സഘ്പരിവാര്‍ ആക്രമണം പതിവായതോടെ ഉത്തര്‍പ്രദേശില്‍ ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഫത്തേപൂരിലെ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (ഇസിഐ)യുടെ നിയന്ത്രണത്തിലുള്ള ബ്രോഡ്‌വെൽ ക്രിസ്ത്യൻ ആശുപത്രിയാണ് സംഘ്പരിവാറുകാരുടെ മതഭ്രാന്തിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയുടെ മറവില്‍ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന തെറ്റായ ആരോപണമുന്നയിച്ചാണ് സംഘ്പരിവാര്‍ ക്രിമിനലുകള്‍ പീഡിപ്പിക്കുന്നതെന്ന് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുജിത്ത് വർഗീസ് തോമസ് മാധ്യമങ്ങള്‍ക്കായി എഴുതിയ തുറന്ന കത്തില്‍ പറയുന്നു. അധികൃതരെയും ജീവനക്കാരെയും ശാരീരികവും മാനസികവും വൈകാരികവുമായി ആക്രണങ്ങള്‍ നേരിടേണ്ടിവരുന്നു. സാമൂഹിക വികസനത്തിലും ആരോഗ്യ സംരക്ഷണത്തിലും സമർപ്പിത സേവനം നൽകുന്ന സ്ഥാപനമാണ് ബ്രോഡ്‌വെൽ ആശുപത്രി. കഴിഞ്ഞ 114 വർഷമായി ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള ഫത്തേപൂർ നഗരത്തില്‍ ഈ സേവനം തുടരുന്നു.
ഒരു നൂറ്റാണ്ടിലേറെയായി ആശുപത്രിയും ജീവനക്കാരും മാനേജ്‌മെന്റും സമൂഹവുമായി ഒരു സാഹോദര്യബന്ധം പങ്കിടുന്നുണ്ട്. അത് കേവലം ഡോക്ടർമാരുടെയും രോഗികളുടെയും കൂട്ടുകെട്ടിന് അപ്പുറമാണ്. ഒരു ന്യൂനപക്ഷ സ്ഥാപനമായതിനാല്‍ വളരെയധികം പ്രതിസന്ധികളെ നേരിടേണ്ടിവരുന്നുവെന്ന് തോമസ് പറഞ്ഞു. സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദികളില്‍ രാഷ്ട്രീയ പ്രേരിത മതതീവ്രവാദികളും വിവേകശൂന്യരും മുൻവിധിയുള്ളവരുമായ പൊലീസ് ഉദ്യോഗസ്ഥരും ഉമ്ടെന്നും അദ്ദേഹം ആരോപിച്ചു.
2022 ഏപ്രിൽ 14ന് മാണ്ടി പള്ളിയില്‍ പെസഹ വ്യാഴാഴ്ച ശുശ്രൂഷകള്‍ നടക്കുന്നതിനിടെ നൂറോളം മതതീവ്രവാദികൾ ആയുധങ്ങളുമായി ഇരച്ചുകയറി വിശ്വാസികളെ ആക്രമിച്ചിരുന്നു. ‘ക്രിസ്ത്യാനികള്‍ ജയ് ശ്രീറാം’ എന്ന് വിളിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ പള്ളിക്കുള്ളിൽ ഇവര്‍ പൂട്ടിയിട്ടു. ഇവര്‍ വിളിച്ചുവരുത്തിയ പൊലീസ്, 90 പേരെ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയെന്ന് ആരോപിച്ച് പള്ളിയിലുണ്ടായ 35 പേർക്കെതിരെ കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായതെന്ന് തോമസ് ആരോപിച്ചു. മതം മാറിയവരുടെ നിലപാട് ആരാഞ്ഞ് ആരോപണങ്ങളിലെ നിജസ്ഥിതി സ്ഥിരീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും തോമസ് കത്തില്‍ ആരോപിക്കുന്നു.
2022 ഒക്‌ടോബർ 13ന് രാത്രിയില്‍ ആശുപത്രിയിലും പൊലീസ് അതിക്രമമുണ്ടായി. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ലേബർ, ഓപ്പറേഷൻ റൂമുകളില്‍ പൊലീസ് സംഘം ഇരച്ചുകയറി, പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെ പരിചരിക്കുന്ന ജീവനക്കാരെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇത് രോഗിയുടെ ജീവൻ അപകടത്തിലാക്കിയ സംഭവമായിട്ടുപോലും സ്‌റ്റേഷൻ ചുമതലയുള്ളവർക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. 2022 നവംബർ 12 ന്, തീവ്ര ഹിന്ദു ഗ്രൂപ്പായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ചില ഗുണ്ടകൾ ഈ പരാതി പിൻവലിക്കാൻ മരിച്ച സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവവും പൊലീസിൽ അറിയിച്ചതാണ്. എന്നിട്ടും നടപടിയും ഉണ്ടായില്ല. എന്നാല്‍ കേസുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ രേഖകളും വിവരങ്ങളും ആവശ്യപ്പെട്ട് ഇസിഐ ചർച്ച് മാനേജ്‌മെന്റിന് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. ഇസിഐ സഭയില്‍പ്പെട്ടവര്‍ക്കെതിരെ നിരന്തരം കള്ളക്കേസ് ചമയ്ക്കുകയും പീഡനം തുടരുകയുമാണ് ഇപ്പോള്‍. ജനുവരി രണ്ട്, ജനുവരി 18 തീയതികളിൽ ആശുപത്രിയിലെ കമ്മ്യൂണിറ്റി ഹെൽത്ത്, ഹോസ്പിറ്റൽ ഓഫീസ് എന്നിവിടങ്ങളില്‍ അതിക്രമിച്ച് കയറി കമ്പ്യൂട്ടറുകളിലെ ഹാർഡ് ഡിസ്കുകൾ അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. കൃത്രിമമായി അവര്‍ തന്നെ തയ്യാറാക്കിയ ലഘുലേഖകൾ കൊണ്ടുവന്ന് അതില്‍ ഒപ്പിടാൻ മെഡിക്കൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നും തോമസിന്റെ കത്തില്‍ ആരോപിക്കുന്നു. ആശുപത്രിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധി അവഗണിച്ച് പൊലീസ് മൂന്ന് പുതിയ എഫ്‌ഐആറുകൾ ജനുവരി 23 ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ ക്രിസ്ത്യാനികൾക്ക് നീതി ലഭ്യമാക്കുന്നതിനായി ഫെബ്രുവരി എട്ടിന് ആശുപത്രി ദേശീയ ന്യൂനപക്ഷ കമ്മിഷനോട് നാല് ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും തോമസിന്റെ തുറന്ന കത്തില്‍ പറയുന്നു.
English Sammury: Religious fanaticism of the Sangh Parivar and the police, A 114-year-old Christian hospital in UP is on the verge of closure
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.