
സമ്പൂർണ ലിംഗനീതി ഉറപ്പാക്കി കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റിയതിനോടൊപ്പം ഞങ്ങള്‍ ‘അവൾക്കൊപ്പ’മാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് സർക്കാർ. കഴിഞ്ഞ 10 വർഷക്കാലം സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തിയാണ് സർക്കാർ നവകേരളം പടുത്തുയര്‍ത്തിയത്. സ്ത്രീശാക്തീകരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതികള്‍ നടപ്പാക്കി വിജയപഥത്തില്‍ എത്തിച്ചു. തൊഴിലിടങ്ങളിൽ വനിതകൾക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കി, ലിംഗഭേദമന്യേ മാന്യമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കി. പഠനകാലത്ത് പെൺകുട്ടികൾക്ക് രണ്ട് ദിവസം ആർത്തവാവധിയും 60 ദിവസം പ്രസവാവധിയും അനുവദിച്ചു. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിച്ച് നിയമ സംരക്ഷണം ഉറപ്പാക്കി. സ്ത്രീകളുടെ അവകാശങ്ങൾ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് സർക്കാര്‍ നടപ്പാക്കിയത്. ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സര്‍ക്കാര്‍.
എല്‍ഡിഎഫ് തുടര്‍സര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്പാണ് ‘സ്ത്രീസുരക്ഷാ പെൻഷൻ’. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ പദ്ധതി വഴി ലഭിക്കും. കഴിഞ്ഞ മാസം ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ച് രണ്ട് മണിക്കൂറിനുള്ളിൽ 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1,000 രൂപ വീതം ലഭിച്ചു.
2009ലെ വനിതാ നയത്തെ കാലാനുസൃതമായി പരിഷ്കരിച്ചുകൊണ്ടാണ് ‘വനിതാ നയം 2026’ന് മന്ത്രിസഭ അംഗീകാരം നൽകിയത്. ആധുനിക കാലത്തെ സ്ത്രീകളുടെ സുരക്ഷ, തൊഴിൽ അവകാശങ്ങൾ എന്നിവയ്ക്ക് പുറമെ ഗോത്രവർഗ മേഖലകളിലും തീരദേശങ്ങളിലുമുള്ള സ്ത്രീകളുടെ ഉന്നമനത്തിന് മുൻഗണന നൽകുന്ന വിപുലമായ പദ്ധതികളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ പാഠമായി കുടുംബശ്രീ എന്നും തലയുയര്‍ത്തി നില്ക്കുന്നു. 48 ലക്ഷം കുടുംബശ്രീ കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. ആശമാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും വേതനവും 1,000 രൂപ വര്‍ധിപ്പിച്ചു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെലവ് കുറഞ്ഞ, സുരക്ഷിത താമസ സൗകര്യം ലഭ്യമാകുന്ന ‘വനിതാ മിത്ര’ കേന്ദ്രങ്ങള്‍ ഒരുക്കി. സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ആര്‍ത്തവ സംബന്ധമായ അവബോധം വളര്‍ത്തുന്നതിനായി വനിതാ വികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ 2018ല്‍ ഷീ പാഡ് പദ്ധതി ആരംഭിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താല്‍ക്കാലിക അഭയവും നല്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് കുടുംബശ്രീയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്ന ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയും ഡിജിറ്റൽ സാക്ഷരത നൽകുന്ന ‘ഡിജിറ്റൽ പാഠശാല’യും സ്ത്രീകളെ സാമ്പത്തികമായും സാങ്കേതികമായും മുന്നിലെത്തിക്കാൻ സഹായിക്കുന്നുണ്ട്. നിർഭയ സെൽ മുഖേന 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധനകലകളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് ധീര പദ്ധതിയുമുണ്ട്.
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഹ്രസ്വകാല താമസസൗകര്യം ഒരുക്കുന്നതാണ് ‘സേഫ് സ്റ്റേ’ പദ്ധതി. വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 40 കെഎസ്ആർടിസി ഡിപ്പോകളിൽ ഡോർമിറ്ററി സൗകര്യം ഒരുക്കിക്കൊണ്ട് സ്ത്രീസൗഹൃദ യാത്രകൾ ഈ പദ്ധതി ഉറപ്പാക്കുന്നു. അഗ്നിരക്ഷാ സേനയിൽ ആദ്യമായി വനിതാ ഓഫിസർമാരെ നിയമിച്ചും പുതുചരിത്രം രചിച്ചു.
സംസ്ഥാനത്ത് ആദ്യമായി വനിതകൾക്കായി മാത്രം സായുധ പൊലീസ് ബറ്റാലിയൻ ആരംഭിച്ചതും സ്ത്രീ ശാക്തീകരണത്തിന്റെ വലിയ ചുവടുവയ്പാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗഹൃദപരമായ പൊലീസ് സ്റ്റേഷനുകൾ ഒരുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടഞ്ഞതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരവും സംസ്ഥാനത്തിന് ലഭിച്ചു. സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള വൈവിധ്യമാര്‍ന്ന പദ്ധതികളും തീരുമാനങ്ങളുമായി ഇനിയും ചുവടുവയ്പുകള്‍ തുടരുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.