19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 5, 2024
September 3, 2024
September 3, 2024
September 3, 2024
August 29, 2024

പെട്ടി നിറയെ പെടയ്ക്കണ മീൻ… വിറ്റതെല്ലാം വയനാടിന്… ഒപ്പം കൂടി മന്ത്രിയും

Janayugom Webdesk
കരുനാഗപ്പള്ളി
August 19, 2024 11:12 am

വയനാട് ജനതയെ സഹായിക്കാൻ വേറിട്ട സഹായ പദ്ധതിയുമായി ഗ്രന്ഥശാല പ്രവർത്തകർ. വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറിയുടെ പ്രവർത്തകരാണ് ‘മീൻ ചലഞ്ചുമായി’ രംഗത്തുവന്നത്. ഗ്രന്ഥശാലയിലെ അംഗങ്ങളും പ്രവർത്തകരും അടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ നിന്നും ശനിയാഴ്ച ലഭിച്ച മീനാണ് വിൽപ്പനയ്ക്കായി കരുനാഗപ്പള്ളി ടൗണിൽ എത്തിച്ചത്. നല്ല പച്ച മീൻ ചെറിയ വിലയ്ക്ക് വന്നവർക്കെല്ലാം നൽകി. അയലയും ചൂടയും ചെങ്കലവയും എല്ലാം ഇഷ്ടം പോലെ വന്നവർക്ക് ലഭിച്ചു. തുക മുഴുവൻ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി.
ചലച്ചിത്ര നടനും ഗ്രന്ഥശാലാ യുവജനവേദി പ്രവർത്തകനുമായ അബിൻ ബിനോയും വനിതാ വേദി പ്രവർത്തകരും ഉൾപ്പെട്ട പ്രവർത്തകരുടെ സംഘം ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ കരുനാഗപ്പള്ളി ടൗണിൽ മീൻ പെട്ടികളുമായി എത്തിയതോടെ ആളുകളും തടിച്ചു കൂടി. കണ്ടവർക്കെല്ലാം കൗതുകം. ചെറിയ വിലയ്ക്ക് ഇഷ്ടംപോലെ നല്ല മീൻ കിട്ടിയതോടെ ആളുകളുടെ തിരക്കും വർധിച്ചു. ഗ്രന്ഥശാല പ്രവർത്തകരുടെ സഹായ പദ്ധതിക്ക് അഭിവാദ്യമേകാൻ മന്ത്രി കെ എൻ ബാലഗോപാലും എത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി.

എംഎൽഎമാരായ സി ആർ മഹേഷ്, കോവൂർ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, റജി ഫോട്ടോപാർക്ക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ അനിരുദ്ധൻ, ഷെർളി ശ്രീകുമാർ, മുൻ കാപ്പക്സ് ചെയർമാൻ പിആർ വസന്തൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് ബി എ ബ്രിജിത്ത്, സെക്രട്ടറി ഡി ഹരിലാൽ, മണിലാൽ, ഗോകുൽ, അബിൻ ബിനോ, രതീഷ്, അഖിൽ, സജിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മത്സ്യവ്യാപാരം. സന്ധ്യയോടെ വിൽപ്പന അവസാനിപ്പിച്ചപ്പോൾ അരലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. തുക താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.