
ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയമസഭാ മണ്ഡലം. കൃഷിയും മൽസ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന ഉപജീവന മാർഗ്ഗങ്ങൾ. 1498 മേയ് 20ന് വാസ്കോഡ ഗാമ കാലുകുത്തിയ കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത് കൊയിലാണ്ടി മണ്ഡലത്തിലാണ്. ഇതോടെ ഇന്ത്യയിലെ യൂറോപ്യൻ വ്യാപാരത്തിന്റെ തുടക്കം കുറിച്ച സ്ഥലമായി കാപ്പാട് മാറി. ഇതിന്റെ ഓര്‍മ്മയ്ക്കായി കാപ്പാട് കടൽത്തീരത്ത് ഒരു സ്മാരക ശില നിലകൊള്ളുന്നുണ്ട്. ചരിത്രത്തിനപ്പുറം ജൈവവൈവിധ്യത്തിന്റെ ഒരു പറുദീസ കൂടിയാണ് കാപ്പാട് ബീച്ച്. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകൾ ഇവിടെയുണ്ട്. ബീച്ച് വൃത്തിയാക്കലും ബോധവൽക്കരണ പരിപാടികളും ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ വിപുലമായി നടക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എട്ട് കടപ്പുറങ്ങളിലൊന്നാണ് ഇന്ന് ഇൗ ബീച്ച്.
കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികളും ചേമഞ്ചേരി, ചെങ്കോട്ടുകാവ്, മൂടടി, തിക്കോടി എന്നീ പഞ്ചായത്തുകളുമാണ് കൊയിലാണ്ടി മണ്ഡലത്തിലുള്ളത്. 1957ലെ ആദ്യതെരഞ്ഞടുപ്പിന്റെ ഭാഗമായി രൂപീകരിച്ച മണ്ഡലമാണിത്.1657ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് കുഞ്ഞിരാമൻ നമ്പ്യാര്‍ക്കായിരുന്നു ആദ്യജയം. 1962ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിൽ പൊട്ടിത്തെറിയുണ്ടായതോടെ 1967ലെ തെരഞ്ഞെടുപ്പിൽ എസ്എസ്പിയ്ക്ക് വേണ്ടി മത്സരിച്ച പി കെ കിടാവായിരുന്നു ജയിച്ചത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ്കളിൽ കോൺഗ്രസിലെ ഇ നാരായണൻ നമ്പ്യാരും മണിമംഗലത്ത് കുറ്റ്യാലിയും കെ ടി പത്മയും വിജയിച്ചു.1996ൽ സിപിഐ എം സ്ഥാനാര്‍ഥി പി വിശ്വൻ മണ്ഡലത്തിൽ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി ശങ്കരനായിരുന്നു വിജയം. 2006ൽ വീണ്ടും പി വിശ്വൻ വിജയിച്ചു. തുടർന്ന് രണ്ടുതവണകളായി കെ ദാസനും 2021ൽ കാനത്തിൽ ജമീലയും എംഎൽഎയായി. മണ്ഡലത്തിന്റെ മുഖഛായ മാറ്റിയ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് കാനത്തിൽ ജമീലയുടെ ആകസ്മിക വിയോഗമുണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യനായിരുന്നു മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.