4 January 2025, Saturday
KSFE Galaxy Chits Banner 2

മൊറോക്കോയിൽ നാലു ദിവസമായി കുഴല്‍കിണറിൽ കുടുങ്ങികിടന്ന അഞ്ചുവയസുകാരൻ മരിച്ചു

Janayugom Webdesk
റാബത്ത്
February 6, 2022 7:02 pm

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നാലു ദിവസമായി കുഴല്‍കിണറിൽ കുടുങ്ങി കിടന്ന അഞ്ചുവയസുകാരൻ മരിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ശനിയാഴ്ച രാത്രി കുട്ടിയെ പുറത്തെടു​ത്തപ്പോഴേ​ക്കും മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് വടക്കൻ മൊറോക്കോയിലെ 104 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ റയാൻ എന്ന അഞ്ച് വയസുകാരൻ കുടുങ്ങിയത്.

കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു രക്ഷാപ്രവർത്തകർ. റയാന്റെ മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി. ആറടി താഴ്ചയുള്ള കിണറ്റിൽനിന്ന് അഞ്ചുവയസുകാരൻ റയാനെ പുറത്തെടുക്കുന്നതായി നടത്തിയ രക്ഷാപ്രവർത്തനം ​ലോകശ്രദ്ധ നേടിയിരുന്നു.

ചെഫ്‌ചൗവൻ നഗരത്തിൽ നിന്ന് 125 മൈൽ അകലെയുള്ള ചെറിയ ഗ്രാമമായ ഇഘ്രാനെയിലെ വീടിനടുത്തുള്ള കിണറ്റിലാണ് റയാൻ കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം കുഴല്‍കിണറിന് ചുറ്റുമുള്ള ചുവന്ന മണ്ണ് ആഴത്തിൽ കുഴിച്ചെടുത്ത് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സമാന്തര കിണർ കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയെ രക്ഷ​പ്പെടുത്താനുള്ള ശ്രമത്തിൽ നൂറുകണക്കിന് ഗ്രാമവാസികൾ പങ്കാളികളായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരെയും കുടുംബത്തിന് പിന്തുണയുമായി എത്തിയവരെയും രാജാവ് അഭിനന്ദിച്ചു.

കുട്ടിക്ക് ഓക്‌സിജനും വെള്ളവും നൽകാനുള്ള മാർഗങ്ങളും കുട്ടിയെ നിരീക്ഷിക്കാൻ കാമറ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിതോടെ റയാനെ ഉടൻ പുറത്തെത്തിക്കണമെന്ന ആവശ്യവുമായി ലോകമെമ്പാടുമുള്ള നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

സേവ് റയാൻ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആളുകൾ പ്രതികരണവുമായെത്തിയത്. മൊറോക്കോയിലെ റിഫ് പർവതനിരകളിലെ വരണ്ട പ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനാണ് വലിയ കുഴല്‍കിണറുകൾ കുഴിക്കുന്നത്. അഞ്ഞൂറോളം പേർ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്.

eng­lish sum­ma­ry; A five-year-old boy has died after being trapped in a tube well for four days in Morocco

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.