
തദ്ദേശത്തിൽ ബിജെപിക്കുണ്ടായ തിരിച്ചടിയടക്കം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുമ്പിൽ എണ്ണിയെണ്ണി പറയാൻ മറുപക്ഷം തയ്യാറെടുക്കുന്നതായി വിവരം. സംസ്ഥാന ബിജെപിയുടെ ഇന്ന് നടക്കുന്ന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും സംബന്ധിക്കാൻ അമിത് ഷാ ഇന്നലെ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. തദ്ദേശത്തിൽ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയതിലെ വീഴ്ചയ്ക്കാവും രാജീവ് ചന്ദ്രശേഖർ വിരുദ്ധചേരി പ്രാമുഖ്യം നൽകുക. പാർട്ടിയിലോ പൊതുരംഗത്തോ ഒരു പാരമ്പര്യവുമില്ലാത്ത അനൂപ് ആന്റണിയെയും ഷോൺ ജോർജിനെയും കത്തോലിക്കർ എന്ന പരിഗണന മാത്രം നൽകി ജന. സെക്രട്ടറിയും വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗങ്ങളുമാക്കി ഹീറോ പരിവേഷം നൽകി പ്രതിഷ്ഠിച്ചു. എന്നാൽ, ഇതിന്റെയൊന്നും ഒരു മേന്മയും തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് പാർട്ടിക്ക് ലഭിച്ചില്ല. പാർട്ടിയിലെ വലിയൊരു വിഭാഗത്തിൽ അസംതൃപ്തി പടരാൻ ഇത് കാരണമാവുകയും ചെയ്തു.
14 ജില്ലകളിൽ ബിജെപിക്ക് ക്രിസ്ത്യൻ സ്ഥാനാർത്ഥികളുണ്ടായത് എട്ടിടത്താണ്. 1926 ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ കര കയറിയത് 25 പേർ മാത്രം. അനൂപ് ആന്റണിയുടെയും ഷോൺ ജോർജിന്റെയും തട്ടകങ്ങളായ പത്തനംതിട്ടയിൽ 51 പേർ മത്സരിച്ചതിൽ രണ്ട് പേരും കോട്ടയത്ത് 96 പേർ മത്സരിച്ചതിൽ എട്ടുപേരും മാത്രമാണ് ജയിച്ചത്. കോട്ടയം പന്ത്രണ്ട്, ആലപ്പുഴ മൂന്ന്, തൃശൂർ മൂന്ന്, കൊല്ലം ഒന്ന്, പത്തനംതിട്ട, എറണാകുളം, കണ്ണൂർ രണ്ട് വീതം-എന്നിങ്ങനെയാണ് എട്ട് ജില്ലകളിലായി ജയിച്ച ക്രിസ്ത്യൻ സ്ഥാനാർത്ഥികളുടെ എണ്ണം. ഇതിന്റെ പേരിൽ ന്യൂനപക്ഷ മോർച്ച കേരളാ പ്രഭാരി സുമിത് ജോർജ് രാജിവയ്ക്കണമെന്ന ആവശ്യവും ആർഎസ്എസിൽ നിന്നടക്കം ശക്തമായിരുന്നു. വോട്ട് വിഹിതം 25 ശതമാനമാക്കുക, എല്ലാ വാർഡുകളിലും മത്സരിക്കുക, പരമാവധിയിടങ്ങളിൽ ജയിക്കുന്നതിനുള്ള എല്ലാ അടവുകളും പ്രയോഗിക്കുക എന്നിങ്ങനെയായിരുന്നു, ജൂലൈയിൽ തിരുവനന്തപുരത്ത് നടന്ന വാർഡ് തല നേതൃയോഗത്തിൽ അമിത് ഷായുടെ കർശന നിര്‍ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19.26% വോട്ട് നേടിയ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ, അമിത് ഷായുടെ മോഹത്തിന്റെ ഏഴയകലത്തെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതിൽ നിന്ന് 4.55 % വോട്ടിന് പിന്നിലാവുകയും ചെയ്തുവെന്നാണ് രാജീവ് ചന്ദ്രശേഖർ വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഫണ്ട് ആവശ്യത്തിലധികമുണ്ടായിട്ടും പ്രചാരണ രംഗത്ത് മെല്ലെപ്പോക്കായിരുന്നു. ക്രൈസ്തവ വോട്ടുകളുടെ പേരിൽ പണം പലവഴിക്ക് പോയെന്ന ആക്ഷേപവുമുണ്ട്. വിഭാഗീയത മൂർച്ഛിച്ചു, ഒരു വിഭാഗത്തെ മനഃപൂർവം അകറ്റുന്നു, കൂട്ടായ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേല്പിക്കുകയും ചെയ്യുന്നു-ഇങ്ങനെ നീളുന്നു പരാതികളുടെ പട്ടിക. തിരുവനന്തപുരം കോർപറേഷനിൽ സംസ്ഥാന നേതൃത്വത്തിന്റെ നോമിനിയായിരുന്ന ആർ ശ്രീലേഖയെ വെട്ടി വി വി രാജേഷിനെ മേയറാക്കാനുള്ള നീക്കങ്ങൾക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ നേടാനായതോടെ, രാജീവ് ചന്ദ്രശേഖറിന് മേൽ കെ സുരേന്ദ്രൻ‑മുരളീധരൻ ചേരി ആദ്യ വിജയം നേടി എന്നാണ് വിലയിരുത്തൽ. ആ ആത്മവിശ്വാസത്തിന്റെ കൂടി പിൻബലത്തിലാണ് അമിത്ഷായുടെ മുമ്പിൽ പരാതിക്കെട്ടഴിക്കാനുള്ള നീക്കമെന്നാണ് അറിവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.