മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ ഉറ്റസുഹൃത്തിന് മാല ചാര്‍ത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. തുടർന്ന് ഇരുപത്തിയൊന്നുകാരിയായ വധു രാധാദേവി വിവാഹം വേണ്ടെന്ന് വച്ചു. വരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരന്‍ രവീന്ദ്ര കുമാര്‍ (26) വിവാഹ ഘോഷയാത്രയില്‍ വേദിയിലേക്ക് വൈകിയെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിവാഹത്തിന് മദ്യപിച്ചെത്തിയ ഇയാള്‍ വധുവിന്റെ വീട്ടുകാരോടും ബന്ധുക്കളോടും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഹാരം
കൈമാറുന്ന ചടങ്ങ് നടക്കുമ്പോള്‍ വരന്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു. ഇതിനു ശേഷം വേദിയിലേക്ക് കയറിയ വരന്‍ വധുവിന് മാലയണിയുന്നതിനു പകരം തൊട്ടടുത്ത് നിന്ന വധുവിന്റെ സുഹൃത്തിന്റെ കഴുത്തിലേക്ക് മാലയിടുകയായിരുന്നു. അപ്പോള്‍ തന്നെ വധു വരന്റെ മുഖത്തേക്ക് അടിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം കസേരകള്‍ വലിച്ചെറിയുകയുമായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
വരന്റെ വീട്ടുകാര്‍ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള
ചടങ്ങുകള്‍ക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നല്‍കിയതായി വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ വധുവിന്റെ കുടുംബത്തെ അപമാനിച്ചതിന് വരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.