23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

പതിമൂന്നുകാരിയെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ചു; വയോധികന് കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും

Janayugom Webdesk
കാസർകോഡ്
September 19, 2024 6:41 pm

പതിമൂന്നുകാരിയെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ച കേസില്‍ പ്രതിയായ വയോധികന് കോടതി 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും വിധിച്ചു. കുഡ്‌ലു കാനത്തിങ്കരയിലെ സുബ്ബ(61)ക്കാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരവും ഐ പി സി വകുപ്പ് പ്രകാരവും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 25 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന കേസിന്റെ ഗൗരവവും കണക്കിലെടുത്താണ് 125 വര്‍ഷം ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഈ നിലയ്ക്ക് പ്രതി 25 വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയാകും. 2021 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം . ഉളിയത്തടുക്കയില്‍ പെട്ടിക്കട നടത്തുകയായിരുന്ന സുബ്ബ മിഠായി നല്‍കിയും ക്വാര്‍ട്ടേഴ്‌സിന് സമീപത്തുണ്ടായിരുന്ന പപ്പായ പറിച്ചുനല്‍കിയും പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ സുബ്ബ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

11 വയസുമുതല്‍ കുട്ടിയെ സുബ്ബ പീഡിപ്പിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന സി ഭാനുമതിയാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി. പതിമൂന്നുകാരി നല്‍കിയ പരാതിയില്‍ സുബ്ബ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. വിവിധ കേസുകളായി പരിഗണിക്കുന്നതിനാല്‍ കോടതിയില്‍ വെവ്വേറെയായാണ് വിചാരണ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.