13 March 2026, Friday

‘അഡോബി’ സിഇഒ ശന്തനു നാരായൺ സ്ഥാനമൊഴിയുന്നു; 18 വർഷത്തെ നേതൃത്വത്തിന് വിരാമം

Janayugom Webdesk
വാഷിങ്ടൺ
March 13, 2026 3:49 pm

ആഗോള സോഫ്റ്റ്‌വെയർ ഭീമനായ അഡോബിയുടെ സിഇഒ ശന്തനു നാരായൺ പദവിയിൽ നിന്ന് ഒഴിയാൻ തീരുമാനിച്ചു. കഴിഞ്ഞ 18 വർഷമായി കമ്പനിയുടെ തലപ്പത്തുള്ള അദ്ദേഹം, അഡോബിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സിഇഒ പദവി വഹിച്ച വ്യക്തിയാണ്. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്നും അതിനുശേഷം ബോർഡ് ചെയർമാനായി കമ്പനിയെ പിന്തുണയ്ക്കുമെന്നും അഡോബി അറിയിച്ചു.

പുതിയ നേതൃത്വത്തെ കണ്ടെത്താനായി സ്വതന്ത്ര ഡയറക്ടർ ഫ്രാങ്ക് കാൽഡെറോണിയുടെ നേതൃത്വത്തിൽ പ്രത്യേക സെർച്ച് കമ്മിറ്റിക്ക് കമ്പനി രൂപം നൽകിയിട്ടുണ്ട്. 2007ൽ സിഇഒ ആയി ചുമതലയേറ്റ ശന്തനു നാരായണിന്റെ കീഴിലാണ് അഡോബി ലോകത്തെ മുൻനിര ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ കമ്പനിയായി മാറിയത്. സോഫ്റ്റ്‌വെയറുകൾ നേരിട്ട് വിൽക്കുന്ന രീതിക്ക് പകരം സബ്സ്ക്രിപ്ഷൻ മോഡൽ നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നീക്കമായിരുന്നു.

അദ്ദേഹത്തിന്റെ കാലയളവിൽ അഡോബിയുടെ വരുമാനം ഒരു ബില്യൺ ഡോളറിൽ നിന്ന് 25 ബില്യൺ ഡോളറിലേക്ക് കുതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കമ്പനിയെ മുൻനിരയിൽ എത്തിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ഫോട്ടോഷോപ്പ്, അക്രോബാറ്റ്, ഇല്ലസ്‌ട്രേറ്റർ തുടങ്ങിയ സേവനങ്ങൾ ആഗോളതലത്തിൽ വലിയ പ്രചാരം നേടിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം 1998ലാണ് അഡോബിയിൽ ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.