14 March 2026, Saturday

ഇഞ്ചുറി ടൈം മാജിക്ക്; അജ്സലിന്റെ ഗോളില്‍ രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്

ഈസ്റ്റ് ബംഗാളിനെ തളച്ച് ആദ്യ പോയിന്റ് 
Janayugom Webdesk
കൊൽക്കത്ത
March 14, 2026 9:19 pm

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ സമനില. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കിട്ടു. അവസാന നിമിഷം വരെ വിജയം ഉറപ്പിച്ചിരുന്ന ഈസ്റ്റ് ബംഗാളിൽ നിന്ന് ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് തട്ടിയെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആതിഥേയരായ ഈസ്റ്റ് ബംഗാളാണ് മികച്ച നീക്കങ്ങൾ നടത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. 10-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് യൂസഫ് എസെജാരി ഈസ്റ്റ് ബംഗാളിന് ലീഡ് നൽകി. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് കെവിൻ യോക്കിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ആക്രമണം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഏക ഗോൾ ലീഡിൽ മത്സരം അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ (90+2) മലയാളി താരം മുഹമ്മദ് അജ്‌സൽ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി അവതരിച്ചു. തകർപ്പൻ ഹെഡറിലൂടെ അജ്‌സൽ പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം നിശബ്ദമായി. സീസണിലെ ആദ്യ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോയിന്റാണിത്. വിക്ടർ ബെർട്ടോമിയു, കൊറൗ സിങ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും പൊരുതി നേടിയ സമനില ടീമിന് വലിയ ആത്മവിശ്വാസം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.