
ഒമ്പതു വയസുകാരി കാറിടിച്ച് കോമയിലായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അമിത വേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കൽ, തെളിവ് നശിപ്പിക്കൽ, അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കാതെ വൈദ്യ സഹായം നൽകാതിരിക്കൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയത്. തെളിവുകളായി അപകടം വരുത്തിയ കാറിന്റെ മാറ്റിയ ഗ്ലാസ് ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ഷെജീലി നെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലേക്ക് വരുമ്പോഴാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് ദേശീയ പാതയിൽ ചോറോട് വെച്ച് അപകടം നടന്നത്. വാഹനമിടിച്ച് ഒമ്പതുവയസുകാരി ദൃഷാനയുടെ മുത്തശ്ശി ബേബി മരിക്കുകയും ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദൃഷാന ഡിസ്ചാർജ് ചെയ്ത ശേഷം ആശുപത്രിക്ക് സമീപം തന്നെ തുടർചികിത്സക്കായി താമസിച്ചു വരികയാണ്. ചോറോട്ടെ ബന്ധു വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചിട്ടത്. ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് ഷെജീൽ കുരുക്കിലായത്. പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷി ച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ കാറിൽ രൂപമാറ്റം വരുത്തുകയായിരുന്നു. കാർ മതിലിനിടിച്ചെന്നുവരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തതാണ് കേസിന് തുമ്പായത്. ദുബായിൽ നിന്ന് പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിരുന്നു. പലതവണ കുടുംബവുമായി സംസാരിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ഇയാൾ നാട്ടിലേ ക്ക് മടങ്ങിയത്. പ്രതി ഇപ്പോൾ ജാമ്യത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.