17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
August 15, 2024
June 18, 2024
March 18, 2024
January 21, 2024
December 1, 2023
November 24, 2023
October 5, 2023
September 24, 2023
September 22, 2023

കിഴക്കന്‍ ഉക്രെയ്‍നിലുണ്ടായ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കീവ്
May 9, 2022 8:31 am

ഉക്രെയ്‍നിലെ കിഴക്കന്‍ മേഖലയായ ലുഹന്‍സ്‍കില്‍ സ്കൂള്‍ കെട്ടിടത്തിനെതിരെയുണ്ടായ ബോം­ബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. തൊണ്ണൂറോളം പേർ അഭയം പ്രാപിച്ചിരുന്ന സ്കൂളിലാണ് റഷ്യ സെെന്യം ആക്രമണം നടത്തിയതെന്നും തീപിടിത്തമുണ്ടായതായും മേഖല ഗവര്‍ണര്‍ അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തിയതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.

അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെയും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെയും സഹായത്തോടെ 300 സാധരണക്കാരെ ഒഴിപ്പിച്ചതായി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി അറിയിച്ചു. പ്ലാന്റിനുള്ളിലെ സെെനികര്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റില്‍ അവശേഷിക്കുന്ന സെെനികരെ രക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സെലെൻസ്‍കി അറിയിച്ചു. പ്ലാന്റിൽ നിന്ന് 176 സാധാരണക്കാരെ ഒഴിപ്പിച്ചതായി ഡോ­ണ്‍ബാസ് മേഖല അധികൃതരും അറിയിച്ചു. കരിങ്കടലില്‍ സ്നേക്ക് ഐലന്‍ഡിന് സമീപം റഷ്യയുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതായി ഉക്രെയ്‍ന്‍ അവകാശപ്പെട്ടു.

റഷ്യൻ നിയന്ത്രണത്തിലുള്ള ദ്വീപിലെ സെർന ക്ലാസ് ലാൻഡിങ് ക്രാഫ്റ്റും മിസൈൽ പ്രതിരോധ സംവിധാനവും നശിപ്പിച്ചതായും ഉക്രെയ്‍ന്‍ പ്രതിരോധ മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. സെെനിക നടപടി ആരംഭിച്ചതിനു ശേഷം ഉക്രെയ്‍നില്‍ 234 കുട്ടികളടക്കം 3,309 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സ­ഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. 350 കുട്ടികളടക്കം 3,493 പേർക്ക് പരിക്കേറ്റതായാണ് കണക്കുകള്‍. അതേസമയം, ഉക്രെയ്‍ന് 1.60 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ബ്രിട്ടണ്‍ പ്രഖ്യാപിച്ചു. പുടിന്റെ ആക്രമണം ഉക്രെയ്‍നില്‍ മാത്രമല്ല, യൂറോപ്പിലാകമാനം നാശം വിതച്ചിരിക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു.

വ്ലാദിമിര്‍ സെലന്‍സ്‍കിയുമായുള്ള ജി സെവന്‍ അംഗങ്ങളുടെ വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നേ­ാടിയായാണ് സഹായപ്രഖ്യാപനം. അതിനിടെ, യുഎസ് പ്രഥമവനിത ജില്‍ ബെെഡന്‍ ഉക്രെയ്‍ന്‍ സന്ദര്‍ശിച്ചു. ഉക്രെയ്ന്‍ പ്രഥമ വനിത ഒലീന സെലന്‍സ്‍കയുമായും ജില്‍ ബെെഡന്‍ കൂടിക്കാഴ്ച നടത്തി. മാതൃദിനത്തിൽ തന്നെ ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജില്‍ ബെെഡന്‍ പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയില്‍ ഉ­ക്രെയ്ൻ സന്ദര്‍ശിക്കില്ലെന്ന് ജോ ബെെഡന്‍ വ്യക്തമാക്കിയിരുന്നു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉക്രെയ്‍ന്‍ നഗരമായ ഇര്‍പിന്‍ സന്ദര്‍ശിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനമായിരുന്നില്ല ട്രൂഡോയുടേത്. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉക്രെയ്‌നിന്റെ ഭക്ഷ്യ കയറ്റുമതി പുനാരാരംഭിക്കുന്നതിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തിയതായി ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. ധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും ലോകത്തിലെ പ്രധാന കയറ്റുമതിക്കാരാണ് ഉക്രെയ്‍ന്‍.

Eng­lish summary;A bomb blast near the east­ern city of Ukraine has killed at least 60 people

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.