
കാലം പലപ്പോഴും അവനെ പരീക്ഷിച്ചു. എന്നാല്‍ അവന് ശാന്തനായിരുന്നു. അയാള്‍ക്ക് വേണ്ടി മലയാളികള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടും ഇതിഹാസങ്ങള്‍ പലരും പറഞ്ഞിട്ടും സെലക്ടര്‍മാര്‍ അവനെ പരിഗണിച്ചിരുന്നില്ല. പലപ്പോഴായി ടീമിലെത്തിയിട്ടും അവസാന 11ല്‍ ഇടം നല്‍കിയില്ല. എന്നാല്‍ കഠിനപ്രയത്നം കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ് ഇന്ന് അയാള്‍ കേരളത്തിന്റെ മാത്രമല്ല ലോകം തന്നെ ഒരേ സ്വരത്തില്‍ വിളിക്കുന്ന ചേട്ടനാണ്… സഞ്ജു വിശ്വനാഥ് സാംസണ്.
ഒരു അത്ലറ്റിന്റെ ജീവിതത്തിൽ വീഴ്ചകളും ഉയിർത്തെഴുന്നേൽപ്പുകളും സ്വാഭാവികമാണ്. എന്നാൽ സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് ഒരു അഗ്നിപരീക്ഷയായിരുന്നു. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തലകുനിച്ചു നിന്ന ഒരു വൈകുന്നേരത്തിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഈ നിമിഷം വരെയുള്ള സഞ്ജുവിന്റെ യാത്ര ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. പലപ്പോഴും ബെഞ്ചിലിരുന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി കയ്യടിച്ചും ശാന്തതയോടെയും സഞ്ജു കാത്തിരുന്നു. തനിക്കായി എന്തായാലും ഒരു ദിനം വന്നെത്തുമെന്ന് ഉറച്ചുവിശ്വസിച്ചു. ആ ശാന്തത ഒരു കൊടുങ്കാറ്റിന് മുന്നോടിയായിരുന്നു എന്ന് കാലം തെളിയിച്ചു. ആദ്യം ഈഡനിൽ, ശേഷം വാങ്കഡെയിൽ… ഒടുവിൽ ഇതാ അഹമ്മദാബാദിൽ തന്റെ കരിയർ തന്നെ തുലാസിലാക്കിയ മാറ്റ് ഹെൻറിയെ സാക്ഷിനിർത്തി സഞ്ജു തന്റെ സിംഹാസനത്തില്‍ തലയുയര്‍ത്തി ഇരുന്നു.
ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അഞ്ച് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. പരമ്പരയിലെ അവസാന പോരാട്ടം സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടന്നപ്പോൾ സഞ്ജുവിൽ നിന്ന് ആരാധകർ ഒരു വമ്പൻ ഇന്നിങ്സ് പ്രതീക്ഷിച്ചു. എന്നാൽ വെറും ആറ് റൺസിൽ സഞ്ജു മടങ്ങി. അന്ന് ഗ്രൗണ്ടിൽ കണ്ട ഒരു കാഴ്ച മലയാളി ക്രിക്കറ്റ് പ്രേമികളെ ഏറെ സങ്കടപ്പെടുത്തി. വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ഇഷാൻ കിഷന് കൈമാറി ഫോർ ലൈനിൽ നിരാശനായി നിൽക്കുന്ന സഞ്ജു. ആ മാറ്റം ലോകകപ്പിലും സഞ്ജുവിനെ ബെഞ്ചിലിരുത്താൻ കാരണമായി.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്തിരുന്നു. മൂന്നാം മത്സരത്തിൽ നമീബിയയ്ക്കെതിരെ ലഭിച്ച ചെറിയ അവസരത്തിൽ (8 പന്തിൽ 21 റൺസ്) തന്റെ ഫോം തെളിയിച്ചെങ്കിലും തൊട്ടടുത്ത കളിയിൽ വീണ്ടും പുറത്തായി. സൂപ്പർ എട്ടിന് മുൻപ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ആർക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്തും എന്ന മറുചോദ്യമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉന്നയിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ടീമിൽ മാറ്റങ്ങൾ അനിവാര്യമായി. സിംബാബ്വെക്കെതിരായ മത്സരത്തിൽ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. 15 പന്തിൽ 24 റൺസ് നേടി മികച്ച തുടക്കം നൽകിയ സഞ്ജുവിനെ പരിശീലകൻ ഗൗതം ഗംഭീർ ഡ്രസ്സിങ് റൂമിൽ വെച്ച് പ്രത്യേകം അഭിനന്ദിച്ചു. സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് ടീമിന് ഗുണകരമാകുന്നു എന്ന ഗംഭീറിന്റെ നിരീക്ഷണം സഞ്ജുവിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.
