15 March 2026, Sunday

എം എം മഠത്തിൽ: അരങ്ങുണർത്തിയ നടനവിസ്മയം

അനില്‍ മാരാത്ത്
March 15, 2026 7:15 am

നടനകലയ്ക്ക് ഒരുദേശത്തിന്റെ, അതിജീവന സ്വപ്നങ്ങളെ തൊട്ടുണർത്താനുളള ജൈവികമായ കരുത്തുണ്ട്. നാടകത്തിന് ഒരു നാടിനെമുഴുവൻ ഒരേ സ്നേഹചരടിൽ കൊരുക്കാനുളള തീഷ്ണമായ സർഗാത്മകതയുടെ സൗന്ദര്യമുണ്ട്. നാടകം നാടിന്റെ അകമാണെന്ന് തിരിച്ചറിഞ്ഞവർ, പരിവർത്തനത്തിനായുള്ള പടയോട്ടങ്ങൾക്ക് അരങ്ങും അണിയറയും ഒരുക്കിയത് കേരളത്തിന്റെ ഇന്നലെകളുടെ നിറസാഫല്യം. സംശുദ്ധമായ അരങ്ങിന്റെ പൈതൃകത്തെ നവീനതയുമായി കണ്ണിചേർക്കുന്നതിന് വലിയ പങ്കുവഹിച്ച നാടകക്കാരുടെ നിരയിൽ, എം എം മഠത്തിൽ വേറിട്ടുനില്‍ക്കുന്നു. സൗമ്യവും ശാന്തവും നിറഞ്ഞ സ്വഭാവവിശുദ്ധിയിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത പ്രകടിപ്പിക്കാൻ ഈകലാകാരന് അസാമാന്യമായ സിദ്ധിയുണ്ട്. ജീവിതസാഹചര്യങ്ങളിലെ പരാജയങ്ങൾ ഒട്ടും ഈ കലാകാരനെ തളർത്തിയില്ല. യാതനകൾ നിറഞ്ഞ ഭൂതകാലത്തിന്റെ കണ്ണുനീർ ആവോളം ഏറ്റുവാങ്ങിയിട്ടും പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഹൃദയത്തോട് ചേർത്തുവെച്ച എം എം മഠത്തിൽ എന്ന അനുഗൃഹീത അഭിനയ പ്രതിഭയുടെ അരങ്ങിലൂടെ ഒരു യാത്ര…

ബാല്യം
*********
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ജന്മനാട്. നാടക അരങ്ങിൽ വിജയഭേരി മുഴക്കി അതുല്യപ്രതിഭകൾ കടന്നുപോയ മണ്ണ്. കലയുടെ ഈറ്റില്ലം എന്ന് വിശേഷിക്കാവുന്ന, സർഗവൈഭവത്തിനാൽ അനുവാചകരെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കലാകാരുരുടെ ജന്മത്താൽ അനുഗൃഹീതമായ നാട്. ഈയൊരു പശ്ചാത്തലം സ്വഭാവികമായും വളർച്ചയുടെ പടവുകളിൽ ഈ കലാകാരനെയും സ്വാധീനിച്ചു. മഠത്തിൽ മുഹമ്മദ്-ആയിഷക്കുട്ടി ദമ്പതികളുടെ മൂന്ന് മക്കളിൽ ആൺകുട്ടി. യഥാർത്ഥപേര്-മമ്മദ്. നടനും സംവിധായകനും യൂത്ത് ഫീറോസിന്റെ സാരഥിയുമായ, കെ എം ബാലനാണ്
എം എം മഠത്തിൽ എന്ന പേരിട്ടത്, സ്വന്തം പേരിന്റെയും ബാപ്പയുടെ പേരിന്റെയും ആദ്യാക്ഷരം ചേർത്തുകൊണ്ട്. ജീവിതപ്രയാസങ്ങളിലുടെ കടന്നുപോയ ബാല്യകാലത്ത് നാടകം സിരകളിൽ പടർന്നുകയറി. കടലുണ്ടി നഗരം യുപി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ജീവിതത്തിന്റെ രണ്ടറ്റവും കൂടിമുട്ടിക്കാനുളള വിവിധ ജോലികളിൽ ഏർപ്പെടുമ്പോഴും അഭിനയമോഹം മനസില്‍ താലോലിച്ചു. 

