11 March 2026, Wednesday

ലോക്‌സഭാ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; സഭയില്‍ വാക്ക്പോര്

മോഡി സന്ധിചെയ്തുവെന്ന് രാഹുല്‍
Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2026 10:12 pm

ലോക്‌സഭാ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലും പ്രതിപക്ഷ ആക്രമണത്തില്‍ സഭ നിര്‍ത്തിവച്ച് രക്ഷപ്പെട്ട് ട്രഷറിബെഞ്ച്. സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. ഇന്നലെ രാവിലെ മുതല്‍ നടന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് അവിശ്വാസ പ്രമേയം തള്ളിയത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് സമയം ചെലവഴിച്ചത്. പാര്‍ലമെന്ററി രാഷ്ടീയത്തില്‍ അങ്ങേയറ്റം ഖേദകരമായ ഒരു നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സഭാനാഥന്‍ എന്ന നിലയില്‍ സ്വന്തം കടമ വിസ്മരിക്കുന്ന സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായി അധഃപതിച്ചതായി ആര്‍ജെഡി എംപി അഭയ് കുമാര്‍ സിന്‍ഹ ആരോപിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 140 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പ്രതിപക്ഷ എംപിമാര്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്ന ആദ്യത്തെ സ്പീക്കറാണ് ഓം ബിര്‍ളയെന്ന് ജെഎംഎം എംപി വിജയ് കുമാര്‍ ഹാന്‍സ്ദക് പറഞ്ഞു. സ്പീക്കര്‍ ഒരുവശത്തേക്ക് മാത്രം കറങ്ങുന്ന ടേബിള്‍ ഫാനായി മാറിയെന്ന് എന്‍സിപി എംപി ബജ്‌രംങ് മനോഹര്‍ സോന്‍വാനെ വിശേഷിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവും സ്പീക്കറുടെ ചെയ്തികള്‍ക്കെതിരെ ആഞ്ഞടിച്ചു. ഇന്ത്യ — യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തെ വഞ്ചിച്ച പ്രധാനമന്ത്രി ‍ഡൊണാള്‍ഡ് ട്രംപിന് അടിയറവ് പറഞ്ഞതായും ആദ്ദേഹം ആരോപിച്ചു.
ചൈനീസ് ആര്‍മി കടന്നുകയറ്റം സംബന്ധിച്ച രാഹുലിന്റെ ആരോപണത്തിനെതിരെ ബിജെപി എംപി രവിശങ്കര്‍ പ്രസാദ് രൂക്ഷമായി പ്രതികരിച്ചത് സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്നാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി ചെയര്‍ അറിയിച്ചത്.
രാജ്യസഭയില്‍ ഗ്രാമീണ വികസനം, തൊഴിവലസരം , കര്‍ഷകകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച പുരോഗമിച്ചത്. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar