10 March 2026, Tuesday

കാലഹരണപ്പെട്ട അമുൽ ഉൽപ്പന്നങ്ങൾ ലേബൽ മാറ്റി വിൽപ്പന നടത്തി; ഒന്നര ലക്ഷം കിലോ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു

Janayugom Webdesk
ജയ്‌പൂർ
March 10, 2026 8:55 pm

കാലാവധി കഴിഞ്ഞ അമുൽ ബ്രാൻഡ് ഭക്ഷണസാധനങ്ങൾ പായ്ക്കറ്റിലെ തീയതി മാറ്റി വിൽക്കാൻ ശ്രമിച്ച വൻ തട്ടിപ്പ് രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ജയ്‌പൂരിലെ ഖോ നഗോറിയൻ മേഖലയിലുള്ള അത്‌ലറ്റ് ഡിസ്ട്രിബ്യൂട്ടർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1.5 ലക്ഷം കിലോ വരുന്ന ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. നൂഡിൽസ്, കെച്ചപ്പ്, മയോണൈസ്, എനർജി ഡ്രിങ്കുകൾ എന്നിവയുൾപ്പെടെ പന്ത്രണ്ടായിരത്തോളം കാർട്ടണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

സർക്കാരിന്റെ 181 ഹെൽപ്പ്‌ലൈനിൽ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പായ്ക്കറ്റുകളിൽ പ്രിന്റ് ചെയ്തിട്ടുള്ള കാലാവധി കഴിഞ്ഞ തീയതികൾ മായ്ക്കാൻ തിന്നർ, അസറ്റോൺ തുടങ്ങിയ രാസവസ്തുക്കൾ ഇവിടെ ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഏകദേശം 3000 കാർട്ടണുകളിലെ തീയതികൾ ഇത്തരത്തിൽ മായ്ച്ച നിലയിലായിരുന്നു. പഴയ സ്റ്റോക്ക് പുതിയ പായ്ക്കറ്റുകളിലാക്കാൻ സൂക്ഷിച്ചിരുന്ന 4500 പുതിയ അമുൽ കാർട്ടണുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

യൂട്യൂബ് വീഡിയോകൾ നോക്കിയാണ് തീയതികൾ മാറ്റുന്ന വിദ്യ പഠിച്ചതെന്ന് സ്ഥാപന ഉടമ ഗഗൻ അഹൂജ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിക്കാൻ 27 ട്രക്കുകളാണ് വേണ്ടിവന്നത്. ഗുജറാത്തിലെ കൈറ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ നിർമ്മിച്ച് അഡ്വാൻസിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിതരണം ചെയ്ത സാധനങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിയാറായ സാധനങ്ങൾ വലിയ വിലക്കുറവിൽ വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ലൈസൻസ് നേരത്തെ തന്നെ റദ്ദായതാണെന്നും പരിശോധനയിൽ വ്യക്തമായി. സ്ഥാപനം സീൽ ചെയ്ത അധികൃതർ ഇയാളെ ഭക്ഷ്യ ബിസിനസ് നടത്തുന്നതിൽ നിന്ന് വിലക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.