
2026 ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പ്രകടനത്തെയും തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടൂർണമെന്റിലെ “ഏറ്റവും മണ്ടൻ ടീം” സൗത്ത് ആഫ്രിക്ക ആണെന്നാണ് വോണിന്റെ പരിഹാസം. ഇന്ത്യ കിരീടം നേടാൻ കാരണമായത് ദക്ഷിണാഫ്രിക്കയുടെ തന്ത്രപരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു.
‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വോണിന്റെ വിവാദ പ്രതികരണം. സൂപ്പർ എട്ട് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനോട് മനപ്പൂർവം തോറ്റിരുന്നെങ്കിൽ ഇന്ത്യയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാനാകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയെപ്പോലുള്ള കരുത്തരായ ടീമുകളെ ആദ്യ ഘട്ടങ്ങളിലേ പുറത്താക്കുന്നതാണ് കിരീടത്തിലേക്കുള്ള എളുപ്പവഴിയെന്നും, എന്നാൽ ആ സുവർണ്ണാവസരം ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയെന്നും വോൺ പറഞ്ഞു.
സൂപ്പർ എട്ട് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതോടെ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ പിന്നീട് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് വഴി തെളിഞ്ഞത്. തുടർന്ന് സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളെ പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം ചൂടുകയായിരുന്നു.
ടൂർണമെന്റിൽ തോൽവി അറിയാതെ സെമിഫൈനൽ വരെയെത്തിയ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡിനോട് പരാജയപ്പെട്ടാണ് പുറത്തായത്. ഒരു കായിക ടീമിനെതിരെ മൈക്കൽ വോൺ നടത്തിയ അധിക്ഷേപ പരാമർശം ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.