13 March 2026, Friday

Related news

March 13, 2026
February 11, 2026
February 3, 2026
January 23, 2026
October 15, 2025
September 22, 2025
April 23, 2025
April 9, 2025
April 9, 2025
April 7, 2025

സംസ്ഥാനത്ത് എട്ട് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും: പി രാജീവ്

ഡെവലപ്പർ പെർമിറ്റുകൾ വിതരണം ചെയ്തു
Janayugom Webdesk
തിരുവനന്തപുരം
March 13, 2026 10:44 pm

വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്തുക, വ്യവസായ‑വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് എട്ട് നൂതന കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സർക്കാരിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച ‘ഡെവലപ്പേഴ്സ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻതോതിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സജ്ജമാക്കുന്നത്. വ്യവസായ ആവശ്യത്തിനായി സ്ഥലലഭ്യതയുടെ കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളിലൂടെ പുതിയതായി കണ്ടെത്തുന്ന ഉല്പന്നങ്ങളുടെ വ്യാവസായിക ഉല്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളുടെ വികസനത്തിനായുള്ള പ്രധാന നടപടി ക്രമങ്ങളെക്കുറിച്ച് സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു. നിലവിൽ അംഗീകാരം നൽകിയിട്ടുള്ള എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഡെവലപ്പർ പെർമിറ്റുകളുടെ വിതരണവും ചടങ്ങിൽ നടന്നു.
കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ആർട്സ് & സയൻസ് കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടി മുതലായവയ്ക്ക്) കാമ്പസ് വ്യവസായ പാർക്കിനായി അപേക്ഷിക്കാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയാണ് ആവശ്യം. 30 വർഷത്തേക്ക് ആണ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക.
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.
സെന്റ് ആന്റണീസ് കോളജ് പെരുവന്താനം (ഇടുക്കി), ശ്രീ നാരായണ ഗുരു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി കണ്ണൂർ, ശ്രീ നാരായണ പോളിടെക്നിക് കോളജ് കൊല്ലം, ഡോ. സി ടി ഈപ്പൻ ട്രസ്റ്റ് / ബസേലിയോസ് മാത്യൂസ് കോളജ് കൊല്ലം, സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് കോട്ടയം, കോളജ് ഓഫ് എന്‍ജിനീയറിങ് പൂഞ്ഞാർ, എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്, ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം എന്നി സ്ഥാപനങ്ങളാണ് ആദ്യ പട്ടികയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar