹട്ടിയിലേക്ക് മുൻകൂർ ബുക്ക് ചെയ്ത വാഹനം പുലർച്ചെ കൃത്യസമയത്ത് 4.30ന് എത്തി. തണുപ്പിനെ ഊരി മാറ്റി വസ്ത്രം ധരിച്ച് തയ്യാറാവാൻ സമയമെടുത്തു. അങ്ങനെ അഞ്ച് മണിയോടെ ചൈനാ അതിർത്തിയിലെ തവാങ്ങിനോട് വിടപറഞ്ഞു. ഗോഹട്ടി പോവാതെ ജൊറാബെട്ട് ഇറങ്ങിയാൽ അവിടുന്ന് ഷില്ലോങ് ബസ് കിട്ടുമെന്ന് അന്വേഷണത്തിൽ മനസിലാക്കി. പക്ഷേ, രാത്രി ചെന്നിറങ്ങാൻ അത്ര സുഖകരമല്ലാത്ത സ്ഥലമാണ് ജൊറാബെട്ട എന്നാണ് അനുബന്ധമായി കിട്ടിയ വിവരം. പിടിച്ചുപറിക്കാരുടെ ഗുണ്ടായിസം നിത്യസംഭവമാണത്രേ.
ഞങ്ങൾ യാത്ര ചെയ്യുന്ന സുമോ ഡ്രൈവർ പരുക്കനാണ്. ഡ്രൈവറെ സാധാരണ ജനങ്ങൾ പൈലറ്റ് സാബ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. വഴിയിൽ വെച്ച് പൈലറ്റ് സാബ് ബനിയൻ ഊരിയെറിഞ്ഞ് സിഗരറ്റ് വലിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നതും മുൻ സീറ്റിൽ ഇരിക്കുന്നവർ പോലും പരസ്യമായി ബീർ കഴിക്കുന്നതും പുതുമയായി. നല്ല റോഡും ഓഫ് റോഡും മിശ്രിതമായ യാത്ര. കുതിച്ചും ചാഞ്ഞും ചരിഞ്ഞും ഉറക്കം തൂങ്ങിയും യാത്ര പുരോഗമിക്കേ ഒരാൾ കൂടി കയറി. അദ്ദേഹത്തിന്റെ പരിഭ്രാന്തി കണ്ട് കാര്യം അന്വേഷിച്ചു. മുത്തച്ഛൻ മരിച്ച വിവരം അറിഞ്ഞ് ഡൽഹിക്ക് പോകുന്ന മഹീന്ദർ എന്ന പട്ടാളക്കാരൻ. ഗോഹട്ടിയിൽ നിന്നും വിമാനത്തിൽ പോകാനാണ് പരിപാടി. സന്ധ്യ പിന്നിട്ട് ഇരുട്ട് കടുത്ത് തുടങ്ങി. പലാട്ടൺ ബസാറിൽ ഇറങ്ങി നിൽക്കാൻ ഷില്ലോങ്ങിൽ നിന്നും നിർദേശം കിട്ടി. 

എട്ട് മണിക്ക് പലാട്ടണിൽ ഇറങ്ങി. ദീർഘയാത്ര കഴിഞ്ഞതിനാൽ ഒഴിഞ്ഞ ഒരിടത്തെ മതിൽ മറയാക്കി മുള്ളാൻ ശ്രമിച്ചു. മാറി നിന്നതേയുള്ളൂ; രണ്ട് പേർ ഓടിവന്ന് ഞങ്ങളെ ചീത്ത പറഞ്ഞു. ചുറ്റും നോക്കി, ഒന്നും മനസിലായില്ല. ആ മതിലിൽ ചിത്രങ്ങളുള്ള ടൈൽ പതിച്ചിട്ടുണ്ട്. അത് ചൂണ്ടിയാണ് അവരുടെ ആക്രോശം. ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ള ആ ടൈലുകളിൽ മൂത്രം ഒഴിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അവരുടെ വിശ്വാസം ധ്വംസിച്ചിരിക്കുന്നു. ഒഴിച്ചില്ല, ശ്രമിച്ചതേയുള്ളൂ എന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിക്കാതെ ആളെ കൂട്ടി. അവർക്ക് പണം വേണം എന്ന മട്ടായി. വിശ്വാസം കച്ചവടമാകുന്നതിന്റെ ഭീകര മുഖം. ഞങ്ങൾ ഒരുമിച്ച് കൈ കൂപ്പി ക്ഷമ ചോദിച്ച് ഒരുവിധം ആ പന്തികേടിൽ നിന്നും രക്ഷ നേടി. അപ്പോഴേക്കും ഞങ്ങളെ കൊണ്ട് പോകാൻ ഷില്ലോങ്ങിൽ നിന്നും വെളള സഫാരി എത്തി.
ഇരുട്ടിനെ വകഞ്ഞ് മണിപ്പൂർ — നാഗാലാൻഡ് റോഡിലൂടെ യാത്ര. പുറംകാഴ്ചകളെ ഇടവിട്ട് വെളിച്ചം മറച്ചു. ഇടയ്ക്ക് നിർത്തി റൊട്ടിയും ചന്നാമസാലയും കഴിച്ചു. മുപ്പത് വർഷമായി ഇവിടെയുള്ള മനോജ് എന്ന മലയാളി കൂട്ടിനുണ്ടായി. മേഘം നോക്കി നടക്കുന്നവരുടെ നാട്ടുകാരിയാണ് ഭാര്യ. ഇവിടെ ബ്രിട്ടീഷ് ജീവിതരീതി മാഞ്ഞു പോയിട്ടില്ല. ഗ്രാമങ്ങളിൽ ഒരു വീട്ടിൽ പത്ത് പേരൊക്കെയുണ്ട്. ആണുങ്ങൾ വീട്ടിലിരിക്കുന്നതും സ്ത്രീകൾ പുറത്ത് ജോലിക്ക് പോകുന്നതും സാധാരണം. സ്ത്രീധനം ഇല്ല; എന്നാൽ ഏറ്റവും ഇളയവൾക്ക് സ്വത്ത് കിട്ടും. പതിനഞ്ച് വയസ് തികഞ്ഞ ആൺപിറന്നോർ ജോലി തേടുക നിർബന്ധം. ലളിത ജീവിതമാണ്. പക്ഷേ, കുളി കടം. സകല സമ്പാദ്യവും അവരുടെ തോൾ സഞ്ചിയിൽ കൊണ്ട് നടക്കുമത്രേ. ആണുങ്ങൾ എല്ലാവരും ഒറ്റ നോട്ടത്തിൽ ഒരുപോലെ. പുകയില ഉപയോഗം ശീലമാണ്. കറപറ്റിയ പല്ലുകൾ തെളിവുണ്ട്. അറിയാനാട്ടിലെ കഥയറിഞ്ഞ് മൂന്ന് മണിക്കൂർ രാത്രിയാത്രയ്ക്ക് ശേഷം പതിനൊന്ന് മണിക്ക് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനടുത്ത റിൽബോങ്ങിലെ ഗണേഷ് മന്ദിറിന് മുന്നിലെ താമസസ്ഥലത്ത് എത്തി.

ഷില്ലോങ്ങിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്കുളള യാത്രയിൽ ഭാരം നിറച്ച ടോറസുകൾ ചീറി പറക്കുന്നത് കാണാം. ചുവന്ന മാർബിൾ കയറ്റി പോകുന്ന ലോറികളിൽ പലരും അതിർത്തി കടക്കുന്നത് ചെമ്മണ്ണ് പറ്റിയ തൊഴിലാളികളുടെ വേഷത്തിലാണത്രേ. ദൗക്കി നദിക്ക് മുകളിലെ തൂക്കുപാലം കടന്ന് ബംഗ്ലാദേശ് അതിർത്തിയിൽ എത്തി. ഫ്രണ്ട്ഷിപ്പ് ഗേറ്റിൽ രണ്ട് ബോർഡുകൾ ശ്രദ്ധേയം. ഒന്ന് ഇന്ത്യയിലേക്കും മറ്റൊന്ന് ബംഗ്ലാദേശിലേക്കും സ്വാഗതം ചെയ്യുന്നു. ഒരു പട്ടാളക്കാരൻ സന്ദർശകരായ ഞങ്ങൾക്ക് നേരെ വന്ന് തടഞ്ഞു. “അവിടെ തടവുകാരുടെ കൈമാറ്റം നടക്കുന്നു. അത് കഴിഞ്ഞേ ഗേറ്റിനപ്പുറം പ്രവേശനമുള്ളൂ.” അതിർത്തിക്കപ്പുറം മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ കാൽമുദ്ര പതിക്കുക എന്നത് വല്ലാത്തൊരു അനുഭവം! അതിർത്തിക്കിപ്പുറം സുഭദ്രമായി ജീവിക്കുന്നവർ അതിർത്തിയിലെ അരക്ഷിത ജീവിതം അറിയാറില്ലല്ലോ.
ദൗക്കി നദിക്കരയിലെ ഒഴുകിയൊഴുകി മൂർച്ച തേഞ്ഞ കല്ലുകൾക്ക് ഗോലിയേക്കാൾ ഉരുളൻ രൂപവും മിനുപ്പും. പവിഴപ്പുറ്റുകൾ കാണാൻ അന്തമാൻ ദ്വീപിലെ റോസ് ഐലന്റിൽ ഉപയോഗിക്കുന്ന ഗ്ലാസ് ബോട്ടം തോണികൾ ഇവിടെ ആവശ്യമില്ല. പുഴവെള്ളം ഏറെ തെളിമയുള്ളതിനാൽ നേരിട്ട് നോക്കിയാൽ പോലും പുഴയുടെ അടിത്തട്ട് കാണാം. മുന്നൂറിലധികം കൽപ്പടവുകൾ ഇറങ്ങി ചെന്ന് കണ്ട ലിവിങ് റൂട്ട് ബ്രിഡ്ജ് പ്രകൃതിയുടെ കലാവിസ്മയം തന്നെ. കൂറ്റൻ ആൽമരത്തിന്റെ വേരുകൾ ചുറ്റിപ്പിണഞ്ഞ് ഒരു ചെറു നദിക്ക് കുറുകെ പാലമായി രൂപപ്പെട്ടിരിക്കുന്നു. ഈ അത്ഭുതം കണ്ട് നിന്നപ്പോൾ ചിറാപ്പുഞ്ചിയിലെ മഴക്കഥകൾ ഓർമ്മയിൽ പെയ്തു.
ചിറാപ്പുഞ്ചിക്ക് അടുത്തുളള നീളൻ നോകലിഖായ് വെള്ളച്ചാട്ടം എത്രനേരം നോക്കി നിന്നാലും മതിവരില്ല. വെയിലുളളപ്പോൾ ഉയരേ നിന്നും നിലതെറ്റി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ മഴവില്ല് തെളിയുന്നത് പ്രകൃതിയുടെ ശാസ്ത്രാംശമുളള ഒരു മഹാപ്രതിഭാസം.
ഷില്ലോങ്ങിൽ നിന്നും അമ്പത് കിലോമീറ്റർ അകലെ ചിറാപ്പുഞ്ചിയിലേക്കുളള വഴിയിലാണ് മൗളിന്നോങ് വില്ലേജ്. മൗസ്മായി ഗുഹകൾ കാണേണ്ട ഒന്നാണ്. ഈ ലൈംസ്റ്റോൺ ഗുഹയിലെ ഇടുങ്ങിയ വഴിയിലൂടെ നടക്കലല്ല,നൂഴലാണ്. ഒരു മണിക്കൂറിൽ അധികമുള്ള ഗുഹാസന്ദർശനം സാഹസികതയാണ്. ഏഷ്യയിലെ വൃത്തിയുള്ള ഗ്രാമങ്ങളിൽ ഒന്നായ നോവെറ്റ് ഇവിടെ അടുത്താണ്. ഈ ബഹുമതി അന്വർത്ഥമാക്കും തരത്തിൽ റോഡിൽ ഇലകൾ പോലും വീണ് കിടപ്പില്ല.
ഒരു സന്ധ്യക്കാണ് ഷില്ലോങ് സെന്റർ പോയിന്റിൽ എത്തിയത്. മാളുകളും കാർണിവലുകളും ചേർന്ന് ആഘോഷത്തിമിർപ്പിന്റെ തെരുവ്. ഇവിടുത്തെ ഒരു സവിശേഷ ചൂട് ജിലേബി കഴിക്കണമെന്ന് കൂടെയുള്ള അനിൽ ആഗ്രഹിച്ചിരുന്നു. മൊരിഞ്ഞ ജിലേബി തിരിഞ്ഞു പിടിച്ച് ചൂടോടെ കഴിച്ചു. ആവി പറക്കുന്ന രുചിയേറും തെരുവ്ഭക്ഷണം യഥേഷ്ടം. കറുപ്പും മഞ്ഞയും നിറത്തിലുള്ള അംബാസഡർ ടാക്സികൾ ഒഴുകുന്നു.
കോഹ്റ വനമേഖലയിലെ കാസിരംഗ അടച്ചിട്ടിരുന്നതിന്നാൽ അവിടം സന്ദർശിക്കാനായില്ല. അതിനാൽ റിനോസറും ആനസവാരിയും നഷ്ടം. അങ്ങനെ, ഇന്ന് നോർത്ത് ഈസ്റ്റ് സന്ദർശനത്തിന്റെ അവസാന രാത്രി. ഉറക്കത്തിന് അവധി നൽകി അനുഭവവിവരണവും വിശകലനവും ഭാണ്ഡം അടുക്കലുമായി പാതിരാവ് പിന്നിട്ടു. അഞ്ചുമണിക്ക് വിമാനത്താവളത്തിൽ എത്തിക്കാനായി പ്രദീപ് പിളള വാഹനം അയച്ചു. ഉയരവും ദൂരവും ഒരുപാട് മറികടന്ന ഈ യാത്രയോടെ സപ്തസഹോദരികളിൽ മൂന്ന് പേരേയും സഹോദരനേയും കണ്ട് മടക്കം.
****

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.