
കൊച്ചിയുടെ അതിവേഗത്തിലുള്ള മാറ്റം സംസ്ഥാന സർക്കാരിന്റെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം — മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര മേഖലകളിലും സമാനതകൾ ഇല്ലാത്ത വികസന നേട്ടങ്ങൾക്കാണ് കഴിഞ്ഞ ഒമ്പത് വർഷമായി കൊച്ചി സാക്ഷ്യം വഹിക്കുന്നത്.
കാലങ്ങളായി ചെല്ലാത്തെ തീരദേശ ജനത അനുഭവിച്ചു വന്ന കടൽക്ഷോഭ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാൻ ടെട്രാപോഡ് പദ്ധതിയിലൂടെ കഴിഞ്ഞു.
ഒരുകാലത്ത് കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ ആകെ അപമാനമായി കരുതിയിരുന്ന ബ്രഹ്മപുരം ഇന്ന് നമുക്ക് അഭിമാനമായി മാറ്റാൻ കഴിഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലെയും, തൃക്കാക്കര, മരട്, കളമശ്ശേരി നഗരസഭകളുടെയും മറ്റ് 13 പഞ്ചായത്തുകളുടെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി 190 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റ് ആലുവയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്തും വൻ വികസനമാണ് ഇക്കാലയളവിൽ സാധ്യമായത്. നിർമ്മാണം പൂർത്തിയാകുന്ന കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ മെയ് മാസം അവസാനമോ ജൂൺ ആദ്യമോ നാടിന് സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ജൂലൈ മാസത്തിൽ അതും ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന കനാൽ പുനരുജ്ജീവന പദ്ധതിക്കായി 3716 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരത്തിലെ ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഇൻ്റഗ്രേറ്റഡ് അർബൻ ഡെവലപ്മെന്റ് വാട്ടർ റീജനറേഷൻ ആൻ്റ് സീവേജ് ട്രീറ്റ്മെൻ്റ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകൾക്കും ജലഗതാഗത മേഖലയ്ക്കും ഏറെ മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത്.
മറൈൻ ഡ്രൈവിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കും ഇതിനകം തത്വത്തിൽ അംഗീകാരം ആയിതായി മന്ത്രി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറി.ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ കരെപറമ്പിൽ കെ.ആർ ജലജ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കൊള്ളിയാത്ത് വീട്ടിൽകെ.ജെ ജോയ്, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കൊളപ്പിള്ളിൽ വീട്ടിൽ മേരി ജോൺ, മുളവുകാട് ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത് വീട്ടിൽ ചന്ദ്രമ്മ ബേബി, നായരമ്പലം ഗ്രാമപഞ്ചായത്തിലെ മങ്ങാട്ട് വീട്ടിൽ രാജമ്മ ദിനേശൻ എന്നിവർക്കാണ് താക്കോൽ കൈമാറിയത്. അതിനോടൊപ്പം ഭൂരഹിതരായ അഞ്ച് പേർക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ഭൂമിയുടെ ആധാരവും കൈമാറി. മുടവൂർ കുരീക്കാട്ട്കുടിയിൽ കെ.കെ മനോജ്, മുടവൂർ കുരിശിങ്കൽ ബേബി ജോൺ, മൂവാറ്റുപുഴ പുന്നയ്ക്കൽ സൂസന്ന വിനോദ്,
മൂവാറ്റുപുഴ പാലത്തിങ്കൽ റസീന ഷിഹാബ്, മുടവൂർ മാളിയേക്കൽ ഷീജ ഷിഹാബ് എന്നിവർക്കാണ് ഭൂമിയുടെ ആധാരം കൈമാറിയത്.ഉദ്ഘാടന ചടങ്ങിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി മേയർ അഡ്വ. അനിൽ കുമാർ, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീര, കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ ശ്രീജിത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.