12 March 2026, Thursday

യുദ്ധത്തീയിൽ കത്തുന്ന ഇന്ത്യൻ വയലുകൾ

കെ വി വസന്തകുമാർ
(എഐകെഎസ് സംസ്ഥാന പ്രസിഡന്റ്)
March 13, 2026 4:40 am

ലോക രാഷ്ട്രീയത്തിലെ ഓരോ വലിയ സംഘർഷത്തിന്റെയും യഥാർത്ഥ വിലകൊടുക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. പ്രത്യേകിച്ച് കർഷകർ. ഇന്ന് അമേരിക്ക — ഇസ്രയേൽ നേതൃത്വത്തിലുള്ള ഇറാനെതിരായ യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ കാണുമ്പോൾ അത് വീണ്ടും വ്യക്തമാവുകയാണ്. യുദ്ധം നടക്കുന്നത് പടിഞ്ഞാറൻ ഏഷ്യയിൽ ആയിരിക്കാം. പക്ഷെ അതിന്റെ തീ ഇന്ത്യയിലെ വയലുകളിലേക്ക് പടർന്നുകഴിഞ്ഞു. യുദ്ധത്തിന്റെ അലയടികൾ ഇന്ത്യയിലെ കർഷകരുടെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ തുടങ്ങിയിരിക്കുന്നു. യുദ്ധം ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വ്യാപാര കപ്പലുകൾക്ക് തടസങ്ങൾ ഉണ്ടാകുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൃഷി കയറ്റുമതി നിലച്ചു. ഇതിന്റെ ഫലമായി ഇന്ത്യൻ കർഷകർ നേരിടുന്ന സാമ്പത്തിക ദുരന്തം ഭീകരമാണ്. എന്നാൽ ഈ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം യുദ്ധം മാത്രമല്ല. അതിനേക്കാൾ ആഴത്തിലുള്ള പ്രശ്നം ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സാമ്പത്തിക — രാഷ്ട്രീയ നിലപാടുകളാണ്. യുദ്ധം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡിന്റെ വില വീണ്ടും ഉയർന്നു. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇതേ സാഹചര്യത്തിലാണ് ഇന്ത്യ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ തുറന്ന വിമർശനവും ഭീഷണിയും ഉയർത്തുന്നത്. ഇത് ഒരു സ്വതന്ത്ര രാജ്യത്തിന്റെ നയങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ സമ്മർദത്തിന്റെ ഉദാഹരണമാണ്. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ അതിന്റെ ഭാരം അവസാനം എത്തിപ്പെടുന്നത് സാധാരണക്കാരുടെ മേലാണ്, കർഷകരുടെ മേലാണ്. ഡീസൽ വില ഉയരും. വള നിർമ്മാണ ചെലവ് ഉയരും. ഗതാഗത ചെലവ് ഉയരും. എല്ലാം ചേർന്ന് കൃഷിയുടെ ഉല്പാദന ചെലവ് വീണ്ടും കുതിച്ചുയരും. ഇതിനകം തന്നെ കടബാധ്യതയിൽ മുങ്ങിക്കിടക്കുന്ന കർഷകർക്കിത് താങ്ങാവുന്നതിലും അപ്പുറമാണ്. 

