
മേളങ്ങളുടെയും താളങ്ങളുടെയും ആരവത്തിൽ തൃശ്ശൂർ നഗരം ലയിച്ചുചേരുമ്പോൾ, കടലിനക്കരെ കുവൈറ്റിലെ സ്റ്റോർ മുറിയിൽ ഒരച്ഛൻ തന്റെ ജോലി തിരക്കുകൾക്കിടയിലും മനസ്സ് കലോത്സവ വേദിയിയിലായിരുന്നു. കലോത്സവ വേദിയിൽ അഷ്ടപദി മനോഹരമായി അവതരിപ്പിക്കുകയായിരുന്ന മകൾക്ക് ‘എ’ ഗ്രേഡ് ലഭിച്ചുവെന്ന വാർത്ത നാട്ടിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ, പ്രവാസത്തിന്റെ ഏകാന്തതയുടെ ഭാരത്തിനിടയിലും അദ്ദേഹത്തിന്റെ ഹൃദയം അഭിമാനം കൊണ്ട് വിങ്ങി.
വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന ദേവിക സുരേഷ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (വേദി-13 ‚പനിനീർ പൂ) എ ഗ്രേഡ് നേടി.അച്ഛൻ സുരേഷ്‌കുമാർ കുവൈറ്റിലെ ഗ്ലോബൽ കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്യുന്നു.
മകളുടെ കലാരംഗത്തെ വളർച്ചയ്ക്കായി മറുനാട്ടിൽ വിയർപ്പൊഴുക്കുന്ന ഈ അച്ഛന്, ഈ വിജയം കേവലം ഒരു ഗ്രേഡല്ല, തന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണ്. മക്കളുടെ അരങ്ങേറ്റത്തിന് കൂട്ടിരിക്കാനോ, വിജയിച്ചു വരുമ്പോൾ ചേർത്തുപിടിക്കാനോ കഴിയാത്ത ഒട്ടനവധി പ്രവാസി രക്ഷിതാക്കളിൽ ഒരാൾ മാത്രമാണ് സുരേഷ്‌കുമാർ.
വാർത്തയറിഞ്ഞു നനഞ്ഞ കണ്ണുകളോടെ സഹപ്രവർത്തകരോടൊപ്പം സന്തോഷം പങ്കിടുമ്പോൾ ‚ഫോൺ സ്ക്രീനിലൂടെ മകളുടെ വിജയച്ചിരി കണ്ട് , ആ അച്ഛന്റെ മനസ്സിൽ പ്രവാസത്തിന്റെ കഷ്ടപ്പാടുകളെല്ലാം മാഞ്ഞുപോയി. ദൂരങ്ങൾക്കിപ്പുറം മകൾ വേദിയിൽ ഓരോ പദവും ഈണത്തിൽ അവതരിപ്പിക്കുമ്പോൾ , മണലാരണ്യത്തിലെ ജോലിത്തിരക്കിനിടയിലും ആ താളത്തിനൊത്ത് ശ്വാസമടക്കിപ്പിടിച്ചിരുന്ന ഈ അച്ഛൻ, ഓരോ പ്രവാസി കുടുംബത്തിന്റെയും പ്രതീകമാണ്. ദേവികയുടെ ഈ ‘എ’ ഗ്രേഡിന് അവളുടെ അച്ഛന്റെ ത്യാഗത്തിന്റെ കൂടി തിളക്കമുണ്ട്. ഈ കലോത്സവ കാലം ഇത്തരം എത്രയോ പ്രവാസി കുടുംബങ്ങളുടെ കണ്ണീരും പുഞ്ചിരിയും കലർന്ന കഥകളാണ് നമുക്ക് പറഞ്ഞുതരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.