
പ്രധാനമന്ത്രിയും വിവിധ കേന്ദ്രമന്ത്രിമാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും രാജ്യത്തെ അടിസ്ഥാന യാഥാര്‍ത്ഥ്യം വ്യത്യസ്തം. നഗരങ്ങളിലെ ഹോട്ടലുകളെയും ഹോസ്റ്റലുകളെയുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം സമസ്ത മേഖലകളെയും ബാധിച്ചു. ഗ്യാസിന്റെ ലഭ്യതക്കുറവ് മൂലം നഗരങ്ങളിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിയത് തൊഴില്‍ തേടിയെത്തിയ കോടിക്കണക്കിനാളുകളെ പട്ടിണിക്കിടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലയെ ആശ്രയിക്കുന്ന, പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചുവച്ചിട്ടില്ലാത്ത നഗരവാസികളും അനിശ്ചിത്വത്തിലായി. ഗ്രാമങ്ങളില്‍ വിറകടുപ്പുകളിലേയ്ക്ക് മാറി പരിഹാരം കാണാന്‍ ജനങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അര്‍ധ, വന്‍ നഗരങ്ങളില്‍ ഇത് അസാധ്യമാണെന്നതും സ്ഥിതി ഗുരുതരമാക്കി. എല്‍പിജി ലഭ്യതക്ക് പ്രശ്നമില്ലെന്നാണ് കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ആവശ്യകത കുറയ്ക്കണമെന്നും പ്രകൃതി വാതകത്തിലേക്ക് മാറണമെന്നുമുള്ള ഉപദേശമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ക്ഷാമമില്ലെന്ന് പറയുമ്പോഴും ബുക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. ബുക്കിങ് ഇടവേള ഗ്രാമങ്ങളില്‍ 45 ദിവസമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധിയില്ലെന്ന അവകാശവാദം പൊള്ളയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിലിണ്ടറുകള്‍ക്ക് വരുത്തിയ വിലവര്‍ധനയും പ്രതിസന്ധി അതിരൂക്ഷമാക്കി.
ആഭ്യന്തര എൽപിജി ഉല്പാദനം 25% വർധിപ്പിച്ചുവെന്ന് പറയുമ്പോഴും പ്രശ്നപരിഹാരമായിട്ടില്ല. പല സംസ്ഥാനങ്ങളിലും സിലിണ്ടര്‍ കിട്ടാന്‍ കൂട്ടത്തോടെ ജനങ്ങള്‍ വരി നില്‍ക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഐടി മേഖലയെയും തൊഴില്‍ സാഹചര്യങ്ങളെയും ഇത് സാരമായി ബാധിച്ചു. പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്കി. വീടുകള്‍ക്കും ആശുപത്രികള്‍ക്കും അത്യാവശ്യ സേവനങ്ങള്‍ക്കും പാചകവാതക വിതരണത്തില്‍ മുന്‍ഗണന നല്കുന്നതിനാല് കമ്പനി കാന്റീനുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ആവശ്യമായ കൊമേഴ്സ്യല്‍ സിലിണ്ടറുകള്‍ കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെത്തുടര്‍ന്ന് ചെന്നൈ, ബംഗളൂരു, പൂനെ, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഗുരുദ്വാരകളിലെ ലാംഗാർ സേവനങ്ങൾ സുഗമമായി തുടരുന്നത് പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് കാട്ടി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിളമ്പുന്ന ചെറിയ ഗുരുദ്വാരകളെ ഇതിനകം ക്ഷാമം ബാധിച്ചുവെന്ന് ഡിഎസ്ജിഎംസി പറഞ്ഞു. എൽപിജി ലഭ്യത കുറവായതിനാൽ സംസ്ഥാനത്ത് കൊച്ചിയിലടക്കം ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും ജീവനക്കാരും കടുത്ത ആശങ്കയിലാണ്. പല ഹോട്ടലുകളും പൂട്ടി. ചെന്നൈ നഗരത്തില്‍ ഇന്നലെ വരെ അടച്ചുപൂട്ടിയ ഹോട്ടലുകളുടെ എണ്ണം 250ലധികമായി. ബംഗളൂരുവില്‍ ഇത് 400ലധികമാണ്.
രാജ്യത്ത് പ്രതിദിനം ഏകദേശം 50 ലക്ഷം ഗാർഹിക എൽപിജി സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. 1.5 കോടിയിലധികം വീടുകൾ പൈപ്പിലൂടെ ലഭിക്കുന്ന പ്രകൃതി വാതക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പിഎൻജി, സഎൻജി വിതരണത്തിൽ യാതൊരു കുറവും ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു. സാധാരണയായി ദിവസേന 50 ലക്ഷം ബുക്കിംഗുകൾ ഉണ്ടാകുമ്പോൾ ഇപ്പോൾ അത് 70–80 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി വിതരണക്കാരുടെ അടുത്തേക്ക് പോകേണ്ടതില്ലെന്നും ഭയം പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുജാത ശർമ ആവശ്യപ്പെട്ടു. എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു, ഭക്ഷണം പാചകം ചെയ്യാന്‍ മണ്ണെണ്ണയും കല്‍ക്കരിയും അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഉയോഗിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിഎൻജി സൗകര്യം ലഭ്യമായ ഉപഭോക്താക്കൾ എൽപിജിയിൽ നിന്ന് പൈപ്പ് ഗ്യാസ് ഉപയോഗത്തിലേക്ക് മാറണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഏകദേശം 60 ലക്ഷം വീടുകൾക്ക് ഉടൻ പൈപ്പ് ഗ്യാസ് ശൃംഖലയിലേക്ക് മാറാൻ കഴിയും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പൂഴ്ത്തിവയ്പ്പ് തടയണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.