
ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാർ 10 വർഷം പൂർത്തിയാക്കുകയാണ്. വികസനക്ഷേമ പ്രവർത്തനങ്ങളിൽ പുതുചരിത്രം രചിച്ച വർഷങ്ങളാണ് കടന്നുപോയത്. രാജ്യത്തിനാകെ മാതൃകയും വഴികാട്ടിയുമായ ഒരു ജനപക്ഷ ബദൽ എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചവയാണ് കഴിഞ്ഞ വർഷങ്ങൾ. ഒരു ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് ജനങ്ങളുടെ ഭക്ഷ്യഭദ്രത. “വിശക്കുന്നവന്റെ മുന്നിൽ ഈശ്വരൻ പോലും അന്നത്തിന്റെ രൂപത്തിലേ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കൂ” എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വിശപ്പിന്റെ വിളി രാജ്യത്തിന്റെ പലഭാഗത്ത് നിന്നും നാം കേൾക്കുന്നു. എന്നാൽ വിശപ്പില്ലാത്ത ഒരു കേരളം യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിഞ്ഞു. ഇത് യാദൃച്ഛികമല്ല. സാമൂഹ്യനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച രാഷ്ട്രീയ‑ഭരണ നയങ്ങളാണ് മറ്റ് ഒട്ടനേകം മികവുകളോടൊപ്പം ഇതും സാധ്യമാക്കിയത്. കോവിഡ് മഹാമാരിയും പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലങ്ങളിലും ഒരാളെയും പട്ടിണിക്കിടാതെ ചേർത്തുപിടിക്കാൻ നമുക്ക് കഴിഞ്ഞത് ആ നയങ്ങളോടുളള അചഞ്ചലമായ പ്രതിബദ്ധത കൊണ്ടാണ്. അത് നടപ്പാക്കാനുള്ള ധീരതയും ഇച്ഛാശക്തിയും കൊണ്ടാണ്. കഴിഞ്ഞ 10 വർഷക്കാലം ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ അവസാനത്തെ ഏടാണ് ഇന്ന് 65,000 മുൻഗണനാകാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കുന്നതോടെ നടപ്പാകുന്നത്. ഇതോടെ ഈ സർക്കാരിന്റെ കാലയളവിൽ തരംമാറ്റി നൽകുന്ന ഏഴ് ലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം പൂർത്തിയാവുകയാണ്.
എന്താണ് മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻകാർഡുകൾ തരംമാറ്റുന്നതിന്റെ സാമൂഹികപ്രസക്തി? 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ‘ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ’ എന്ന ആശയം സ്വീകരിച്ചപ്പോൾ 1965 മുതൽ സാർവത്രിക റേഷനിങ് നിലനിന്ന നമ്മുടെ സംസ്ഥാനത്തിന് വലിയ ആഘാതമായിത്തീർന്നു. കേരളത്തിൽ ഗ്രാമങ്ങളിലെ 52.63, നഗരങ്ങളിലെ 39.5% വീതം ജനങ്ങൾ മാത്രമാണ് മുൻഗണനാവിഭാഗത്തിൽ — അതായത് അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക് കാർഡ്) — ഉൾപ്പെട്ടത്. ആകെ 1,54,80, 040 ഗുണഭോക്താക്കൾ മാത്രം. ബാക്കിയുള്ള മലയാളികൾ റേഷൻ ആനുകൂല്യത്തില്‍ നിന്ന് പുറത്തായി. 16 ലക്ഷത്തിലധികം മെട്രിക് ടണ്‍ ആയിരുന്ന സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്‍ മാത്രമായി പരിമിതപ്പെട്ടു. എല്ലാ ജനങ്ങൾക്കും റേഷൻ നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. അനുവദിക്കപ്പെട്ട വിഹിതത്തിൽ മുൻഗണനാ വിഭാഗത്തിന് നീക്കിവച്ചത് കഴിച്ചുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നീല, വെള്ള റേഷൻ കാർഡുകാർക്ക് സംസ്ഥാനത്ത് റേഷൻ നൽകുന്നത്. 8.30 രൂപ നൽകി വാങ്ങിയാണ് നാല് രൂപയ്ക്ക് നീല കാർഡുകാർക്ക് നൽകുന്നത്.
അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ അത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അത്തരം കുടുംബങ്ങൾക്ക് മുഴുവന്‍ മുൻഗണനാകാർഡുകൾ ലഭ്യമാക്കുന്നതിന് വേണ്ടി തീവ്രമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹരായവർക്ക് പിഴയോ ശിക്ഷയോ കൂടാതെ അത് സറണ്ടർ ചെയ്യാൻ അവസരം നൽകി. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് 2,17,665 കാർഡുകൾ തിരിച്ചേല്പിക്കപ്പെട്ടു. നിയമവിരുദ്ധമായി തുടർന്നും കൈവശം വച്ച 17,596 കാർഡുകൾ കണ്ടുകെട്ടുകയും 4,19,19,456 രൂപ പിഴയായി ഈടാക്കുകയുംചെയ്തു. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഇപ്രകാരം ഒരു തുടർപ്രക്രിയയായി നടന്നുവരുന്നു.
ഈ വിധത്തിലെല്ലാം ഒഴിവുവന്ന 6,50,258 മുൻഗണനാകാർഡുകൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ അർഹരായ കുടുംബങ്ങൾക്ക് തരംമാറ്റി നല്‍കിയിട്ടുണ്ട്. വീണ്ടും തരംമാറ്റത്തിന് നൽകിയ അവസരത്തിൽ അപേക്ഷിച്ചവരിൽ അർഹരായ 65,000 കുടുംബങ്ങൾക്ക് കാർഡ് നല്‍കുന്നതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
രാജ്യത്തിന് തന്നെ മാതൃകയായ ഒട്ടേറെ പ്രവർത്തനങ്ങൾ മറ്റെല്ലാ മേഖലകളിലും എന്നതുപോലെ ഭക്ഷ്യ പൊതുവിതരണത്തിന്റെയും വിപണി ഇടപെടലിന്റെയും രംഗത്തും കേരളം കാഴ്ചവച്ചിട്ടുണ്ട്. ഒരു ഭക്ഷ്യക്കമ്മി — ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. സ്വാഭാവികമായി ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയും ഇവിടെയാണ്. എന്നാൽ സപ്ലൈകോ വഴി നടത്തുന്ന മാതൃകാപരമായ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ഇത് തടഞ്ഞുനിർത്താൻ കഴിയുന്നു. 1628ലധികം ചില്ലറ വില്പനശാലകൾ സപ്ലൈകോയ്ക്ക് സംസ്ഥാനത്തുണ്ട്. 2016ലെ സർക്കാരിന്റെ നയപരമായ തീരുമാനപ്രകാരം ആ സർക്കാരിന്റെ കാലയളവിൽ അഞ്ച് വർഷവും അവശ്യവസ്തുക്കൾ സപ്ലൈകോ വഴി വിലവർധനവില്ലാതെ വിതരണംചെയ്തു. രണ്ടാം സർക്കാരിന്റെ കാലയളവിൽ മൂന്ന് വർഷം കൂടി ഇത് തുടർന്നു. 2024 ഫെബ്രുവരിയിൽ നടത്തിയ യുക്തിസഹമായ ഒരു പരിഷ്കരണത്തിന് ശേഷവും 30% വിലക്കുറവിൽ അവശ്യസാധനങ്ങൾ നൽകുന്നു. ഓണം ഉൾപ്പെടെയുള്ള ഉത്സവാഘോഷവേളകളിൽ പ്രത്യേക ചന്തകൾ സംഘടിപ്പിക്കുന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും വിലവർധന തടയാൻ സവിശേഷമായ ഇടപെടലുകൾ സപ്ലൈകോ നടത്തുന്നു. കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണ വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായപ്പോൾ നടത്തിയ വിപണി ഇടപെടൽ ഫലപ്രദമായി. കേരളത്തിൽ വിലക്കയറ്റം കൂടുതലാണെന്ന ഒരു പ്രചാരണം രാജവ്യാപകമായി നടക്കുന്നുണ്ട്. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. പണപ്പെരുപ്പ നിരക്കുകളുടെ വർധനവ് കണക്കാക്കുന്നത് അടിസ്ഥാനവർഷത്തിൽ നിന്നും ഉണ്ടാകുന്ന വർധനവ് കണക്കാക്കിയാണ്. തൊട്ട് മുമ്പിലുള്ള വർഷത്തിൽ നിന്നും എത്ര ശതമാനം വർധനവ് എന്ന കണക്കിൽ. പണപ്പെരുപ്പ നിരക്കുകൾ കൂടിയാലും കേവലവിലകൾ കുറഞ്ഞിരിക്കാം. നേരെമറിച്ച്, പണപ്പെരുപ്പ നിരക്കുകൾ കുറഞ്ഞാലും കേവലവിലകൾ കൂടിയെന്നും വരാം.
