എൻഡിഎ സർക്കാരിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് പുറത്ത്. 2015ൽ തന്നെ പദ്ധതിയെ ലീഗ് സ്വാഗതം ചെയ്തിരുന്നതായി റിപ്പോർട്ട്.
2015ലെ നാച്ചിയപ്പൻ അധ്യക്ഷനായ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് മുസ്ലിം ലീഗ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുള്ളത്. സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കും എന്നായിരുന്നു അന്ന് ലീഗിന്റെ നിലപാട്. പദ്ധതിയെ ലീഗ് സ്വാഗതം ചെയ്തു എന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സമിതിക്ക് മുമ്പാകെ മുസ്ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് 2015ൽ തന്നെ പദ്ധതിയെ പാര്‍ട്ടി സ്വാഗതം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുള്ളത്.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയിൽ മുസ്ലിം ലീഗ് എതിർപ്പറിയിച്ചിരുന്നതായി പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് തയ്യാറാക്കിയിട്ടുള്ളത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നും അഭിപ്രായം രേഖപ്പെടുത്താൻ ആരെയെങ്കിലും വിളിക്കുകയോ സമയം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമ കമ്മിഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ഇതുസംബന്ധിച്ച എതിർപ്പ് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പാർട്ടികൾ ഈ വിഷയം ഗൗരവമായെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആർഎസ്എസ് അജണ്ടയെ മുസ്ലിം ലീഗ് സ്വാഗതം ചെയ്ത വാർത്ത ഞെട്ടിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. 2015ൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഔദ്യോഗിക നിലപാട് ലീഗ് വ്യക്തമാക്കിയത്, രാംനാഥ് കോവിന്ദ് കമ്മിറ്റിക്ക് മുമ്പാകെ പുലർത്തിയ മൗനത്തിന്റെ കാരണവും ഇതു തന്നെയാണ്. വിഷയത്തിൽ ലീഗ് നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ രാംനാഥ് കോവിന്ദ് കമ്മിറ്റി മുമ്പാകെ എതിർപ്പറിയിക്കാതെ മുസ്ലിം ലീഗ് മാറിനിന്നത് മോഡി സർക്കാരിൽനിന്നുള്ള പ്രതികാരനടപടി ഭയന്നാണെന്നും മുമ്പും ഇത്തരം വിഷയങ്ങൾ വരുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയ ചരിത്രമാണ് ലീഗിന്റേതെന്നും ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഇഡിയെ ഭയന്ന് കഴിയുന്ന ലീഗ് പ്രമാണി സംഘത്തിന് ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് അടക്കമുള്ള മറ്റ് ഘടക കക്ഷികൾ എടുക്കുന്ന തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കാൻ ധൈര്യമില്ല. രാംനാഥ് കോവിന്ദ് കമ്മിറ്റിയെ ഗൗരവമായെടുത്തില്ലെന്നും നിയമ കമ്മിഷനും തെരഞ്ഞെടുപ്പ് കമ്മിഷനും കത്ത് കൊടുത്തിട്ടുണ്ടെന്നൊക്കെ കുഞ്ഞാലിക്കുട്ടി തട്ടിവിടുന്നത് കാപട്യവും പച്ചക്കള്ളവുമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.