18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 1, 2024
January 31, 2024
September 29, 2023
September 5, 2023
August 12, 2023
April 8, 2023
March 16, 2023
January 31, 2023
January 29, 2023
January 14, 2023

രാഷ്ട്രപതിക്കൊരു ബിഗ് സല്യൂട്ട്

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
January 8, 2023 4:15 am

ന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ ഒരു പ്രസംഗം ഏതാനും ദിവസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി കേൾക്കാൻ ഇടയായി. സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാദിനത്തോടനുബന്ധിച്ചുള്ള യോഗത്തിൽ സംസാരിക്കവെ ഇന്ത്യൻ പ്രസിഡന്റ് വൈകാരിക തീക്ഷ്ണതയോടെ പറഞ്ഞ വാക്കുകൾ വളരെയധികം അർത്ഥപൂർണമായവയായിരുന്നു.
ഇന്ത്യയെന്ന നമ്മുടെ രാജ്യം വൻ വികസന ലക്ഷ്യത്തോടെ മുന്നോട്ടു കുതിക്കുമ്പോൾ ഇന്ത്യൻ ജയിലുകൾ വിചാരണ തടവുകാരാൽ നിറയുന്ന കാഴ്ചയെക്കുറിച്ചാണ് പ്രസിഡന്റ് ഓർമ്മിപ്പിച്ചത്. താൻ ജനിച്ച ഗ്രാമത്തിൽ അധ്യാപകർ, ഡോക്ടർ, അഭിഭാഷകർ എന്നിവരെ ഗ്രാമീണർ ദൈവതുല്യമായി കണ്ടിരുന്നു എന്നു പറഞ്ഞുകൊണ്ട് സംസാരിച്ച രാഷ്ട്രപതി വിചാരണ കാത്തു ജയിലിൽ കഴിയുന്ന പാവപ്പെട്ട തടവുകാരുടെ ദയനീയസ്ഥിതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മുന്നിൽ നിരത്തി.
മൗലികാവകാശങ്ങളോ ചുമതലകളോ എന്തെന്നറിയാത്ത, ഭരണഘടനയുടെ ആമുഖം അറിയാത്ത, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ നിരവധി മനുഷ്യർ വിചാരണ തടവുകാരായി ഇന്ത്യൻ ജയിലുകളിൽ കഴിയുന്നു. കുറ്റവാളികളായി കോടതി കണ്ടെത്താത്തതോ നീതിപീഠ വിചാരണ ആരംഭിക്കുകപോലും ചെയ്യാതെ ആയിരങ്ങൾ അനേക വർഷമായി ഇന്ത്യൻ ജയിലുകളിൽ കഴിയുന്നു. കേസ് നടത്തിപ്പിനു വേണ്ടി വരുന്ന ഭീമമായ ചെലവാണ് ഇതിൽ പലരുടെയും ”അനിശ്ചിതകാല” ജയിൽവാസത്തിനു ഹേതുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. ദളിത്-പട്ടികജാതി വിഭാഗത്തിൽപ്പെട്ട ”നിയമ സാക്ഷരത” ഒട്ടുമില്ലാത്തവർ ഉൾപ്പെടുന്ന ഈ വിചാരണ തടവുകാരുടെ ദുഃസ്ഥിതി ഉന്നതമായ നീതിപീഠസ്ഥരുടെ മുൻപിൽ ദ്രൗപദി മുർമു എന്ന രാജ്യത്തിന്റെ പ്രഥമ പൗര ഹൃദയ ഭാഷയിൽ വരച്ചു കാണിക്കുകയായിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കുന്നു എന്ന് പറയുന്നെങ്കിലും നീതി-ന്യായ വ്യവഹാരങ്ങൾ എല്ലാവർക്കും താങ്ങാൻ കഴിയുന്നില്ലായെന്ന യാഥാർത്ഥ്യവും രാഷ്ട്രപതി തുറന്നു പറഞ്ഞു.


