8 January 2026, Thursday

ഇ–മാലിന്യശേഖരണത്തിന് 
മികച്ച തുടക്കം; വിറ്റ് ഒഴിവാക്കിയത് 17.7 ടൺ

സ്വന്തം ലേഖിക
ആലപ്പുഴ
August 17, 2025 11:34 am

കാലങ്ങളായി വീടുകളിൽ കിടന്ന ഇ–മാലിന്യം ഒഴിവായതിനൊപ്പം പണവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഹരിതകർമസേന തുടക്കം കുറിച്ച ഇ-–മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണമാണ്. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ജില്ലയിൽ നഗരസഭകളിൽ ശേഖരിച്ചത് 17.7 ടൺ ഇ മാലിന്യം. അഞ്ചു നഗരഭകളിൽ പ്രവർത്തനം പൂർത്തിയായപ്പോഴുള്ള കണക്കാണിത്.
ചെങ്ങന്നൂരിൽ മാത്രമാണ് അവശേഷിക്കുന്നത്. ഇതുകൂടി കഴിഞ്ഞാലേ കണക്ക് പൂർണമാകൂ. അപകടകരമല്ലാത്ത ഇലക്ട്രോണിക്-, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനമാണ് ശേഖരിക്കുന്നത്. കിലോയ്ക്കാണ് വില. സെപ്തംബറിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആലപ്പുഴ‑2742.8 കിലോ, ചേർത്തല-2391.7, ഹരിപ്പാട്-1335, മാവേലിക്കര-5853.85, കായംകുളം-3794.88 എന്നിങ്ങനെയാണ് മറ്റ് നഗരഭകളിൽനിന്ന് ലഭിച്ച മാലിന്യത്തിന്റെ കണക്ക്. ആപൽക്കരമായ മാലിന്യങ്ങളുടെ ശേഖരണത്തിലൂടെ 345.15 കിലോയും ലഭിച്ചു. എൽഇഡി ബൾബുകൾ, ട്യൂബ്ലൈറ്റുകൾ, സിഎഫ്എൽ തുടങ്ങിയവയാണിത്. 

ടെലിവിഷൻ, തേപ്പുപെട്ടി, ഇൻഡക്ഷൻ കുക്കർ, കമ്പ്യൂട്ടര്‍ മോണിറ്റർ, സിപിയു തുടങ്ങിയവയാണ് ശേഖരിച്ചവയിൽ കൂടുതലുള്ളത്. ഇത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകളായിട്ടില്ല. 20 ന് ചെങ്ങന്നൂരിൽനിന്നുള്ള ശേഖരണംകൂടി കഴിഞ്ഞാൽ നഗരസഭാതലത്തിലെ ആദ്യഘട്ടശേഖരണം ജില്ലയിൽ പൂർത്തിയാകും. ജൂലായ് അവസാനത്തോടെയാണ് ശേഖരണം തുടങ്ങിയത്. നിലവിൽ ശേഖരിച്ചിരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ ചേർത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഴുവൻ പൂർത്തിയായശേഷം ഹരിതകർമസേനയ്ക്ക് നൽകുന്ന തുക സംബന്ധിച്ചുള്ള ഫയലുകൾ ക്ലീൻ കേരള കമ്പനിയുടെ ജില്ലാ ഓഫീസിൽനിന്ന് ആസ്ഥാനത്തേക്ക് കൈമാറും. അവിടെനിന്ന് അതത് നഗരസഭകളിലേക്കു ഫണ്ട് നൽകും. നഗരസഭ ഇത് ഹരിതകർമസേനയ്ക്ക് കൈമാറും. ആപൽക്കരമായി ഇ മാലിന്യത്തിന് പണം നൽകില്ല. ഇത് സംസ്കരിക്കുന്നതിന് ചെലവാകുന്ന തുക നഗരസഭകൾ ക്ലീൻ കേരള കമ്പനിക്ക് നൽകുകയും വേണം. 43 തരം ഇ മാലിന്യമാണ് ശേഖരിച്ചത്. അല്ലാത്തവ പല വക വിഭാഗത്തിലും ശേഖരിച്ചു. ഓരോന്നിനും കിലോയ്ക്ക് നിശ്ചിത തുകയുമുണ്ട്. ഇതിൽ രണ്ടുമുതൽ അഞ്ച് രൂപ വരെ കൂടുതൽ ക്ലീൻ കേരള കമ്പനി ഹരിതകർമസേനയ്ക്ക് നൽകും. ടിവി, റാഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടിവി, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോർഡ്, സ്പീക്കർ, ഹെഡ്ഫോൺ, സ്വിച്ച് ബോർഡ്, എമർജൻസി ലാമ്പ് എന്നിവയാണ് ശേഖരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.