ഒരു പകൽ രാത്രിക്ക് വഴിമാറാൻ തുടങ്ങുകയാണ്. ലാഹോര്‍ സെൻട്രൽ ജയിലിലെ ഏകാന്തതടവുകാരനെ പൂട്ടിയ സെല്ലിന്റെ താഴുകൾ പതുക്കെ ശബ്ദിച്ചു. ജയിൽ വാർഡൻ പറഞ്ഞു, “പോകാൻ നേരമായി”. തടവുമുറിയിൽ ഗാഢമായ വായനയിലാണ്ടിരുന്ന ചെറുപ്പക്കാരൻ തലയുയർത്തി ശാന്തമായി പറഞ്ഞു, “രണ്ടുമിനിറ്റ് കൂടി, ഞാൻ ഈ താൾ കൂടി പൂർത്തിയാക്കട്ടെ”. ജയിൽ വാർഡനും കൂടെ വന്നവരും മാത്രമല്ല തടവറയുടെ കരിങ്കൽഭിത്തികൾ കൂടി ആ അക്ഷോഭ്യതയ്ക്കു മുമ്പിൽ വിസ്മയപ്പെട്ടുകാണും. വായിച്ചുതീർത്ത പുസ്തകം മടക്കിവച്ച് ഭഗത് സിങ് പറഞ്ഞു, “നമുക്ക് പുറപ്പെടാം” കഴുമരത്തിനടുത്ത് രാജ് ഗുരുവും സുഖ്ദേവും കാത്തുനിന്നു. പരസ്പരം അഭിവാദ്യം ചെയ്തുകൊണ്ട് അവർ കൊലമരത്തിലേക്ക് നടന്നു. അവരുടെ ചുണ്ടിൽ നിന്ന് ഒരു ഉര്‍ദുഗാനശകലം ഉതിർന്നുവീണു. “ഈ മണ്ണിൽ വിടരുന്ന ഓരോ പൂവിലും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം പരക്കും. നാടിനുവേണ്ടി ജീവിക്കുന്നവർ മരിക്കുന്നില്ല. സമരമുഖങ്ങളിൽ ഊട്ടിയുറപ്പിച്ചതാണ് അവർ മൂവരുടേയും സ്നേഹബന്ധം. അവർക്കറിയാം സംഭവിക്കാൻ പോകുന്നത് എന്താണെന്ന്. അവരുടെ മുഖങ്ങളിൽ പതർച്ചയുടെ കണികപോലും ഉണ്ടായിരുന്നില്ല. കഴുമരച്ചോട്ടിലെത്തിയപ്പോൾ ജീവിതത്തിൽ ആദ്യമായി അവർക്കിടയിൽ ഒരു തർക്കം പൊന്തിവന്നു. ആരുടെ കഴുത്തിലാണ് ആദ്യം കൊലക്കയർ മുറുകേണ്ടത്! ഞാനാദ്യമെന്ന് മൂന്നുപേരും പറഞ്ഞു. എല്ലായ്പ്പോഴും എന്നപോലെ ഭഗത് സിങ് അവസാന തീരുമാനം പറഞ്ഞു. “എല്ലാ തർക്കങ്ങളുടേയും ഒടുവിൽ നിങ്ങൾ എന്നെ അനുസരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ അവസാനനിമിഷം അതിനു മാറ്റം വേണ്ട. ആ കയർ ആദ്യം എന്റെ കഴുത്തിൽത്തന്നെ മുറുകട്ടെ. മരണം അപ്പുറത്ത് കാത്തുനിൽക്കുമ്പോൾ ആ മൂന്നു ചെറുപ്പക്കാരും ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു, “ഇൻക്വിലാബ് സിന്ദാബാദ്”. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വധശിക്ഷ വൈകുന്നേരം നടപ്പിലാക്കുന്നത്. സാധാരണ പ്രഭാതങ്ങളിലാണ് അത് നടപ്പാക്കാറുള്ളത്. സാമ്രാജ്യത്വയജമാനന്മാർക്ക് ഭയമായിരുന്നു പകലിനെയും വെളിച്ചത്തെയും. താരുണ്യത്തിന്റെ പടിക്കൽ നിൽക്കുന്ന ഈ ധീരന്മാരുടെ മരണവാർത്തയറിഞ്ഞാൽ ജനങ്ങൾ ഇളകി മറിയുമെന്നും അവർക്കറിയാമായിരുന്നു. അതുകൊണ്ട് രാത്രിയെ കൂട്ടുപിടിക്കാൻ വധശിക്ഷയുടെ സമയം അവർ വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. എല്ലാം വേഗത്തിൽ കഴിഞ്ഞു. ജയിലിന്റെ പിൻവാതിൽ പൊളിച്ച് ആ രാത്രിയിൽ തന്നെ സത്‌ലജ് നദിയുടെ തീരത്ത് മൂവർക്കും ചിതയൊരുക്കി. പിന്നെ സംഭവിച്ചതെല്ലാം ചരിത്രമാണ്. ഭഗത് സിങ്ങും സഖാക്കളും സ്വാതന്ത്ര്യ ദാഹത്തിന്റെ പ്രതീകങ്ങളായി മാറി. അവരെച്ചൊല്ലി ഗ്രാമങ്ങൾതോറും കഥകളും പാട്ടുകളും ഉണ്ടായി. ജീവിച്ചിരുന്ന കാലത്തെക്കാൾ അവർ ശക്തരായി. അവർ വിമോചനസ്വപ്നങ്ങൾക്ക് വേണ്ടി പ്രാണൻ വെടിഞ്ഞവരാണ്. രക്തസാക്ഷികളാണവർ. ആ വാക്കിന്റെ അർത്ഥം ജീവിതം കൊണ്ടും മരണം കൊണ്ടും തെളിയിച്ചവർ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം അത്തരം ധീരന്മാരാൽ നിറഞ്ഞതാണ്. ഭഗത് സിങ്ങിന്റെ പൈതൃകം എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ട ഒന്നാണ്. ആ യുവദേശാഭിമാനിയുടെ ജീവിതം വായിച്ചാൽ അദ്ദേഹത്തിന്റെ സമരധീരത മാത്രമല്ല ആശയവ്യക്തതയും ആരെയും ആവേശഭരിതരാക്കും. ഭഗത് സിങ് തന്റേതെന്ന് ചേർത്തുവച്ച ആശയലോകം ഏതായിരുന്നു? അതിനെപ്പറ്റി പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് മറച്ചുവയ്ക്കാനാവാത്ത അഭിമാനബോധം ഉണ്ടാകും. ഭഗത് സിങ്ങിന്റെ ജയിൽ ഡയറി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ലേഖകൻ ആ യുവാവിന്റെ അന്വേഷണ ബുദ്ധിക്കുമുമ്പിൽ വിസ്മയപ്പെട്ടുപോയിട്ടുണ്ട്. മരണം വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു തടവുകാരൻ ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ട പ്രത്യേക ആനുകൂല്യം കുറെയേറെ പുസ്തകങ്ങൾ ലഭിക്കാനുള്ള അനുമതി മാത്രമായിരുന്നു. ഭഗത് സിങ് ചോദിച്ചത് എല്ലാ വിജ്ഞാനശാഖകളിലുംപെട്ട പുസ്തകങ്ങളായിരുന്നു. അതിൽ രാഷ്ട്രീയവും ചരിത്രവും മാത്രമല്ല ഉൾപ്പെട്ടത്. കലയും ധനശാസ്ത്രവും മനഃശാസ്ത്രവും സൈനികശാസ്ത്രവും ലിംഗനീതിയും അങ്ങനെ എല്ലാം. അപ്പോഴും അദ്ദേഹത്തിന്റെ പ്രായം ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ആ പ്രായക്കാരനായ ഒരാൾ ഒരു നോട്ട്ബുക്കിൽ ഡയറിയെഴുത്ത് ആരംഭിക്കുമ്പോൾ നാം സങ്കല്പിക്കുക അതിൽ നിറയുന്നത് മാതാപിതാക്കളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും ഉറ്റവരെക്കുറിച്ചുമെല്ലാമുള്ള വിരഹാർത്തമായ കുറിപ്പുകളായിരിക്കും എന്നാണ്. ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിൽ അതൊന്നും ഉണ്ടായിരുന്നില്ല. പരിപക്വതയാർജിച്ച ഒരു സാമൂഹ്യരാഷ്ട്രീയ നിരീക്ഷകൻ താൻ ജീവിച്ച കാലത്തെ ലോകത്തിന്റെയും രാജ്യത്തിന്റെയും അവസ്ഥകളെ ആസ്പദമാക്കി എഴുതപ്പെട്ട പുസ്തകങ്ങളെ കുറിച്ചുള്ള ഉദ്ധരണികളായിരുന്നു അവയിൽ. തന്റെ ഹൃദയത്തിൽ പതിഞ്ഞ കവിതകളും അദ്ദേഹം അതിൽ ധാരാളമായി പകർത്തിവച്ചു. മതത്തെക്കുറിച്ചുള്ള തന്റെ വിമർശനത്തിന്റെ അടിസ്ഥാനം എന്താണെന്നും ആ കുറിപ്പുകൾ ആരോടും പറഞ്ഞുകൊടുക്കും. ചൂഷണവും ഉച്ചനീചത്വങ്ങളുമില്ലാത്ത ഒരു സമൂഹത്തിന്റെ പിറവിയാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു. സാമൂഹികാപഗ്രഥനത്തിന് ഭഗത് സിങ് അടിസ്ഥാനമാക്കിയത് മാർക്സിസമായിരുന്നു എന്ന് ഡയറിക്കുറിപ്പുകൾ മാത്രമല്ല അദ്ദേഹത്തിന്റേതായ എല്ലാ രാഷ്ട്രീയരചനകളും വിളിച്ചുപറയുന്നുണ്ട്. കുടുംബബന്ധങ്ങളിൽ മുതലാളിത്തം തുന്നിച്ചേർത്ത സ്ത്രീവിരുദ്ധതയെപ്പറ്റി ഭഗത് സിങ്ങിന്റെ മനസ് രോഷംകൊണ്ടു. സോഷ്യലിസത്തിലാണ് ഇന്ത്യയുടെ ഭാവി ഭദ്രമാകുന്നത് എന്ന് ഒരു സൈദ്ധാന്തികന്റെ കണിശതയോടെ തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഭഗത് സിങ്ങിന്റെ ജീവിതം സ്വാതന്ത്ര്യത്തിന്റെയും സോഷ്യലിസത്തിന്റെയും ലക്ഷ്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രബോധമായിരുന്നു. ആ ഭഗത് സിങ്ങിനെയാണ് ഇന്ന് ചില കേന്ദ്രങ്ങൾ തട്ടിപ്പറിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. തന്റെ ജീവിതത്തിലും മരണത്തിലും ഭഗത് സിങ് വെറുത്ത ചൂഷകവർഗവാഴ്ചയുടെയും മതാധിപത്യാന്ധതയുടെയും ശക്തികളാണവർ. അവരാണ് ആർഎസ്എസിന്റെ പാഠശാലയിൽ നിന്നും രാഷ്ട്രീയം പഠിച്ച സംഘ്പരിവാർ. രാവണനെക്കാൾ കൂടുതൽ തലകളും മുഖങ്ങളുമുണ്ട് സംഘ്പരിവാറിന്. അതിലൊന്ന് മാത്രമാണ് ബിജെപി. രാഷ്ട്രീയാധികാരം ലാക്കാക്കി ഫാസിസ്റ്റ് തന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊടുക്കപ്പെട്ട പാർട്ടിയാണത്. അവരുടെ ഭരണത്തിൻകീഴിൽ ചരിത്രവും ചരിത്രപുരുഷന്മാരും സത്യത്തിൽ നിന്ന് വലിച്ചുമാറ്റപ്പെടും. തങ്ങളുടെ നീചമായ രാഷ്ട്രീയ മോഹങ്ങൾക്ക് ഇണങ്ങുംവിധം അവർ എല്ലാത്തിനെയും കീഴ്മേൽ മറിക്കും. അങ്ങനെയാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം ഗോഡ്സെയെക്കാൾ താഴെയാകുന്നത്. അങ്ങനെയാണ് അവർ ഗോഡ്സെയ്ക്കുവേണ്ടി ക്ഷേത്രം പണിയുന്നത്. അതുകൊണ്ടാണ് ആ അഭിനവ ദേശസ്നേഹികൾ’ ഗോഡ്സെ തൂക്കിലേറ്റപ്പെട്ട ദിവസം ‘ശൗര്യദിന’മായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. വിചാരണ കോടതിയിൽ ഗോഡ്സെ പറഞ്ഞതെല്ലാം അവർ മനഃപൂർവം മറന്നുപോകുന്നു. ഷിംലയിലെ അന്നത്തെ പഞ്ചാബ് ഹൈക്കോടതിയിൽ 1949 നവംബർ എട്ടാം തീയതിയിൽ ഗോഡ്സെയെ വധശിക്ഷയ്ക്കു വിധിക്കുകയും നവംബർ 15ന് അംബാല ജയിലിൽ സഹപ്രതി നാരായൺ ആപ്തെയോടൊപ്പം തൂക്കിക്കൊല്ലുകയും ചെയ്തു. വിചാരണ വേളയിൽ, പ്രതിക്കൂട്ടിൽ നിന്നുകൊണ്ട് ഗോഡ്സെ പറഞ്ഞത് ഇങ്ങനെയാണ് “എനിക്ക് മഹാത്മാഗാന്ധിയോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹം മഹാനായ ഒരു മനുഷ്യനായിരുന്നു എന്നെനിക്കറിയാം. പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഇന്ത്യയിലെ ഹിന്ദുവിന്റെ ആത്മാഭിമാനത്തിനു മുറിവേൽക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ടാണ് ഞാൻ ആ നെഞ്ചിന് നേരെ നിറയൊഴിച്ചത്. അതിന്റെ പൂർണ ഉത്തരവാദിത്തവും എനിക്കാണ്.” ആയിരം നാവുള്ള അനന്തനെപ്പോലെ ഇപ്പോൾ അവരിൽ ചിലർ പറയും ഗോഡ്സെയ്ക്ക് ആർ എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന്. അത്തരം അനന്തന്മാർ നാഥുറാം വിനായക് ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ പറഞ്ഞത് കേൾക്കണം — “തങ്ങൾ, ഗോഡ്സെ സഹോദരന്മാർ സ്വന്തം വീട്ടുമുറ്റത്ത് ചെലവഴിച്ചതിനെക്കാൾ ഏറെ സമയം ചെലവഴിച്ചത് ആർഎസ്എസിന്റെ മുറ്റത്താണ്” എന്നാണത്. ആ മുറ്റത്തുനിന്ന് ലോകത്തെ പഠിക്കുന്നവർക്ക് നാഥുറാമാകാൻ വലിയ ദൂരം താണ്ടേണ്ടിവരുന്നില്ല. അത്തരക്കാർക്ക് “ഈശ്വർ അള്ളാ തേരെ നാം” എന്ന് ദൈവത്തെ നോക്കി പാടുന്ന മഹാത്മാഗാന്ധിയോട് പൊറുക്കാൻ പറ്റില്ല. അവരുടെയെല്ലാം ആദ്യഗുരുവാണ് വി ഡി സവർക്കർ. അവർ അദ്ദേഹത്തെ വീർ സവർക്കർ എന്ന് വിളിച്ചു. അദ്ദേഹം സ്വാതന്ത്ര്യസമരകാലത്ത് ആന്തമാൻ ജയിലിൽ കിടന്നു എന്നവർ വീമ്പിളക്കുന്നു. ഫാസിസത്തിന്റെ കൂട്ടുകാർ ഒരു കഥയും ഒരിക്കലും നേരായി പറയുകയില്ല. അവർക്ക് വേണ്ടത് മാത്രമേ അവർ പറയൂ. ആന്തമാൻ ജയിലിൽ കിടന്ന സവർക്കർ ആർക്കെല്ലാം കത്തുകൾ എഴുതിയെന്നും എന്തെല്ലാം എഴുതിയെന്നുമുള്ള കാര്യം അവർ പറയില്ല. (അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.