22 December 2024, Sunday
KSFE Galaxy Chits Banner 2

ഹൃദയത്തോട് ചേർത്തുവയ്ക്കാൻ ഒരു പുസ്തകം

ഇളവൂർ ശ്രീകുമാർ
August 4, 2024 3:16 am

ഖ്യാനത്തിന്റെ സവിശേഷതകൊണ്ട് മറ്റേതൊരു സർഗാത്മക കൃതിയെയും പോലെ ചില ലേഖനസമാഹാരങ്ങൾ മികച്ച വായനാനുഭവം സൃഷ്ടിക്കാറുണ്ട്. അവിടെ വായനതന്നെ പുതിയൊരു ലാവണ്യാനുഭവമായിത്തീരുന്നു. പ്രശാന്ത് ചിറക്കരയുടെ കാഴ്ചയുടെ അപരലോകം ഇത്തരമൊരു വായനയുടെ പ്രസാദാത്മകവും ജിജ്ഞാസാഭരിതവുമായ വാതായനങ്ങളാണ് തുറന്നിടുന്നത്. 

മരണവും വിശപ്പും പ്രത്യാശയും നിലവിളിയും സംഗീതവുമെല്ലാം സമ്മിശ്രമായി മേളിക്കുന്ന ജീവിതത്തിന്റെ അത്രയൊന്നും നമുക്ക് ചിതമല്ലാത്തതോ താല്പര്യമില്ലാത്തതോ അല്ലെങ്കിൽ ശ്രദ്ധിക്കാൻ സമയമില്ലാത്തതോ ആയ കാഴ്ചയുടെ അപരസ്ഥലികളിലേക്കാണ് പ്രശാന്ത് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. അവയെല്ലാം ജിജ്ഞാസയും അമ്പരപ്പും കലർന്ന കൗതുകകരമായ അറിവിന്റെ വിന്യാസങ്ങളാണ്. ‘മൃതിയെക്കാൾ ഭയാനക’ത്തിൽ തുടങ്ങി ‘സൗരയൂഥം കടന്നുപോയ സ്വരമാധുരി’ വരെയുള്ള ഏഴു ലേഖനങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായ വായനാനുഭവങ്ങളാണ് വായനക്കാർക്ക് നൽകുന്നത്. 

ഒരു രാജ്യത്തിന്റെ വില്പനയുടെ കഥയാണ് ആദ്യ ലേഖനമായ ‘മൃതിയെക്കാൾ ഭയാനക’ത്തിൽ വിവരിക്കുന്നത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഡീഗോഗാർഷ്യ എന്ന ദ്വീപ് അമേരിക്കയ്ക്ക് സൈനികത്താവളം സ്ഥാപിക്കുന്നതിനായി അവിടെത്തെ ജനങ്ങളെ മുഴുവൻ നാടുകടത്തി കൈമാറ്റം ചെയ്തതിന്റെ കരളലിയിക്കുന്ന കഥയാണിത്. ദുർബ്ബലരായ മനുഷ്യർക്കുമേൽ അധികാരം അതിന്റെ കിരാതമായ തേർവാഴ്ച നടത്തി അവരെ വേരോടെ പിഴുതെറിഞ്ഞതിന്റെ ചരിത്രം പുറംലോകമറിയാതെ ദീർഘകാലം മൂടിവച്ചിരിക്കുകയായിരുന്നു. എന്നാൽ പിൽക്കാലത്ത് ഒരുകുറ്റവും ചെയ്യാതെ പിറന്ന നാട്ടിൽനിന്ന് നാടുകടത്തപ്പെട്ട ഈ മനുഷ്യരുടെ കഥ ലോകമറിഞ്ഞു. അതിന്റെ വഴികളും അവർക്ക് പിന്നീടെന്തു സംഭവിച്ചു എന്ന അന്വേഷണവുമാണ് ലേഖനം. വായിച്ചുകഴിയുമ്പോൾ സങ്കടത്തിന്റെ വലിയൊരു നെരിപ്പോട് നെഞ്ചിലവശേഷിപ്പിക്കുന്ന ലേഖനമാണിത്. 

ഉഗാണ്ടയിലെ ഉൾനാടൻ ചേരിപ്രദേശമായ കാത്ത്വേയിലെ ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അരക്ഷിത്വത്തിന്റെയും നടുവിൽനിന്ന് ചെസ് കളിയിലൂടെ ലോകത്തിന്റെ വിസ്മയമായി മാറിയ ഫയോണ മുറ്റ്സി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ‘ഒരു ചെസ് വിസ്മയത്തിന്റെ കനൽവഴികൾ’ എന്ന ലേഖനം. ആകസ്മികമായി ഒരു ചെസ് കളി കാണാനിടയായ ഫയോണയുടെ ജീവിതം റോബർട്ട് കതാന്റെ എന്ന ചെസ് പരിശീലകനിലൂടെ മാറിമറിഞ്ഞ് ലോകത്തിന്റെ നെറുകയിലേക്ക് അവൾ പറന്നുയർന്നത് എങ്ങനെയാണെന്ന് ലേഖകൻ വിശദീകരിക്കുന്നു. ഏതൊരു മനുഷ്യന്റെ ഉള്ളിലും പ്രതിഭയുടെ ഒരു തീക്കനലുണ്ടാകാമെന്നും അനുകൂല സാഹചര്യം ലഭിച്ചാൽ ആളിക്കത്തി ചുറ്റും പ്രകാശം പരത്തുമെന്നും ഫയോണയുടെ വിസ്മയകരമായ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. 