അമേച്ചർ നാടകം
******************
വള്ളിക്കുന്ന് യൂത്ത് ഫീറോസ് കലാമസമിതി ആദ്യകാല നാടകക്കളരി. പി എൽ ജോസിന്റെ സമുദായം, സി എൽ ജോസിന്റെ ഒരു ചിത്രം പൂർത്തിയായ്, ജി ശങ്കരപ്പിളളയുടെ അഭയാർത്ഥികൾ, ശാന്തമാകാത്തകടൽ, അഹല്യ, പുകയേറ്റ കടന്നൽകൂട്, കെ എസ് ആന്റോവിന്റെ പ്രേതമന്ദിരം, ശാന്തകുമാറിന്റെ ചിരുതയ്ക് ചിലതൊക്കെ പറയാനുണ്ട്, ദാഹം എന്നിവയ്ക്ക് പുറമെ ശസ്ത്രക്രിയ, അഭയാർത്ഥിനി, താലപ്പൊലി, രാഷ്ട്രം, യൂദാസുകൾ, നാടുണരുന്നു, രാമൻ ദൈവംഎന്നിവയിലും അഭിനയിച്ചു. 

നാടകരചന
************
അമ്മ ഉറങ്ങാത്ത വീട്, അച്ഛനും മകളും, തുക്കുമരം, മുച്ചി പിരാത്ത് എന്നീ അമേച്വർ നാടകങ്ങൾ രചിച്ചു. വിവിധ കലാസമിതികൾ അവതരിപ്പിച്ചു. 

കാർണിവെൽ നാടകങ്ങൾ
**************************
1969കാലം. കോഴിക്കോടിനടുത്ത് മീഞ്ചന്തയിൽ കാർണിവെൽ ഷോയോടനുബന്ധിച്ച് നാടകവതരണമുള്ളതായി അറിഞ്ഞു. അങ്ങനെയാണ് അഭിനയമോഹവുമായി അവിടെയെത്തുന്നത്. പ്രശസ്തനടി, കോഴിക്കോട് ശാരദയടക്കമുള്ളവരുടെ നാടകാവതരണത്തിന് നേതൃത്വം നല്കുന്ന എ പി ഉമ്മറിനെ പരിചയപ്പെട്ടു, ആഗ്രഹംഅറിയിച്ചു. എന്നാൽ നിരുത്സാഹപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്, “അത് അത്ര എളുപ്പമുള്ളകാര്യമല്ല. സ്ക്രിപ്റ്റ് ഇല്ലാത്ത നാടകമാണ്. പറഞ്ഞുതരാൻ ആളുണ്ടാവില്ല. നാടകത്തിന്റെ കഥമാത്രം തരും. സംഭാഷണങ്ങൾ പറഞ്ഞു ശീലിക്കണം. കഥാപാത്രങ്ങളെ, ഉൾകൊണ്ട് ഭാവചലനങ്ങൾ മനോധർമ്മത്തോടെ അരങ്ങിൽപ്രകടിപ്പിക്കണം.” സാധിക്കുമോ എന്ന ചോദ്യത്തിന് രണ്ട് കല്‍പ്പിച്ച് തയ്യാറാണന്ന് വാക്കുകൊടുത്തു. ആദ്യകാലവേദികളിലെ അഭിനയം കഠിനപ്രയത്നമായിരുന്നു. അഭിനയിക്കാനുള്ള ജന്മസിദ്ധി കുറിക്കുകൊണ്ടു. കാർണിവെൽ നാടകങ്ങളുമായി കേരളത്തിനകത്തും പുറത്തും സഞ്ചരിച്ചു. നാടകം കാണാൻ അഭുതപൂർവമായ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി. കയ്യടച്ചും നോട്ട് മാലയണിയിച്ചും സ്വീകരിച്ചു. പിന്നീട് കാർണിവെൽ നാടകങ്ങളുടെ കാലം കഴിഞ്ഞെങ്കിലും നാടകാനുഭവത്തിന്റെ കരുത്തിൽ അരങ്ങിൽ നിറഞ്ഞുനിന്നു. 

അധ്യാപകരുടെ സംവിധായകൻ
*******************************
1970 കാലം. കടലുണ്ടി നഗരം എഎം യുപി സ്കൂൾ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പ്രസ്തുത സ്കൂളിലെ അധ്യാപകർ അഭിനയിക്കുന്ന നാടകം സംവിധാനം നിർവവഹിക്കാനുള്ള അവസരം വന്നു ചേർന്നു. ടി എൽ ജോസിന്റെ സമുദായം എന്ന സാമൂഹ്യസംഗീതനാടകമായിരുന്നു. അവിടെ പഠിക്കുമ്പോൾ ബാലതാരമായി അഭിനയിച്ച ജിത്തുധർമ്മരാജ് പിന്നീട് ചലച്ചിത്ര പ്രവർത്തകനായി. സംഭാഷണങ്ങൾ ഉരുവിടുമ്പോൾ പാലിക്കേണ്ട മിതത്വവും വാക്കുകൾക്ക് പ്രത്യേകമായി നല്‍കേണ്ട ഊന്നലുകൾ, മുഖത്തെ ഭാവചലനങ്ങൾ എന്നിവയെല്ലാം പറഞ്ഞുകൊടുക്കുമ്പോൾ, ആ പഴയ അധ്യാപകർ അനുസരണയുള്ള നാടക പഠിതാക്കളായി. 

പ്രൊഫഷണൽ നാടകം
***********************
ആഹ്വാൻ സെബ്ബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയേറ്റേഴ്സിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്ത് എത്തുന്നത്. ഹാജിഅബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ട്രുപ്പ് കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിച്ച ലോറി ഡ്രൈവർ എന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജ് ആയിരുന്നു, നാടകം ഉദ്ഘാടനം ചെയ്തത്. കെ ടി മുഹമ്മദിന്റെ അച്ഛനും ബാപ്പയും, ഇത്-ഭൂമിയാണ്, യു എ ഖാദറിന്റെ മാണിക്യം വിഴുങ്ങിയ കണാരൻ, സുന്ദരൻ കല്ലായിയുടെ രാമായണകാറ്റ്, പി എസ് കുമാറിന്റെ ആയിരം പൂർണചന്ദ്രൻ, ആഹ്വാൻ സബാസ്റ്റ്യന്റെ ഉപാസന, കബന്ധങ്ങൾ, എന്നീ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. കോഴിക്കോട് മ്യൂസിക്കൽ തിയേറ്റേഴ്സ്, കാദംബരി, ലിഖിത, കുതിരവട്ടം പപ്പുവിന്റെ അക്ഷര, കെ ടി യുടെ കലിംഗ, എന്നീ പ്രൊഫഷണൽ സമിതികളുമായി സഹകരിച്ചു. രാമായണകാറ്റിലെ ഭരതൻ, ആയിരം പൂർണചന്ദ്രനിലെ ഉസ്മാൻ, സമുദായത്തിലെ പ്രൊഫസർ, മാണിക്യം വിഴുങ്ങിയ കണാരനിലെ പെരവൻകുട്ടി, കബന്ധങ്ങളിലെ ഉണ്ണി, ഉപാസനയിലെ കോഴിക്കോട് അബ്ദുൾഖാദർ, അച്ഛനും ബാപ്പയിലെ ബാപ്പ എന്നിവയെല്ലാം പ്രൊഫഷണൽ നാടകരംഗത്തെ
അടയാളപ്പെടുത്തലുകളാണ്. 

അബ്ദുൾഖാദർ അരങ്ങിൽ
************************
ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയേറ്റേഴ്സ് അവതരിപ്പിച്ച ഉപസാന നാടകം കോഴിക്കോട് അബ്ദുൾഖാദറിന്റെ ഹൃദയസ്പർശിയായ ജീവിത കഥയാണ്. ഒരു
നിയോഗം പോലെ അബ്ദുൾഖാദറായി അഭിനയിക്കാൻ അവസരം വന്നു. ആശങ്കയോടും ഭയത്തോടുമാണ് ആ ദൗത്യം സ്വീകരിച്ചത്. അബ്ദുൾഖാദറിനെ കണ്ടും കേട്ടും അടുത്തറിയുന്നതുകൊണ്ടുതന്നെ കഥാപാത്രം ശരീരത്തിൽ അലിഞ്ഞു ചേർന്നു. കോഴിക്കോട് ടൗൺഹാളിലായിരുന്നു നാടകത്തിന്റെ അവതരണോദ്ഘാടനം. നഗരത്തിന് അകത്തും പുറത്തുമുള്ള നാടക സ്നേഹികളെ കൊണ്ട് ടൗൺ ഹാൾ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞു. നാടകത്തിലെ ‘എങ്ങനെ നീ മറക്കും കുയിലെ’ എന്ന ഗാനം പാടി അഭിനയിക്കുന്ന രംഗം ഹൃദയസ്പർശിയായിരുന്നു. അരങ്ങിൽ ജീവിക്കുന്ന കരളലിയിക്കുന്ന രംഗം കണ്ട കാണികളുടെ നിയന്ത്രണം വിട്ടു. കണ്ണുതുടച്ചും പൊട്ടിക്കരഞ്ഞും ദു:ഖം കടിച്ചമർത്തിയും കാണികൾ സ്വയം മറന്ന് കയ്യടിച്ചു അഭിനന്ദിച്ചു. അന്ന് ലഭിച്ച അഭിനന്ദനങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത പുരസ്കാരമാണ്. പ്രശസ്ത നടി കണ്ണൂർ സുജാതയാണ് അന്ന് മകളായി അഭിനയച്ചത്. 

