
മൂന്നാം ഇന്ത്യൻ വെൽസ് കിരീടം ലക്ഷ്യമിടുന്ന കാർലോസ് അൽക്കാരസ് പ്രീക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ ഫ്രാൻസിന്റെ ആർതർ റിൻഡർക്നെച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം തോല്പിച്ചത്. സ്കോര്‍ 6–7, 6–3, 6–2. 22കാരനായ അൽക്കാരസ് ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയിരുന്നു. തുടർന്ന് ഖത്തർ ഓപ്പൺ കിരീടവും നേടിയ താരം ഇന്ത്യൻ വെൽസിലെ ഈ രണ്ട് വിജയങ്ങളോടെ ഈ സീസണിൽ 14–0 എന്ന അപരാജിത റെക്കോഡിലെത്തി. രണ്ട് തവണ ഇന്ത്യൻ വെൽസ് ചാമ്പ്യനായിട്ടുള്ള അൽക്കാരസ് ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനായി 13-ാം സീഡ് നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിടും. വാലന്റിൻ വഷെറോട്ടിനെ 3–6, 6–3, 6–4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് റൂഡ് എത്തിയത്.
ലോക 72-ാം നമ്പർ താരം അമേരിക്കയുടെ അലക്സാണ്ടർ കൊവാസെവിച്ചിനെ തോല്പിച്ച് നൊവാക് ദ്യോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍. സ്കോര്‍ 6–4, 1–6, 6–4. 2017ന് ശേഷം ആദ്യമായി ദ്യോക്കോവിച്ച് ഇന്ത്യൻ വെൽസിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
അഞ്ച് ഇന്ത്യൻ വെൽസ് കിരീടങ്ങളുമായി സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ റെക്കോഡിനൊപ്പമാണ് ദ്യോക്കോവിച്ച്. എന്നാൽ 2016ലെ കിരീടനേട്ടത്തിന് ശേഷം ഇന്ത്യന്‍ വെല്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്താൻ സെർബിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടില്ല. ഇത്തവണ പ്രീക്വാർട്ടറിലെത്താൻ രണ്ട് ത്രീ സെറ്റർ മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കേണ്ടി വന്നു. വനിതാ സിംഗിള്‍സില്‍ എലീന റൈബാക്കിന, ഇഗ സ്വിയാടെക്ക് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്‍ താരം എലീന ഉക്രെയ്ന്റെ മാര്‍ത്ത കൊസ്ത്യൂക്കിനെ 6–4, 6–4 എന്ന സ്കോറിന് തോല്പിച്ചു. ഗ്രീക്ക് താരം മരിയ സക്കരിയെ മറികടന്നാണ് ഇഗ അവസാന 16ല്‍ ഇടംകണ്ടെത്തിയത്. സ്കോര്‍ 6–3, 6–2.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.