
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനത്തിനിടെ ഉണ്ടായ പ്രോട്ടോക്കോൾ ലംഘനത്തിലും സുരക്ഷാ വീഴ്ചയിലും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് വിഷയത്തില്‍ നിർദേശം നൽകി.
അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാനോ യാത്രയാക്കാനോ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്തിയിരുന്നില്ല. രാഷ്ട്രപതിക്കായി സജ്ജീകരിച്ചിരുന്ന ശുചിമുറിയിൽ വെള്ളമില്ലാതിരുന്നതും സന്ദർശന പാതയിൽ മാലിന്യങ്ങൾ നിറഞ്ഞുകിടന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ വലിയ വീഴ്ചയായാണ് കേന്ദ്രം കണക്കാക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്ദർശനത്തിനിടെ നേരിട്ട അവഗണനയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി മമത ബാനർജി താനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നും ബംഗാളിന്റെ മകളായ തനിക്ക് നേരിട്ട അനുഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയറാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. എന്നാൽ ഇത് സ്വകാര്യ സംഘാടകർ നടത്തിയ പരിപാടിയാണെന്നും സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് മമത ബാനർജിയുടെ പക്ഷം. തെരഞ്ഞെടുപ്പ് തിരക്കുകളിലായതിനാലാണ് മുഖ്യമന്ത്രി നേരിട്ട് എത്താത്തതെന്നാണ് തൃണമൂൽ കോൺഗ്രസ് നൽകുന്ന വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.