വലിപ്പത്തിൽ നാലാം സ്ഥാനമുണ്ടായിരുന്ന മധ്യേഷ്യയിലെ അരാൽ എന്ന തടാകം മനുഷ്യന്റെ അത്യാർത്തിയും അധികാരഭ്രാന്തും ചേർന്ന് വറ്റിച്ചുകളഞ്ഞതെങ്ങനെയെന്നും അതിന്റെ ദുരന്തഫലങ്ങളെന്തൊക്കെയായിരുന്നെന്നും വിശദീകരിക്കുകയാണ് ‘മടങ്ങിവരികയാണ് മരിച്ച ഒരു കടൽ’ എന്ന ലേഖനം. ചിത്രകലയിൽ വിസ്മയങ്ങൾ സൃഷ്ടിച്ച, ജന്മനാ അന്ധനായ ഇസ്രഫ് അർമഗൻ എന്ന ടർക്കിഷ് ചിത്രകാരന്റെ കലയും ജീവിതവുമാണ് ‘കാഴ്ചയുടെ അപരലോകം’ എന്ന ലേഖനം. വിശപ്പ്, മരണം, ജീവിതം(ഒറ്റ ഫ്രെയിമിൽ) എന്ന ലേഖനം ഒറ്റ ക്യാമറ ക്ലിക്കിലൂടെ ലോകമനസാക്ഷിയെ നടുക്കിയ കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറുടെ സംഘർഷഭരരിതമായ ജീവിതത്തിലൂടെയുള്ള യാത്രയാണ്. വിശന്ന് തളർന്ന് നിലത്ത് കിടക്കുന്ന ഒരു പെൺകുഞ്ഞും അതിനെ ഭക്ഷിക്കാനായി പിന്നിൽ കാത്തിരിക്കുന്ന കഴുകനുമായിരുന്നു കെവിൻ കാർട്ടറുടെ ഫ്രയിമിലേക്ക് കൃത്യമായി കയറിപ്പറ്റിയത്. ലോകത്തെ നടുക്കിയ ആ ചിത്രവും അതേത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഒടുവിൽ കെവിൻ കാർട്ടർ ആത്മഹത്യചെയ്തതുമെല്ലാം വിശദീകരിക്കുന്ന ലേഖനം വായനക്കാരിലും ആഴത്തിലൊരു മുറിവവശേഷിപ്പിക്കുന്നു. ഫേസ് ബുക്കിന്റെ വളർച്ച വിശദീകരിക്കുന്ന ‘അതിർത്തികളില്ലാത്ത രാജ്യം, ’ ഭൂമിയിൽനിന്നുള്ള ശബ്ദങ്ങളും സംഗീതവും സമാഹരിച്ച് ബഹിരാകാശത്തേക്ക് അയച്ച വോയജർ എന്ന പേടകത്തെക്കുറിച്ചുള്ള കൗതുകകരമായ അറിവുകൾ പങ്കുവയ്ക്കുന്ന ‘സൗരയൂധം കടന്നുപോയ സ്വരമാധുരി’ എന്നീ ലേഖനങ്ങളും അപൂർവമായ വായനാനുഭവങ്ങളാണ്. 

ഓരോ പേജിലും ആകാംക്ഷ നിലനിർത്തി ഒരു ലേഖനസമഹാരം പൂർത്തീകരിക്കുക എന്നത് ശ്രമകരമാണ്. ആ ശ്രമത്തിൽ ഭംഗിയായി വിജയിച്ച പുസതകമാണ് ‘കാഴ്ചയുടെ അപരലോകം.’ കൗതുകരമായ ഒട്ടേറെ അറിവുകളുടെ ശേഖരംകൂടിയാണ് ഈ പുസ്തകം. അല്പംപോലും മുഷിവില്ലാതെ വായിച്ചവസാനിപ്പിക്കാൻ കഴിയുന്ന ഈ കൃതി ഏതൊരു വായനക്കാരനും ഹൃദയത്തോട് ചേർത്തുവയ്ക്കുകതന്നെ ചെയ്യും. 

കാഴ്ചയുടെ അപരലോകം
(ലേഖനങ്ങൾ)
പ്രശാന്ത് ചിറക്കര
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം
വില: 120 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.