പ്രതിഭകളോടൊപ്പം
*******************
കോഴിക്കോടൻ നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭാശാലികകളോടൊപ്പം അരങ്ങിലും അണിയറയിലും പ്രവർത്തിക്കാൻ കഴിഞ്ഞു. നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടംപപ്പു, ഹാജി അബ്ദുറഹിമാൻ, കുഞ്ഞാവ, കുഞ്ഞാണ്ടി, നിലമ്പൂർ ബാലൻ, എ പി ഉമ്മർ, ആർ കെ നായർ, കെ ടി രവി, പപ്പൻനെ ല്ലിക്കൊട്, പുരുഷുമാങ്കാവ്, ശാന്താദേവി, രാജൻപാടൂർ, കുട്ട്യേടത്തിവിലാസിനി, കോഴിക്കോട് ശാരദ, പത്മാവതി, സാവിത്രി ശ്രീധരൻ തുടങ്ങിയ വലിയൊരു നിരതന്നെയുണ്ടായിരുന്നു.

സിനിമ
**********
സിബിമലയലിന്റെ കാണാക്കിനാവ്, ഉസ്താദ്, വി എം വിനുവിന്റെ വേഷം, ഫാറൂഖിന്റെ കളിയച്ഛൻ, ശശിശങ്കറിന്റെ ഗുരുശിഷ്യൻ, കൂതറ. 

ടെലിസിനിമകൾ
*****************
പ്രതീഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച യോദ്ധാവ്, ഇന്റെമോൻ അതു ചെയ്യില്ല സാർ, എന്നീ ടെലിഫിലിമിൽ അഭിനയിക്കാൻ അവസരമൊരുക്കിയത്
കലാസാം സ്കാരിക സാമൂഹ്യ പ്രവർത്തകനായ പി എച്ച് താഹയാണ്. നേർകാഴ്ചകൾ, ശാന്തിതീരങ്ങൾ എന്നീ ടെലിഫിലിമിലും അഭിനയിച്ചു. 

അംഗീകാരങ്ങൾ
****************
സംസ്ഥാന യുവജന ക്ഷേമബോർഡ് ആദരവ്, ആഹ്വാൻ സബാസ്റ്റ്യൻ അവാർഡ്, കുഞ്ഞിരാമൻ മാസ്റ്റർ പുരസ്കാരം, ദർശന സാംസ്കാരികവേദി പുരസ്കാരം,
വിനോദ് കടലുണ്ടി സ്മാരക ആദരവ്, യുവകലാസാഹിതി, യുവചേതന, തപസ്യ ആദരവ്, കടലുണ്ടിയുടെ സ്നേഹാദരം, കോഴിക്കോട് കോൺഫെഡറേഷൻ, നവചേത സ്നേഹാദരം, സാംസ്കാരികവേദി, പ്രബോധിനി വായനശാല നനവകേരള സദസ് ആദരവ്, മാമുക്കോയ മെമ്മോറിയൽ ഷോർട്ട് ഫിലിം, മലബാർ സഹൃദയ വേദി ഷോർട്ട് ഫിലിം അവാർഡ്.

ഇപ്റ്റ, യുവകലാസാഹിതി
**************************
ഇപ്റ്റയുടെകോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും കടലുണ്ടി യൂണിറ്റ് രക്ഷാധികാരിയുമാണ്. ദീർഘകാലം യുവകലാസാഹിതിയുടെ ജില്ലാ കമ്മിറ്റി മെമ്പറും ബേപ്പൂർ മണ്ഡലം പ്രസിഡന്റുമായിരുന്നു. നാടകവുമായി സാംസ്കാരിക യാത്രകളിൽ കേരളത്തിലുടനീളം സഞ്ചരിച്ചു. 

കുടുംബം
********
ഭാര്യ: കുഞ്ഞീവി, മക്കൾ: അബ്ദുൽ കബീർ, ഫാസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.