ഇതുകൂടി വായിക്കൂ: പുതിയൊരു പ്രസിഡന്റ്, പക്ഷെ


നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022 ഒക്ടോബറിലെ കണക്ക് പ്രകാരം ആകെയുള്ള 5,54,034 ജയിൽ തടവുകാരുടെ 77.1 ശതമാനവും വിചാരണ കാത്തു കഴിയുന്ന തടവുകാരാണ്. 22 ശതമാനം മാത്രമെയുള്ളു ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ. 10 തടവുകാരിൽ രണ്ട് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നത്. ജയിലിൽ കഴിയുന്ന തടവുകാരിൽ 22.8 ശതമാനം പട്ടികജാതി വിഭാഗത്തിലുള്ളവരും 10.7 ശതമാനം പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുമാണെന്ന് ഓൺ ലൈൻ മാധ്യമം ”വയർ” റിപ്പോർട്ട് ചെയ്യുന്നു. ”ജലം, ഭൂമി, കാട്” എന്ന മുദ്രാവാക്യം ഉയർത്തി സമരം ചെയ്ത ആദിവാസി വിഭാഗക്കാർ ഇതിൽ ധാരാളമുണ്ട്. ജാമ്യത്തെക്കുറിച്ചോ നിയമ വ്യവസ്ഥയെക്കുറിച്ചോ വേണ്ടത്ര ഗ്രാഹ്യമില്ലാത്ത അരികുവൽക്കരിക്കപ്പെട്ട ഒരു ഇന്ത്യൻ സമൂഹത്തിലെ യുവതയാണ് ഇതിൽ ഏറിയ പങ്കും.
2018ലെ ഭീമകൊറേ ഗാവ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന സാമൂഹ്യ‑സാംസ്കാരിക‑മാധ്യമ പ്രവർത്തകർ ഇന്നും വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്നത് നമുക്ക് ഏവർക്കും അറിവുള്ളതാണ്. വർഷം നാലു കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കി ചാർജ് കോടതിയിൽ നൽകാൻ പൊലീസിന് കഴിയുന്നില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസ് കാവലിൽ ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഫാദർ സ്റ്റാൻ സാമിയുടെ കമ്പ്യൂട്ടറിൽ കൃത്രിമ തെളിവുകൾ പൊലീസ് നിർദേശപ്രകാരം ഹാക്കർമാർ കുത്തി നിറച്ചത് ഇപ്പോൾ പുറത്ത് വന്നല്ലോ. എന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതേ കേസിൽ വിചാരണയില്ലാതെ തടവിൽ പാർപ്പിച്ചിരിക്കുന്ന മറ്റു നിരപരാധികൾക്ക് നാലുവർഷം കഴിഞ്ഞിട്ടും തടവു ജീവിതം തുടരേണ്ടി വരുന്നു.
ദേശീയ അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ള കേന്ദ്ര പൊലീസ് വിഭാഗം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾക്കു വേണ്ടി നിരപരാധികളെ വേട്ടയാടുകയാണ്. ജയിലിൽ കഴിയുന്നവർക്ക് മനുഷ്യാവകാശങ്ങൾ പോലും പലപ്പോഴും നിഷേധിക്കുന്നു. രാജ്യ സുരക്ഷയെ അപകടപ്പെടുത്തുകയോ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യ സമൂഹത്തെ രക്തപങ്കിലമാക്കുകയോ ചെയ്തവരെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ള ”അന്തസായി ജീവിക്കാനും സംഘടിക്കാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അഭിപ്രായ പ്രകടനങ്ങൾ നടത്താനും” ഉള്ള അവകാശം വിനിയോഗിച്ചു എന്ന കാരണത്താൽ ദേശദ്രോഹക്കുറ്റം ചുമത്തിയും മനുഷ്യാവകാശങ്ങൾ ലംഘിച്ചും വർഷങ്ങളായി കേസു ചാർജ് ചെയ്യാതെ ജയിലുകളിൽ കഴിയേണ്ടി വരുന്ന ഹതഭാഗ്യരെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: പുതിയ രാഷ്ട്രപതി പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും


കോടതികൾ വിചാരണ നടത്തി കുറ്റവാളികൾ എന്നു വിധിക്കപ്പെട്ടവർ നിയമം അനുശാസിക്കുന്ന രീതിയിൽ തടവിൽ കഴിയുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ ജയിലിലായ ദിവസങ്ങൾ മാസങ്ങളാവുകയും മാസങ്ങൾ വർഷങ്ങളാവുകയും ചെയ്തിട്ടും പൊലീസ് അന്വേഷണം പോലും എങ്ങുമെത്താതെ ജയിലറകളിൽ കഴിയേണ്ടി വരുന്നത് ആകെ തടവുകാരുടെ 77 ശതമാനമാണ് എന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.
2021ലെ കണക്കനുസരിച്ച് 14.4 ദശലക്ഷം കേസുകൾ വിചാരണ കാത്ത് കോടതികളിൽ കെട്ടിക്കിടക്കുന്നു. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ മാത്രം 69,781 കേസുകൾ കെട്ടിക്കിടക്കുകയാണ്. പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവരോധിതനായതിനു ശേഷം ആദ്യ 40 ദിവസംകൊണ്ട് 6,844 കേസുകൾ തീർപ്പു കല്പിച്ച് അവസാനിപ്പിച്ചു എന്ന വാർത്ത അത്യധികം ആശ്വാസം നൽകുന്നതാണ്. കേസുകൾ അമിതമായി കെട്ടിക്കിടക്കുന്നത് നീതി വൈകുന്നതിന് ഇടയാക്കുമെന്ന് നമുക്ക് അറിയാം. വൈകിയ നീതി, നീതി നിഷേധത്തിനു തുല്യമാണ്. ന്യായാധിപന്മാരുടെ കുറവ് നികത്തിയും കേസുകളിൽ അതിവേഗം തീർപ്പുകല്പിച്ചും ഈ പ്രശ്നം ഒരു പരിധിവരെ ജുഡീഷ്യറിക്കു പരിഹരിക്കാൻ കഴിയും. എന്നാൽ തിങ്ങിനിറഞ്ഞ ജയിലുകളിലെ വിചാരണത്തടവുകാരുടെ അസാധാരണ ആധിക്യം, രാഷ്ട്രപതി പറഞ്ഞതുപോലെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒന്നിച്ചു നിന്നേ പരിഹരിക്കാൻ കഴിയുകയുള്ളു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരെക്കുറിച്ച് കേന്ദ്ര ഭരണാധികാരികളും ജുഡീഷ്യറിയും ഉറക്കെ ചിന്തിക്കണം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.