
യൂറോപ്യൻ പോരാട്ടത്തിലെ കരുത്തരുടെ മാറ്റുരയ്ക്കലിൽ മാഞ്ചസ്റ്റർ സിറ്റിയെ നിലംപരിശാക്കി റയൽ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ ഇംഗ്ലീഷ് ക്ലബ്ബിനെ വീഴ്ത്തിയത്. വെറും 22 മിനിറ്റിനിടെ ഹാട്രിക് തികച്ച ഫെഡറിക്കോ വാൽവെർഡെയാണ് റയലിന്റെ വിജയശില്പി. 20-ാം മിനിറ്റില്‍ സിറ്റിയുടെ ഗോൾകീപ്പർ ജിയാൻലൂജി ദൊന്നരുമയെ കാഴ്ചക്കാരനാക്കി വാൽവെർഡെ ആദ്യ ഗോൾ നേടി. 27-ാം മിനിറ്റില്‍ ബോക്സിന് 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട പോലെയുള്ള ഇടങ്കാലൻ ഷോട്ടിലൂടെ രണ്ടാം ഗോളും കണ്ടെത്തി. 42-ാം മിനിറ്റില്‍ ബ്രാഹിം ഡയസിന്റെ പാസിൽ നിന്ന് ഹാട്രിക് പൂർത്തിയാക്കി വാൽവെർഡെ ബെർണാബ്യുവിനെ ആവേശത്തിലാക്കി. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലീഡ് നാലായി ഉയർത്താൻ റയലിന് അവസരം ലഭിച്ചെങ്കിലും വിനീഷ്യസ് ജൂനിയറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ദൊന്നരുമയുടെ തകർപ്പൻ സേവാണ് വിനീഷ്യസിന് തിരിച്ചടിയായത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ തുടർച്ചയായ അഞ്ചാം തവണയാണ് സിറ്റിയും റയലും ഏറ്റുമുട്ടുന്നത്. ഇതിൽ 10 മത്സരങ്ങളിൽ ഏഴിലും വിജയിക്കാൻ റയലിന് സാധിച്ചു എന്നത് സിറ്റിക്ക് മേലുള്ള അവരുടെ വ്യക്തമായ ആധിപത്യം തെളിയിക്കുന്നു. ഈ മാസം 18ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം നടക്കുക.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്‌സണലിന് സമനിലക്കുരുക്ക്. ജർമ്മൻ ക്ലബ്ബായ ബയർ ലെവർകൂസനുമായി നടന്ന ആവേശപ്പോരാട്ടം ഓരോ ഗോൾ വീതം നേടി ഇരുടീമുകളും തുല്യത പാലിച്ചു. തോൽവിയുടെ വക്കിൽ നിന്നാണ് മുൻ ലെവർകൂസൻ താരം കൈ ഹാവെർട്‌സിലൂടെ ആഴ്‌സണൽ സമനില പിടിച്ചെടുത്തത്. സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലെവർകൂസൻ റോബർട്ട് ആൻഡ്രിച്ചിന്റെ ഗോളിലൂടെയാണ് മത്സരത്തിൽ മുന്നിലെത്തിയത്. തുടക്കം മുതൽ ആഴ്‌സണൽ പ്രതിരോധത്തെ സമ്മർദത്തിലാക്കാൻ അവർക്ക് സാധിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ആഴ്‌സണലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മുൻ ക്ലബ്ബിനെതിരെ സമ്മർദമില്ലാതെ കിക്കെടുത്ത കൈ ഹാവെർട്‌സ് പന്ത് വലയിലെത്തിച്ച് ആഴ്‌സണലിന് ആശ്വാസകരമായ സമനില സമ്മാനിച്ചു. ഇനി ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.