ലോകകപ്പ് ഫൈനലില്‍ ഹെൻറിയുടെ ആദ്യ ഓവറിലെ നാല് പന്തുകൾ സംയമനത്തോടെ പ്രതിരോധിച്ച സഞ്ജു. പക്വതയോടെ ബാറ്റ് വീശുന്ന മറ്റൊരു മുഖമായിരുന്നു അപ്പോള്‍ താരത്തിന്. പിന്നീട് അഞ്ചാം പന്തിൽ ഒരു ചുവട് മുന്നോട്ടാഞ്ഞു. ആ പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയിൽ പതിച്ചു. കേവലം ഇതൊരു സിക്സര്‍ ആയിരുന്നില്ല, നവംബർ 19ന് കണ്ണീരണിഞ്ഞ ആ മണ്ണിലും ഗ്യാലറിക്കുമുണ്ടായ കയ്പേറിയ ഓര്‍മ്മകള്‍ക്ക് മധുരപ്രതികാരം കൂടിയായിരുന്നു ഇത്. ലോക്കി ഫെർഗൂസന്റെ 147 കിലോമീറ്റർ വേഗതയെ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ബൗണ്ടറി കടത്തിയും രചിൻ രവീന്ദ്രയെ തുടർച്ചയായി മൂന്ന് തവണ ഗ്യാലറിയിൽ എത്തിച്ചും സഞ്ജു തന്റെ സംഹാരരൂപം പുറത്തെടുത്തു. 33 പന്തിൽ അർധസെഞ്ചുറി. തുടർച്ചയായ മൂന്ന് അർധസെഞ്ചുറികളുമായി ടി20 ലോകകപ്പ് ചരിത്രത്തിൽ വിരാട് കോലിക്കും അഫ്രീദിക്കുമൊപ്പം അയാൾ ഇരിപ്പുറപ്പിച്ചു.
ഒടുവിൽ കിരീടനേട്ടത്തിന് പിന്നാലെ സൂര്യകുമാർ യാദവ് ആ വിഴിഞ്ഞത്തുകാരനെ ചേർത്തുപിടിക്കുമ്പോൾ അത് 140 കോടി ജനങ്ങളുടെ നന്ദി പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങൾ, 321 റൺസ്, 24 സിക്സറുകൾ! സാക്ഷാൽ വിരാട് കോലിയുടെ റെക്കോഡും മറികടന്ന് ലോകകപ്പിലെ താരമായി സഞ്ജു മാറുമ്പോൾ വിഴിഞ്ഞം എന്ന തീരഗ്രാമം ലോകക്രിക്കറ്റിന്റെ നെറുകയിൽ അടയാളപ്പെടുത്തപ്പെട്ടു.
ഒരിക്കൽ സഞ്ജു പറഞ്ഞു- ‘ഞാനില്ലാതെ ടീമിന് കളിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നണം’. ആ കാലം എത്തിയിരിക്കുന്നു സഞ്ജു. സച്ചിനും ധോണിക്കും കോലിക്കും ശേഷം ഇന്ത്യൻ ഗ്യാലറികൾ ഇനി നിങ്ങൾക്കായി ആരവമുയര്‍ത്തും. തലമുറകൾ ഈ അഞ്ച് മത്സരങ്ങളെയും ഈ ഉയിർത്തെഴുന്നേൽപ്പിനെയും വാഴ്ത്തിപ്പാടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.