
മുംബൈയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം. പരിഭ്രാന്തയായി നിലവിളിച്ച കുട്ടിയെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ കേശവ് യാദവിനെ (54) അറസ്റ്റ് ചെയ്തു. പോക്സോ കേസ് പ്രകാരം മലാഡ് പൊലിസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മലാഡ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗികാതിക്രമം നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. കോളജ് വിട്ടുവരികയായിരുന്ന വിദ്യാര്‍ത്ഥിനി എസ്വി റോഡില്‍ ഓട്ടോറിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഓട്ടോ ലഭിച്ചത്. ഓട്ടോക്കാരനോട് സുരാന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പോവുന്നതിനിടെ റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുകയാണെന്നും സീറ്റിന്റെ ഒത്ത നടുക്ക് ഇരിക്കാന്‍ ഡ്രൈവര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ത്ഥിനി പറഞ്ഞ വഴിയിലൂടെയായിരുന്നില്ല ഇയാള്‍ പോയിരുന്നതെന്നും വണ്ടി നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിന് വേഗത കൂട്ടിയെന്നും പൊലീസ് പറഞ്ഞു. അതിനിടക്ക് ഇയാള്‍ കുട്ടിയോട് ലൈംഗിച്ചുവയുള്ള ചേഷ്ടകള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്തു.
പരിഭ്രാന്തയായ കുട്ടി ഒച്ച വെച്ചതോടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വാഹനത്തില്‍ നിന്നും വലിച്ച് താഴെയിടുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം പൊലിസില്‍ പരാതിപ്പെട്ടതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം, കൊലപാതകശ്രമം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് മലാഡ് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.