
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടും നടക്കില്ലെന്നായതോടെ നേതൃത്വത്തോട് ഇടഞ്ഞ് കെ സുധാകരൻ എംപി. താന്‍ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മത്സരിക്കാന്‍ തനിക്ക് യാതൊരു തടസ്സവുമില്ലെന്നും തീർച്ചയായും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുമ്പ് മത്സരമോഹവുമായി ആരും സ്വയം സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടെന്ന കെപിസിസി തീരുമാനത്തെ തള്ളിക്കൊണ്ടുള്ള നിലപാട് കെ സുധാകരന്റെ ഭാഗത്തുണ്ടായപ്പോൾ തന്നെ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എംപിമാരെ സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ട എന്നാണ് പാർട്ടിയിലെ പൊതുവികാരം. എങ്കിലും മത്സരതാൽപര്യം അറിയിച്ച എംപിമാരുള്‍പ്പെടെയുള്ളവരുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ഇത് സംബന്ധിച്ച ചർച്ച ആരംഭിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലുണ്ട്.
സ്ഥാനാര്‍ത്ഥി നിർണയചർച്ചകൾക്കായി കെ സുധാകരനും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. എന്നാല്‍ കടുത്ത നിരാശയോടെയാണ് ഇന്നലെ അദ്ദേഹം മടങ്ങിയത്. ഡൽഹിയിൽ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി ചർച്ചകളിൽ പങ്കെടുക്കാൻ നിൽക്കാതെയായിരുന്നു സുധാകരന്റെ മടക്കം. സ്ഥാനാർത്ഥി ചർച്ചകളിലെ തന്റെ അതൃപ്തി കെ സുധാകരൻ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് സൂചന. തൊട്ടുപിന്നാലെ ഫേസ് ബുക്കിൽ നീണ്ട വൈകാരികമായ കുറിപ്പും പ്രത്യക്ഷപ്പെടുകയായിരുന്നു. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണിപ്പറഞ്ഞാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കണ്ണൂർ തന്റെ ഹൃദയരക്തമാണ്, കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ തന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളുമെന്നും താൻ അറിയാത്ത കണ്ണൂരില്ലെന്നും തന്നെ അറിയാത്ത കണ്ണൂരുമില്ലെന്നും കടന്നുവന്ന കനൽവഴികൾ ഒരു പക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കിതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർതഥ്യങ്ങളാണെന്നും സാമൂഹ്യമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകരനെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നുള്ള ചില സൂചനകൾ നൽകിയതായും കണ്ണൂരിലെ കെ സുധാകരൻ അനുകൂലികൾ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ കെ സുധാകരനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായാണ് പലഭാഗത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.