സമീപകാലത്ത് സ്വർണത്തിനും വെളിച്ചെണ്ണയ്ക്കുമുണ്ടായ വിലവർധനവാണ് പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്. കൂടാതെ കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന കൂലിനിരക്കും തൽഫലമായ ഉയർന്ന ക്രയശേഷിയും ഇതിന് കാരണമാകുന്നു. ചുരുക്കത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കേവലവിലകൾ താരതമ്യം ചെയ്യാൻ പണപ്പെരുപ്പ സൂചകങ്ങൾ തയ്യാറാക്കുന്ന രീതി ശാസ്ത്രീയമല്ല. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത മാതൃകാപരമായ വിപണി ഇടപെടൽ സംവിധാനത്തിലൂടെ വിലക്കയറ്റം പരമാവധി തടഞ്ഞുനിർത്തുന്ന സംസ്ഥാനമാണ് കേരളം എന്നതാണ് യാഥാർത്ഥ്യം. ഇത്തരം നേട്ടങ്ങളെല്ലാം ഉറപ്പിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് നമുക്ക് മുന്നേറേണ്ടതുണ്ട്. 2031ലെ കേരളം എപ്രകാരം ആയിരിക്കണമെന്നതിനെ സംബന്ധിച്ച ആശയങ്ങൾ സ്വരൂപിക്കുന്നതിനായി സംസ്ഥാന സർക്കാർ വിഷയാധിഷ്ഠിത സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ രേഖകളാക്കി മാറ്റി ഭാവിയിലെ കർമ്മപദ്ധതിയായി നടപ്പിലാക്കപ്പെടും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സെമിനാർ “ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷക ഭദ്രതയിലേക്ക്”, “ഉപഭോക്തൃ മേഖല ചൂഷണമുക്തം സംതൃപ്തം” എന്നീ ആശയങ്ങളാണ് മുന്നോട്ടുവച്ചത്. ഇവയ്ക്ക് സമൂർത്ത രൂപം നൽകുന്ന വിഷൻ ഡോക്യുമെന്റ് ഇന്നത്തെ പരിപാടിയിൽ പ്രകാശനം ചെയ്യപ്പെടും. ജനപക്ഷ ഭരണനയങ്ങളുടെ വിജയത്തിലൂടെയാണ് വിശപ്പില്ലാത്ത ഒരു കേരളം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞത്. നവകേരളത്തിലേക്ക് മുന്നേറുമ്പോൾ അവിടെ നിന്നും ഒരു ചുവട് കൂടി മുന്നോട്ടുവയ്ക്കുകയാണ്. അതിനായി ആത്മവിശ്വാസത്തോടെയുള്ള ഒരു കാൽവയ്പാണ് വകുപ്പ് ഇന്നിവിടെ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.