ഇന്ത്യയുടെ കൃഷി കയറ്റുമതികളിൽ വലിയൊരു വിഹിതവും ഗൾഫ് രാജ്യങ്ങളിലേക്കാണ്. ഈ വ്യാപാരങ്ങൾക്ക് പ്രധാനമായും വഴിയൊരുക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഏകദേശം 56% ഇന്ത്യന്‍ വ്യാപാര കപ്പലുകളും ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ കടലിടുക്ക് തടസപ്പെട്ടതോടെ കൃഷി കയറ്റുമതി രംഗം തകർന്നിരിക്കുകയാണ്. ബ‌സ്മതി അരി കയറ്റുമതിയാണ് ഏറ്റവും വലിയ ഉദാഹരണം. ഏകദേശം നാല് ലക്ഷം ടൺ ബസ്മതി കയറ്റുമതി ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. ഇതിന്റെ മൂല്യം ഏകദേശം 3,200 കോടി രൂപ വരും. ഇതിൽ രണ്ട് ലക്ഷം ടൺ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് ലക്ഷം ടൺ കടലിൽ കപ്പലുകളിലും. ഇതിന്റെ ഫലമായി നാല് ദിവസങ്ങൾക്കുള്ളിൽ വില ആറ് ശതമാനം വരെ കുറഞ്ഞു. ഏകദേശം 25 മുതൽ 30 ലക്ഷം വരെ കർഷക കുടുംബങ്ങളുടെ വരുമാനത്തെ ഇത് നേരിട്ട് ബാധിച്ചു. സോലാപൂരിലെ വാഴ കർഷകരുടെ അവസ്ഥ അതിലും ദയനീയമാണ്. 1,200 കണ്ടെയ്നറുകൾ കോൾഡ് സ്റ്റോറേജുകളിൽ കുടുങ്ങികിടക്കുകയാണ്. വിളവെടുപ്പ് തന്നെ നിർത്തിവയ്ക്കേണ്ടിവന്നിരിക്കുകയാണ്. ഓരോ കണ്ടെയ്നറിനും ദിവസേന 85,00 രൂപ വരെ ഡെമറേജ് ചാർജ് അടയ്ക്കേണ്ടിയും വരുന്നു. മഹാരാഷ്ട്രയിലെ മുന്തിരി കർഷകരും വലിയ പ്രതിസന്ധിയിലാണ്. ഏകദേശം 6000 ടൺ മുന്തിരി കയറ്റുമതി അപകടത്തിലായി. നാസിക്കിലെ സവാള കർഷകരുടെ അവസ്ഥയും സമാനമാണ്. 5400 ടൺ സവാള ജെഎൻപിടി തുറമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. ദുബായ് വിപണി അടഞ്ഞതോടെ ഈ വിള നശിച്ചുപോകാം എന്ന ഭീഷണിയിലാണ്. കോഴിവളർത്തൽ മേഖലയിലും വലിയ പ്രതിസന്ധിയുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട 80 ലക്ഷം മുട്ടകൾ പ്രതിദിന കയറ്റുമതി തടസപ്പെട്ടു. ഇതോടെ ആഭ്യന്തര വിപണിയിൽ വില ഇടിഞ്ഞു. 

രാജ്യം ഇത്തരം പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോളും കേന്ദ്ര സർക്കാരിന്റെ പ്രതികരണങ്ങൾ തികച്ചും നിരുത്തരവാദപരമാണ്. “സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന പൊതുവായ പ്രസ്താവനകൾക്കപ്പുറം യാതൊരു അടിയന്തര നടപടിയും പ്രഖ്യാപിച്ചിട്ടില്ല. മോഡി സർക്കാർ അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന നയമാണ് പിന്തുടരുന്നത്. ക്വാഡ് പോലുള്ള അമേരിക്കൻ സഖ്യങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. ഇത് വെറും സൈനിക സഹകരണങ്ങൾ മാത്രമല്ല. സാമ്പത്തിക നയങ്ങളിലും ഇവയുടെ സ്വാധീനം പ്രകടമാണ്. കാർഷിക മേഖലയെ പോലും അന്താരാഷ്ട്ര വ്യാപാര ചർച്ചകളുടെ ഭാഗമാക്കുകയും വലിയ കോർപറേറ്റുകൾക്ക് ഇന്ത്യൻ കൃഷി വിപണി തുറന്നുകൊടുക്കുകയുമാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഒരു സത്യമാണ് സാമ്രാജ്യത്വ യുദ്ധങ്ങൾ എല്ലായ്പ്പോഴും സാധാരണ ജനങ്ങളുടെ ജീവിതത്തെ തകർക്കുന്നുവെന്നത്. ഇന്ന് ലോകത്തിലെ വലിയ ശക്തികൾ തമ്മിലുള്ള സംഘർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ സംഘർഷത്തിന്റെ ഭാഗമായാണ് പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പ്രധാന ലക്ഷ്യം ലോകത്തിലെ ഊർജ വിഭവങ്ങളും വ്യാപാര വഴികളും നിയന്ത്രിക്കുക എന്നതാണ്. ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങൾ അതുകൊണ്ടാണ് സംഘർഷങ്ങളുടെ കേന്ദ്രമായി മാറുന്നത്. പക്ഷേ സംഘർഷങ്ങളുടെ യഥാർത്ഥ വില കൊടുക്കേണ്ടി വരുന്നത് ഇറാനിലോ ഇറാഖിലോ ജീവിക്കുന്ന ജനങ്ങൾ മാത്രമല്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ കർഷകരും തൊഴിലാളികളും കൂടിയാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾ ഇന്ത്യന്‍ കാർഷിക മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണ്. കർഷക ആത്മഹത്യകൾ ഗ്രാമീണ സമൂഹത്തിന്റെ ദാരുണമായ യാഥാർത്ഥ്യമായി മാറി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര യുദ്ധത്തിന്റെ ആഘാതവും കർഷകർ നേരിടേണ്ടി വരുന്നത്. 

