
ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ ഒമാനിലെ ഇന്ത്യൻ എംബസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ജലാതിർത്തി കടന്ന ഇറാനിയൻ കപ്പലിന്റെ കൃത്യമായ സ്ഥാനം ഇന്ത്യ ഇസ്രായേലിന് കൈമാറിയെന്ന് കരസേനാ മേധാവി അവകാശപ്പെടുന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംബസി വ്യക്തമാക്കി.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ‘ഡീപ്പ്ഫേക്ക്’ വീഡിയോയാണിതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. കരസേനാ മേധാവി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇന്ത്യയുടെ പ്രതിരോധ നിലപാടുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ഈ വീഡിയോയിലൂടെ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
“സൂക്ഷിക്കുക! ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിർമ്മിച്ച വ്യാജ വീഡിയോയാണ്,” എന്ന് എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് സത്യസന്ധത ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.