അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി പള്ളിക്കര സ്വദേശി പതിനാലുകാരൻ നാളെ ആശുപത്രി വിടും. കുട്ടിയുടെ പിസിആർ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ജർമ്മനിയിൽ നിന്നും എത്തിച്ച മിൽട്ടിഫോസിൻ മരുന്നടക്കം കുട്ടിക്ക് നൽകിയിരുന്നു. നേഗ്ലെറിയ ഫൗലേറി പിസിആർ പോസിറ്റീവ് ആയ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമെന്നാണ് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നത്.
തിക്കോടിയിലെ കിഴൂർ കാട്ടുംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഈ മാസം ഒന്നിനാണ് രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചിന് രോഗം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ജില്ലയിൽ ചികിത്സയിലിരിക്കെ മൂന്ന് കുട്ടികൾ മരണപ്പെട്ടിരുന്നു. രാമനാട്ടുകര, കണ്ണൂർ, മലപ്പുറം സ്വദേശികളായ കുട്ടികളാണ് നേരത്തെ മരണപ്പെട്ടത്. കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ രോഗം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്.
ഇതേസമയം ഇന്ത്യയിൽ ആദ്യമായി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിന് സാങ്കേതിക മാർഗരേഖ പുറത്തിറക്കി. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
English Summary: A child with amoebic encephalitis will be discharged today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.