2020–21 കാലഘട്ടത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നാണ് കർഷക സമരം. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്തുടനീളം കർഷകർ ഒന്നിച്ചു നിന്നു. വർഷങ്ങളോളം നീണ്ട സമരത്തിന്റെ ഫലമായി സർക്കാർ അവസാനം ആ നിയമങ്ങൾ പിൻവലിച്ചു. ഈ സമരം ഇന്ത്യയിലെ കർഷക സമൂഹത്തിന്റെ ശക്തി തെളിയിച്ചതിനോടൊപ്പം ഒരു വലിയ സത്യവും വ്യക്തമാക്കിത്തന്നു. കർഷകർ സംഘടിതരാകുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾ പോലും സാധ്യമാകും. ഇന്നത്തെ പ്രതിസന്ധിയിൽ ഏറ്റവും ആവശ്യമായത് കർഷകർക്കുള്ള അടിയന്തര സാമ്പത്തിക സഹായമാണ്. ബസ്മതി അരി, വാഴ, മുന്തിരി, മാമ്പഴം, മാതളനാരങ്ങ തുടങ്ങിയ കയറ്റുമതി വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 50,000 രൂപ അടിയന്തര സഹായം നൽകണം. നാഫെഡ്, എഫ്‌സിഐ പോലുള്ള സർക്കാർ ഏജൻസികൾ കുടുങ്ങിക്കിടക്കുന്ന, നശിക്കപ്പെടാവുന്ന വിളകൾ ഉടൻ സംഭരിക്കണം. തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിളകൾക്ക് ഡിമറേജ്, സംഭരണച്ചെലവ് എന്നിവ സർക്കാർ ഏറ്റെടുക്കണം. ബാധിത കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കര്‍ഷകത്തൊഴിലാളികൾക്കും തുറമുഖ തൊഴിലാളികൾക്കും പ്രത്യേക സഹായനിധി രൂപീകരിക്കണം. ഈ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരങ്ങൾ മാത്രം മതിയാകില്ല. ഇന്ത്യയുടെ കാർഷിക നയം തന്നെ അടിസ്ഥാനപരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. കൃഷിയെ അന്താരാഷ്ട്ര കോർപറേറ്റ് വ്യാപാരത്തിന്റെ നിയന്ത്രണത്തിൽ നിന്ന് സംരക്ഷിക്കണം. പൊതു ശേഖരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കർഷകർക്ക് ഉറപ്പായ വരുമാനം നൽകുന്ന നയങ്ങൾ നടപ്പാക്കണം. സബ്‌സിഡികൾ വർധിപ്പിക്കണം. കൃഷിയെ ഒരു സാമൂഹിക ഉത്തരവാദിത്തമായി കാണുന്ന സമീപനം സർക്കാർ സ്വീകരിക്കണം. സാമ്രാജ്യത്വ ശക്തികളുമായി ചേർന്നുനിൽക്കുന്ന നയങ്ങൾ ഇന്ത്യയെ സുരക്ഷിതമാക്കുന്നില്ല. മറിച്ച് രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും കൂടുതൽ അപകടത്തിലാക്കുകയാണ്. കർഷകന്റെ ജീവിതം സംരക്ഷിക്കുന്ന നയങ്ങളാണ് രാജ്യത്തിന് ആവശ്യം. അത് മനസിലാക്കാതെ മുന്നോട്ട് പോകുന്ന സർക്കാരിന് ഒടുവിൽ ജനകീയ പ്രതിരോധങ്ങള്‍ നേരിടേണ്ടി വരും. ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇന്നും ഒരു സത്യം നിലകൊള്ളുന്നു. വയലുകളെ രക്ഷിക്കാൻ വേണ്ടിവന്നാൽ, കർഷകർ വീണ്ടും സംഘടിക്കും. ആ സംഘടിതശക്തിക്ക് മുമ്പിൽ സാമ്രാജ്യത്ത ശക്തികൾക്ക് മുട്ടുമടക്കേണ്ടിവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.