11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026

ഇറാന്‍ വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ അഭയം

Janayugom Webdesk
മെൽബൺ
March 11, 2026 9:46 pm

ഇറാനിലേക്ക് മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെ തുടർന്ന് ഇറാന്‍ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ചു. രണ്ട് താരങ്ങള്‍കൂടി ഇന്നലെ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ടോണി ബുര്‍ക്ക് പറഞ്ഞു. ഇതില്‍ ഒരാള്‍ ഇറാനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഏഷ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. മനുഷ്യാവകാശപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം എന്നാണ് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കിയത്. ടീമിന്റെ ആദ്യ മത്സരത്തിന് മുമ്പ് ഇറാന്‍ ദേശീയഗാനം പാടാൻ താരങ്ങൾ വിസമ്മതിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സംഭവം. താരങ്ങളുടെ നടപടി രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ വിമർശിച്ചു. ചില മാധ്യമങ്ങൾ ഇവരെ യുദ്ധകാല ദ്രോഹികൾ എന്നും വിശേഷിപ്പിച്ചു.

ഓസ്ട്രേലിയൻ പൊലീസിന്റെ സഹായത്തോടെ ടീം താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് താരങ്ങൾ രഹസ്യമായി പുറത്തുപോയതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ അവർ ഓസ്ട്രേലിയയിലെ സുരക്ഷിതമായ ഒരു രഹസ്യസ്ഥലത്താണ് കഴിയുന്നതെന്ന് അധികൃതർ അറിയിച്ചു. സഹ്‌റ സർബാലി അലീഷാ, മോന ഹമൂദി, സഹ്‌റ ഗാൻബാരി, ഫാത്തിമെ പസന്ദിദെ, ആതെഫെ റമസാനിസാദെ എന്നിവരാണ് അഭയം ലഭിച്ച താരങ്ങൾ. ഫിലിപ്പീൻസിനോട് 2–0ന് തോറ്റതോടെ ഇറാന്റെ വനിതാ ടീം ഏഷ്യൻ കപ്പ് ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. ഇറാനിലേക്ക് മടങ്ങിയാൽ ശിക്ഷ നേരിടേണ്ടി വരുമോയെന്ന ആശങ്ക താരങ്ങളിൽ ശക്തമായിരുന്നു. കുടുംബാംഗങ്ങൾക്കെതിരെ പ്രതികാരം ഉണ്ടാകാമെന്ന ഭയമാണ് കാരണം. നിർബന്ധിച്ച് തിരികെ അയച്ചാൽ താരങ്ങളുടെ ജീവനു പോലും ഭീഷണി ഉണ്ടാകാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ടീമിനെ ആദ്യം ദുബായ് വഴി ഇറാനിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ അത് സാധ്യമാകാതെ വന്നതോടെ മലേഷ്യയിലൂടെയോ തുർക്കിയിലൂടെയോ മടക്കയാത്ര ഒരുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021ൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ വനിതകൾക്ക് കായികരംഗത്ത് വിലക്ക് ഏർപ്പെടുത്തിയപ്പോൾ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീമംഗങ്ങൾക്കും ഓസ്ട്രേലിയ അടിയന്തര വിസ നൽകിയിരുന്നു.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.